കോവിഡുകാലത്തെ തിരഞ്ഞെടുപ്പു ഡ്യൂട്ടി ഒഴിവാക്കാന്‍ പഠിച്ച അടവുകള്‍ പലതും പയറ്റുകയാണ് ജീവനക്കാര്‍. മുന്‍ വര്‍ഷങ്ങളിലെപ്പോലെ ഇക്കുറി 'ഒഴിവാകല്‍' അത്ര നിസ്സാരമല്ല. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പറയാന്‍ കാരണങ്ങള്‍ ഏറെയുണ്ട്. 'വീട്ടില്‍ കുട്ടികളെനോക്കാന്‍ ആളില്ല, ഭര്‍ത്താവിന്റെ അമ്മയ്‌ക്കോ അച്ഛനോ സുഖമില്ല, ഭാര്യയുടെ അമ്മയോ അച്ഛനോ ചികിത്സയിലാണ്, പനി, മുട്ടിനുവേദനമൂലം അധികനേരം നില്‍ക്കാന്‍ കഴിയില്ല' തുടങ്ങിയ കാരണങ്ങള്‍ നിരവധിയാണു തിരഞ്ഞെടുപ്പുകാലത്ത് ഉദ്യോഗസ്ഥര്‍ക്കുമുന്‍പില്‍ എത്തുന്നത്. ചിലര്‍ പറയുന്നത് അയല്‍പക്കക്കാരനു കോവിഡാണെന്നാണ്. എന്നാല്‍ ഇ-ഡ്രോപ്പ് മുഖേന വിവരങ്ങള്‍ ശേഖരിക്കുന്നതിനാല്‍ 'ഒഴിവാകല്‍' അത്ര എളുപ്പമാകില്ല. പൂര്‍ണമായും ഡിജിറ്റലായി ചെയ്യുന്നതിനാല്‍ ഡ്യൂട്ടിയില്‍നിന്ന് പിന്മാറാന്‍ പ്രയാസമാണ്.

ഇ ഡ്രോപ്പ്?

പോളിങ് ഉദ്യോഗസ്ഥരെ നിയമിക്കുന്ന പ്രവര്‍ത്തനം സുഗമവും കാര്യക്ഷമവുമാക്കുന്നതാണ് ഇ-ഡ്രോപ്പ് (ഇലക്ട്രോണിക്കലി ഡിപ്ലോയിങ് റാന്‍ഡംലി ഓഫീസേഴ്സ് ഫോര്‍ പോളിങ്) സോഫ്റ്റ്‌വേര്‍. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ വികസിപ്പിച്ചതാണിത്. സംസ്ഥാനസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍, സംസ്ഥാന കോര്‍പ്പറേഷന്‍, പൊതുമേഖല സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍ തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, സര്‍വകലാശാലകള്‍, പി.എസ്.സി. ജീവനക്കാര്‍, എയ്ഡഡ് കോളേജ് ജീവനക്കാര്‍, ഗവ. നിയന്ത്രിത സെല്‍ഫ് ഫിനാന്‍സിങ് സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെയാണ് ഇലക്ഷന്‍ ഡ്യൂട്ടിക്കായി നിയോഗിക്കുന്നത്.

ഉദ്യോഗസ്ഥര്‍ ആരൊക്കെ?

പോളിങ് സ്റ്റേഷനുകളില്‍ നിയമിക്കുന്ന ഉദ്യോഗസ്ഥരില്‍ ഒരാള്‍ കേരളസര്‍ക്കാരിന്റെ ഏതെങ്കിലും വകുപ്പുകളില്‍ ജോലിചെയ്യുന്ന ആളായിരിക്കണം. വനിതാ ഉദ്യോഗസ്ഥരെ നിയമിക്കുന്ന പോളിങ് സ്റ്റേഷനുകളില്‍ കുറഞ്ഞതു രണ്ടുസ്ത്രീകളെങ്കിലും ഉണ്ടാവണം. പ്രിസൈഡിങ് ഓഫീസര്‍ ചുമതലയുള്ളത് സ്ത്രീകള്‍ക്കാണെങ്കില്‍ ഫസ്റ്റ് പോളിങ് ഓഫീസര്‍ പുരുഷനായിരിക്കണം. ഡ്യൂട്ടിക്കായി തിരഞ്ഞെടുക്കുന്ന എല്ലാ ഗസറ്റഡ് ഉദ്യോഗസ്ഥരെയും പ്രിസൈഡിങ് ഓഫീസര്‍മാരായിത്തന്നെ നിയമിക്കണം.

ഒരുബൂത്തില്‍ അഞ്ചുപേര്‍

ഒരുബൂത്തില്‍ അഞ്ച് ഓഫീസര്‍മാരെയാകും നിയമിക്കുക. പ്രിസൈഡിങ് ഓഫീസര്‍ (ഒന്ന്), ഫസ്റ്റ് പോളിങ് ഓഫീസര്‍ (ഒന്ന്), പോളിങ് ഓഫീസര്‍മാര്‍ (രണ്ട്), പോളിങ് അസിസ്റ്റന്റ് (ഒന്ന്) എന്നിങ്ങനെയാകും പ്രവര്‍ത്തനം. തിരഞ്ഞെടുക്കുന്നവരില്‍ 20 ശതമാനംപേര്‍ റിസര്‍വായി നില്‍ക്കും. ഏതെങ്കിലും സാഹചര്യത്തില്‍ കോവിഡ് പിടിപെടുകയോ മറ്റുപ്രശ്‌നങ്ങള്‍മൂലം എത്താന്‍ കഴിയാതെയോവരുകയാണെങ്കില്‍ പകരം പ്രവര്‍ത്തിക്കുന്നതിനാണിത്.

ഇവര്‍ക്ക് ഡ്യൂട്ടിയില്‍നിന്ന് ഒഴിവാകാം

അര്‍ബുദബാധിതര്‍, ഗര്‍ഭിണികള്‍, രണ്ടുവയസുവരെയുള്ള കുട്ടികളുടെ അമ്മമാര്‍, കോവിഡ് ഒഴികെയുള്ള പകര്‍ച്ചവ്യാധികള്‍, ഭിന്നശേഷിക്കാര്‍, ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കള്‍, ഈ സാമ്പത്തികവര്‍ഷം വിരമിക്കുന്നവര്‍, പുരോഹിതരും കന്യാസ്ത്രീകളും, തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും മുന്‍ അംഗങ്ങളും, നിലവില്‍ സ്ഥാനാര്‍ഥികളായി മത്സരിക്കുന്നവര്‍ തുടങ്ങിയ മാനദണ്ഡങ്ങളാണ് ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കാന്‍വേണ്ടുന്നത്. ഭാര്യക്കും ഭര്‍ത്താവിനും ഡ്യൂട്ടിയുണ്ടെങ്കില്‍ അതിന്റെ രേഖ ഹാജരാക്കിയാല്‍ ഒരാള്‍ക്ക് ഡ്യൂട്ടി ഒഴിവാക്കിനല്‍കും.

കോവിഡ്ബാധിതരായവര്‍ ഉള്‍പ്പെടെയുള്ളവരുടെ വിവരങ്ങള്‍ ഇ-ഡ്രോപ്പില്‍ രേഖപ്പെടുത്തുമെങ്കിലും ഇലക്ഷന്‍ ഡ്യൂട്ടിക്കായുള്ള നിയമന ഉത്തരവ് ലഭിച്ചുകഴിഞ്ഞാല്‍ കോവിഡ് ചികിത്സയില്‍ ഉള്ളവരെ ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കും.

പരിശീലനം രണ്ടുഘട്ടം

നിയമനമെവിടെയെന്നും അതിനുള്ള പരിശീലനത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍ ആദ്യഘട്ട ക്രമപ്പെടുത്തലിനുശേഷം ഉത്തരവായിനല്‍കും. ആവശ്യമായമാറ്റം വരുത്തേണ്ടവര്‍ക്ക് റീ പോസ്റ്റിങ് നല്‍കും. ആദ്യഘട്ട പരിശീലന ക്ലാസുകളില്‍ ഹാജരാകാന്‍ കഴിയാത്തവര്‍ക്കും പുനര്‍നിയമന ഉത്തരവു ലഭിച്ചവര്‍ക്കും അന്തിമഘട്ടത്തില്‍ പരിശീലനം നല്‍കും. രണ്ടാംഘട്ട ക്രമപ്പെടുത്തല്‍ പോളിങ് ദിവസത്തിന്റെ രണ്ടുദിവസംമുന്‍പ് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ നടത്തും. അതിലൂടെ പോളിങ് സ്റ്റേഷന്റെ വിശദാംശങ്ങള്‍ നല്‍കും.

റഫറിയാകാനില്ല; സ്ഥാനാര്‍ഥിയാകാം

തിരഞ്ഞെടുപ്പു ഡ്യൂട്ടിയില്‍നിന്നൊഴിവാകാന്‍ സൂത്രപ്പണി കണ്ടവരുണ്ട്. സ്ഥാനാര്‍ഥിയാവുക. സര്‍ക്കാരില്‍നിന്ന് നേരിട്ടു ശമ്പളംപറ്റുന്നവര്‍ക്ക് മത്സരിക്കാന്‍ കഴിയില്ല. എന്നാല്‍, എയ്ഡഡ് കോളേജ്/ സ്‌കൂള്‍ ജീവനക്കാര്‍ക്കു പറ്റും. സ്ഥാനാര്‍ഥിപ്പട്ടികയില്‍ പേരുള്‍പ്പെട്ടുകഴിഞ്ഞാല്‍പ്പിന്നെ തിരഞ്ഞെടുപ്പു ഡ്യൂട്ടിയെപ്പറ്റി ആശങ്കവേണ്ട. അങ്കത്തട്ടിലിറങ്ങുകയൊന്നുമല്ല ഇക്കൂട്ടരുടെ ഉദ്ദേശ്യം. ഡ്യൂട്ടിയില്‍നിന്ന് ഒഴിവായി വീട്ടിലിരിക്കാമല്ലോ എന്നതുമാത്രം. വെറുതെയൊരു പത്രിക നല്‍കുന്ന ചെലവു മാത്രം.

Content Highlights: Election duty in covid time, Local Body Election Alappuzha 2020