ആലപ്പുഴ : നല്ല ചൂടുചായക്കപ്പുറം ഉശിരന്‍ രാഷ്ട്രീയവര്‍ത്തമാനങ്ങളുണ്ടിവിടെ. ചായ ആസ്വദിച്ചു തിരഞ്ഞെടുപ്പു വര്‍ത്തമാനങ്ങള്‍ കത്തിക്കയറും. ചൊവ്വാഴ്ച വൈകുന്നേരം 4.30-ഓടെയാണു ചേന്നംപള്ളിപ്പുറം പല്ലുവേലില്‍ഭാഗം യു.പി.സ്‌കൂളിനോടുചേര്‍ന്ന കെ. രമേശന്റെ ചായക്കടയില്‍ എത്തിയത്. ആവി പറക്കുന്ന ചൂടുണ്ട് ഇവിടത്തെ തിരഞ്ഞെടുപ്പു വര്‍ത്തമാനങ്ങള്‍ക്ക്.

ദോശയും ബീഫുമാണ് ഇവിടത്തെ സ്‌പെഷ്യല്‍. മിക്കവാറും എല്ലാ ചെറുകടികളുമുണ്ട്. ഓംലറ്റും പ്രധാന ഇനം. വൈകുന്നേരത്തോടെ ഇവയൊക്കെ ആവശ്യപ്പെട്ടു കൂടുതല്‍ ആളുകള്‍ എത്തിത്തുടങ്ങും. 'സി.പി.എം. ഇക്കുറിയും നേട്ടം കൈവരിക്കും'- ബി. സോമനാഥന്‍ കാര്യങ്ങള്‍ വിശദീകരിക്കുകയാണ്.

കടയില്‍ പലഹാരം വാങ്ങാനെത്തിയതാണദ്ദേഹം. സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണു വിശദീകരണം. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു ജനങ്ങള്‍ക്കിടയില്‍ മികച്ച അഭിപ്രായമാണുള്ളത്. ഇതു ഗുണകരമായി ഭവിക്കും. അദ്ദേഹം പറയുന്നു.

എന്നാല്‍, താഴെത്തട്ടിലേക്കിറങ്ങി യുവാക്കളുടെ ഒരു നിരതന്നെ നടത്തുന്ന പ്രവര്‍ത്തനം ബി.ജെ.പി.യുടെ വോട്ടായി മാറുമെന്നു കടയില്‍ ചായകുടിച്ചുകൊണ്ടിരുന്ന സി.ആര്‍. സൂരജ് എതിര്‍വാദം നിരത്തി. സുഹൃത്തുക്കളായ അനൂപും അനിലും ഇതു ശരിവയ്ക്കുന്നു. പുതുമുഖങ്ങളുടെ ഒരു വലിയ നിരയെ തന്നെയാണ് ബി.ജെ.പി. അവതരിപ്പിക്കുന്നത്. ഇതു ഗുണമാകും. ജനങ്ങള്‍ അഴിമതിക്കെതിരായി വോട്ടു ചെയ്യും- അവര്‍ വാദിക്കുന്നു.

ഇക്കുറി മത്സരം കടുക്കുമെന്ന വാദത്തെ, ഇടയ്ക്ക് ആഹാരവുമായെത്തിയ കെ. രമേശന്‍ ശരിവെക്കുകയാണ്. സമീപനാളുകളില്‍ അവിടെയുണ്ടായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണിത്. അവിടെ ഫുഡ് പാര്‍ക്കിനുവേണ്ടിയുള്ള പൈപ്പ് ഇടലിനെതിരേ ജനരോഷം മാനിക്കാതെയുള്ള നടപടികളാണുണ്ടായത്.

ഇതിനെതിരേയുള്ള പ്രതിഫലനം തിരഞ്ഞെടുപ്പിലുണ്ടാകുമെന്നും അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളോടു യോജിക്കുകയാണു ഭാര്യ വിജയമ്മയും. കഴിഞ്ഞയിടെ അവിടെയുണ്ടായ പ്രശ്‌നങ്ങളാണ് ഇരുവരും ഉന്നയിക്കുന്നത്.

Content Highlights: Election Discussion,  Local Body Election Alappuzha 2020