കുട്ടനാട്: എതിര്‍ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയതോടെ കൈനകരി പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ സി.പി.എം. വിജയത്തിലേക്ക്. കോണ്‍ഗ്രസ്, ബി.ജെ.പി., കൈനകരി വികസന സമിതി സ്ഥാനാര്‍ഥികളുടെ പത്രികയാണ് തള്ളിയത്. കെ.എ. പ്രമോദാണ് സി.പി.എം. സ്ഥാനാര്‍ഥി. പ്രമോദിനൊപ്പം സി.പി.എമ്മിന്റെ ഡമ്മി സ്ഥാനാര്‍ഥിയുടെ പത്രിക മാത്രമാണ് അംഗീകരിച്ചിട്ടുള്ളത്. ഇത് പിന്‍വലിക്കുന്നതോടെ പ്രമോദ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും.

കോണ്‍ഗ്രസിനായി ആറാം വാര്‍ഡില്‍ നിന്നുള്ള ഷിബു ഔസേപ്പും എന്‍.ഡി.എ.യ്ക്കായി മൂന്നാം വാര്‍ഡില്‍ നിന്നുള്ള അജേഷും കൈനകരി വികസന സമിതിക്കായി ഇതേ വാര്‍ഡിലെ ബി.കെ. വിനോദുമാണ് മത്സരരംഗത്തുണ്ടായിരുന്നത്. പത്രിക പിന്തള്ളപ്പെട്ട മൂന്നുപേരും മറ്റു വാര്‍ഡുകളില്‍നിന്നുള്ള സ്ഥാനാര്‍ഥികളായിരുന്നതിനാല്‍ അപേക്ഷയോടൊപ്പം വോട്ടര്‍ പട്ടികയുടെ പകര്‍പ്പും സമര്‍പ്പിക്കണമായിരുന്നു. എന്നാല്‍, ഇവര്‍ നല്‍കിയ പകര്‍പ്പില്‍ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയിട്ടില്ലായിരുന്നു. പകരം സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പാണ് നല്‍കിയത്. ഇതു പത്രിക തള്ളാന്‍ കാരണമായി.

കൈനകരി വികസനസമിതി വര്‍ക്കിങ് ചെയര്‍മാനായ ബി.കെ. വിനോദിനൊപ്പം ഒന്നാം വാര്‍ഡിലേക്ക് വികസനസമിതി സ്ഥാനാര്‍ഥിയായി നാമനിര്‍ദേശപത്രിക നല്‍കിയ ഭാര്യ ധന്യയുടെ പത്രികയും തള്ളിപ്പോയി. 2015-ല്‍ കോണ്‍ഗ്രസും വികസനസമിതിയും തമ്മില്‍ ധാരണയിലാണ് മത്സരിച്ചിരുന്നത്. ഇത്തവണയും ബി.കെ. വിനോദിന്റെ പത്രിക അംഗീകരിക്കുന്ന മുറയ്ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പട്ടിക പിന്‍വലിക്കാനായിരുന്നു തീരുമാനം. 

കൈനകരി പഞ്ചായത്ത് രണ്ട്, മൂന്ന് വാര്‍ഡുകളാണ് കോണ്‍ഗ്രസ്, വികസന സമിതിയുമായി ധാരണയുണ്ടാക്കിയിരുന്നത്. ഇതിന് വിരുദ്ധമായി കഴിഞ്ഞദിവസം ആദ്യത്തെ നാലു വാര്‍ഡുകളിലും വികസന സമിതി നാമനിര്‍ദേശപത്രിക നല്‍കിയിരുന്നു. ഇതു കോണ്‍ഗ്രസിനുള്ളിലും ചര്‍ച്ചയായിരുന്നു. എന്‍.ഡി.എ.യുടെ രണ്ട്, നാല് വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളുടെ പത്രികയും തള്ളിപ്പോയിട്ടുണ്ട്. നാലാം വാര്‍ഡില്‍ ഡമ്മി സ്ഥാനാര്‍ഥിയുണ്ട്.

മൈനര്‍ ഇറിഗേഷന്‍ അസി. എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ സോജിമോള്‍ ആയിരുന്നു റിട്ടേണിങ് ഓഫീസര്‍. എന്നാല്‍, അപേക്ഷ നല്‍കിയപ്പോള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് നല്‍കിയാല്‍ മതിയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നതായി ബി.ജെ.പി. നേതാക്കള്‍ പ്രതികരിച്ചു. ഇതിനുപുറമേ സൂക്ഷ്മ പരിശോധന സമയത്ത് റിട്ടേണിങ് ഓഫീസര്‍ സമയം അനുവദിച്ചില്ലെന്നും സംഭവത്തില്‍ കോടതിയെ സമീപിക്കാനുമാണ് ബി.ജെ.പി.യുടെ തീരുമാനം.

കൈനകരി രണ്ടാം വാര്‍ഡായ ചെറുകാലികായലില്‍ 2015-ലും സി.പി.എമ്മാണ് വിജയിച്ചിരുന്നത്. സി.പി.എം. കൈനകരി വടക്ക് ലോക്കല്‍ കമ്മിറ്റിയംഗമായ പ്രമോദ്, ബോട്ട് ക്ലബ്ബായ യു.ബി.സി. കൈനകരിയുടെ രക്ഷാധികാരിയുമാണ്.

Content Highlights: CPM candidate elected in Kainakary panchayat second ward without opponent