ചേര്‍ത്തല: ഭക്ഷ്യമന്ത്രി പി. തിലോത്തമന്റെ തട്ടകമായ ചേര്‍ത്തല തെക്ക് ഗ്രാമപ്പഞ്ചായത്തില്‍ ഇടതുമുന്നണിയിലെ തര്‍ക്കം പൊട്ടിത്തെറിയിലേക്ക്. തര്‍ക്കത്തെത്തുടര്‍ന്ന് 20-ാം വാര്‍ഡില്‍ ഇരുപാര്‍ട്ടികളും സ്വന്തം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ നേരിട്ടുള്ള മത്സരത്തിന് കളമൊരുങ്ങിയിരിക്കുകയാണ്.

മുന്‍കാലങ്ങളിലുണ്ടാക്കിയ കരാറിനെച്ചൊല്ലിയാണ് ഇരുവിഭാഗങ്ങളും കൊമ്പുകോര്‍ത്തിരിക്കുന്നത്. തര്‍ക്കത്തെത്തുടര്‍ന്ന് ശനിയാഴ്ച വിളിച്ചുചേര്‍ത്ത എല്‍.ഡി.എഫ്. യോഗം സി.പി.ഐ. ബഹിഷ്‌കരിച്ചു. 22 അംഗ പഞ്ചായത്തില്‍ നിലവില്‍ 15 സീറ്റില്‍ സി.പി.എമ്മും ഏഴിടത്തു സി.പി.ഐ.യും മത്സരിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, എട്ടിടത്ത് മത്സരിക്കാന്‍ മുന്‍പ് ധാരണയുണ്ടെന്നാണ് സി.പി.ഐ. നേതാക്കളുടെ വാദം. 20-ാം വാര്‍ഡിനെ ചൊല്ലിയാണ് തര്‍ക്കം.

2010-ല്‍ ജില്ലാസെക്രട്ടിറിമാര്‍ ചേര്‍ന്നുണ്ടാക്കിയ കരാറിന്റെ പേരിലാണ് തര്‍ക്കം. 2010-ലും തുടര്‍ന്ന് 2015-ലും ഉണ്ടാക്കിയ കരാര്‍പ്രകാരം 20-ാംവാര്‍ഡ് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് സി.പി.ഐ. വാദം. കരാര്‍രേഖകളില്‍ കൃത്രിമംനടന്നതായ വിമര്‍ശനവും ഇവര്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍, കരാര്‍പ്രകാരം 2010-ല്‍ സി.പി.ഐ.യും തുടര്‍വര്‍ഷങ്ങളില്‍ സി.പി.എമ്മും മത്സരിക്കുമെന്നാണെന്ന് സി.പി.എം നേതാക്കള്‍ പറയുന്നു.

നിലവില്‍ പഞ്ചായത്തില്‍ സീറ്റുവര്‍ധനയുണ്ടാകാത്ത സാഹചര്യത്തില്‍ മാറ്റത്തിന് സാധ്യതയില്ലെന്നാണ് സി.പി.എം. വാദം. 2010-ല്‍ ഇത്തരത്തില്‍ തര്‍ക്കമുണ്ടായതോടെയാണ് ജില്ലാ നേതൃത്വമിടപെട്ട് കരാറുണ്ടാക്കിയത്. തര്‍ക്കത്തെത്തുടര്‍ന്ന് പഞ്ചായത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിപട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇരു പാര്‍ട്ടികളും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ ഇവിടെ മത്സരം മുറുകിയിരിക്കുകയാണ്.

Content Highlights: Local Body Election, Alappuzha,  CPI CPM Dispute In Cherthala South Grama Panchayat