അമ്പലപ്പുഴ: പുന്നപ്ര തെക്ക് ഗ്രാമപ്പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ കോണ്‍ഗ്രസിന്റെയും ലീഗിന്റെയും സ്ഥാനാര്‍ഥികള്‍ മത്സരരംഗത്ത്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അനില്‍ കല്ലൂപ്പറമ്പില്‍ കൈപ്പത്തി ചിഹ്നത്തില്‍ ജനവിധി തേടുമ്പോള്‍ യു.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാനും മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമായ നൗഷാദ് സുല്‍ത്താന ഏണി ചിഹ്നത്തിലാണ് മത്സരിക്കുന്നത്.

വാര്‍ഡിലെ സീറ്റ് തര്‍ക്കം ഒത്തുതീര്‍പ്പിലെത്താതെ വന്നപ്പോഴാണ് സൗഹൃദമത്സരത്തിന് കളമൊരുങ്ങിയത്. ഇരുവരും യു.ഡി.എഫ്. സ്ഥാനാര്‍ഥികളെന്ന പേരിലാണ് പോസ്റ്ററുകള്‍ ഇറക്കിയിരിക്കുന്നത്. സി.പി.ഐ.യിലെ എന്‍.കെ. ബിജുമോനാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി. വി. ബാബുരാജ് എന്‍.ഡി.എ. സ്ഥാനാര്‍ഥിയും.

മുഹമ്മ: പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ യു.ഡി.എഫില്‍നിന്ന് രണ്ടു പാര്‍ട്ടിക്കാര്‍ മത്സരരംഗത്ത്. കോണ്‍ഗ്രസും മുസ്ലിം ലീഗുമാണ് ഇവിടെ സൗഹൃദ മത്സരത്തിനിറങ്ങുന്നത്. യു.ഡി.എഫ്. മണ്ഡലം ചെയര്‍മാനും മുസ്‌ലിം ലീഗ് ചേര്‍ത്തല നിയോജക മണ്ഡലം പ്രസിഡന്റുമായ എ.എം. കബീറാണ് ലീഗ് സ്ഥാനാര്‍ഥി. മുന്‍വാര്‍ഡംഗം ടി.വി. ഷിജുവാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിന് മത്സരിക്കാന്‍ സീറ്റു നല്‍കാമെന്ന വാഗ്ദാനം ലംഘിച്ചതിനാലാണ് എ.എം. കബീര്‍ സ്ഥാനാര്‍ഥിയായി രംഗത്തെത്തിയത്. കോണ്‍ഗ്രസ് ധാരണ ലംഘിച്ചെന്നാണ് ലീഗിന്റെ ആരോപണം. അതേസമയം ലീഗ് മുന്നണി മര്യാദകള്‍ ലംഘിച്ചുവെന്നാരോപിച്ച് കോണ്‍ഗ്രസും രംഗത്തെത്തി. ലീഗ് ഉന്നയിക്കുന്നതുപോലെ ധാരണ ഉണ്ടായിട്ടില്ലെന്നും എട്ടാം വാര്‍ഡ് കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണെന്നും മണ്ഡലം പ്രസിഡന്റ് പൗലോസ് നെല്ലിയ്ക്കാപ്പള്ളി വ്യക്തമാക്കി.

എല്‍.ഡി.എഫില്‍ നിന്ന് കെ.എസ്. ദാമോദരനും ബി.ജെ.പിയില്‍നിന്ന് ഷാജഹാനുമാണ് ഇവിടെ മത്സരിക്കുന്നത്.

Content Highlights: Local Body Election Alappuzha 2020, Congress-League competition at Punnapra and Muhamma