ഹരിപ്പാട്: തിരഞ്ഞെടുപ്പുകാലത്ത് മൊബൈല്‍ഫോണില്‍നിന്നുള്ള സാധാരണ വിളി പൂര്‍ണമായും ഒഴിവാക്കി വാട്‌സാപ്പ് സന്ദേശവും അതുവഴിയുള്ള സംസാരവുമായാണു ഭൂരിപക്ഷം നേതാക്കളും പ്രചാരണം നടത്തുന്നത്. സീറ്റുചര്‍ച്ച, എതിര്‍പക്ഷത്തെ രഹസ്യങ്ങള്‍, സ്വന്തം പക്ഷത്തെ പാര, സീറ്റുകിട്ടാത്തതിനു പിണങ്ങിവരുന്നവരെ വരവേല്‍ക്കല്‍... ഇങ്ങനെ പ്രശ്‌നങ്ങള്‍ നിരവധിയാണ്. എല്ലാത്തിനും മൊബൈല്‍ഫോണ്‍തന്നെ വേണം.

പക്ഷേ, ആരെയും കണ്ണടച്ചു വിശ്വസിക്കാവുന്ന കാലമല്ല. ഫോണില്‍ പറയുന്നതു റെക്കോഡുചെയ്തുവെക്കാന്‍ ഒരു പാടുമില്ല. കൂടെനില്‍ക്കുന്നവര്‍ ഇടഞ്ഞുപോയാല്‍ പരമരഹസ്യമായി പറഞ്ഞതെല്ലാം സാമൂഹികമാധ്യമങ്ങളില്‍ പാറിക്കളിക്കും. ചിലപ്പോള്‍ ചാനലുകളിലുമെത്തും. അത്തരം സംഭാഷണശകലങ്ങളില്‍ ഒന്നുമതി വാര്‍ഡില്‍ തോറ്റു തുന്നംപാടാന്‍.

രാത്രി വൈകി പിരിയുന്നതുവരെ ഒപ്പംനില്‍ക്കുന്നവര്‍ നേരംപുലരുമ്പോള്‍ മറുകണ്ടം ചാടുന്നതാണ് ഇപ്പോഴത്തെ ഒരിത്. ഇതെല്ലാം മുന്‍കൂട്ടി കണ്ടാണ് ഒരുവിഭാഗം നേതാക്കള്‍ കലാപരിപാടികളെല്ലാം വാട്‌സാപ്പ് വഴിയാക്കിയിരിക്കുന്നത്. അതാകുമ്പോള്‍ സാധാരണഗതിയില്‍ സംസാരം റെക്കോഡുചെയ്യാന്‍ കഴിയില്ല. അല്ലെങ്കില്‍ അത്ര വിദഗ്ധനായിരിക്കണം. 

ഇനി സന്ദേശം അയച്ചാല്‍ അപ്പുറത്ത് പച്ച ടിക് കണ്ടുകഴിഞ്ഞാല്‍ അപ്പോള്‍ത്തന്നെ 'ഡിലിറ്റ് ഫോര്‍ എവരിവണ്‍' ഓപ്ഷന്‍ ഉപയോഗിച്ച് തൂത്തുകളയാനും കഴിയും. കാണേണ്ടവര്‍ കണ്ടെന്നുറപ്പാക്കുന്നതിനൊപ്പം മറ്റുള്ളവരെ കാട്ടുമെന്ന പേടിയും മാറിക്കിട്ടും. പക്ഷേ, സന്ദേശം വരുമ്പോള്‍ത്തന്നെ സ്‌ക്രീന്‍ ഷോട്ടെടുത്ത് വയ്ക്കുന്ന വിരുതന്മാരുമുണ്ട്.

പാര്‍ട്ടിരഹസ്യം ചോര്‍ത്തുന്നവരെ കണ്ടെത്താന്‍ നേതാക്കളുടെ മൊബൈല്‍ഫോണ്‍വിളിയുടെ പട്ടികയെടുക്കുന്ന പതിവ് പ്രമുഖ പാര്‍ട്ടികളിലുണ്ട്. ഇത്തരം റിസ്‌കുകൂടി ഒഴിവാക്കാനാണ് നേതാക്കന്മാര്‍ വാട്‌സാപ്പ് വിളിയെ ആശ്രയിക്കുന്നതത്രേ.

Content Highlights: Candidates rely on WhatsApp for communication during election time