ആലപ്പുഴ: കോവിഡുകാലത്ത് തിരഞ്ഞെടുപ്പുപ്രചാരണങ്ങള്‍ക്കു ജില്ലയില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി ആരോഗ്യവകുപ്പ്. ജാഗ്രതകുറഞ്ഞാല്‍ കൂടുതല്‍പേര്‍ക്കു രോഗംപിടിപെടാനും മരണനിരക്ക് കൂടാനുമിടയുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണിത്. പനിയും ചുമയുമുള്ളവര്‍ പ്രചാരണത്തിനിറങ്ങരുതെന്നാണ് പ്രധാനനിര്‍ദേശം.

ജില്ലയില്‍ 95 ശതമാനംപേര്‍ക്കും രോഗമുണ്ടായത് പൊതുസ്ഥലങ്ങളിലെ ഇടപെടലുകള്‍, ഗൃഹസന്ദര്‍ശനം, വിവിധ ചടങ്ങുകള്‍ എന്നിവയിലൂടെയാണ്. പൊതുഇടപെടലുകള്‍ കൂടുതലാകുന്ന തിരഞ്ഞെടുപ്പുസമയത്ത് കോവിഡിനെതിരേയുള്ള ജാഗ്രത ഒട്ടും കുറയരുതെന്നാണ് മുന്നറിയിപ്പ്.

പ്രചാരണത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ചുവടെ

  • ഭവനസന്ദര്‍ശനത്തിനു പരമാവധി അഞ്ചുപേര്‍ മാത്രമേ പാടുള്ളൂ.
  • വീടുകള്‍ക്കുള്ളില്‍ പ്രവേശിക്കാതെ രണ്ടുമീറ്റര്‍ അകലംപാലിച്ച് വോട്ടഭ്യര്‍ഥിക്കുക.
  • എല്ലാ അംഗങ്ങളും മൂക്കുംവായും മൂടുംവിധം ശരിയായരീതിയില്‍ മുഖാവരണം ധരിക്കുകയും പരസ്പരം അകലം പാലിക്കുകയും വേണം.
  • സംസാരിക്കുമ്പോള്‍ മുഖാവരണം താഴ്ത്തരുത്. കൈകള്‍ ഇടയ്ക്കിടെ സാനിറ്റൈസ് ചെയ്യണം.
  • ഹസ്തദാനം, അനുഗ്രഹംവാങ്ങല്‍, ദേഹത്ത് സ്പര്‍ശിക്കുക, കുട്ടികളെയെടുക്കുക എന്നിവ ഒഴിവാക്കണം.
  • വിതരണത്തിനുള്ള നോട്ടീസുകളും ലഘുലേഖകളും പരിമിതപ്പെടുത്തി സമൂഹമാധ്യമങ്ങളുടെ സാധ്യത ഉപയോഗപ്പെടുത്തുക.
  • വയോജനങ്ങള്‍, കുട്ടികള്‍ ഗുരുതരരോഗങ്ങള്‍ക്കു മരുന്നുകഴിക്കുന്നവര്‍, ഗര്‍ഭിണികള്‍ എന്നിവരോട് ഒരുകാരണവശാലും ഇടപഴകരുത്.
  • പനി, ചുമ തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളില്‍ ഏതെങ്കിലും ഉണ്ടെങ്കില്‍ പ്രചാരണത്തിനിറങ്ങരുത്.
  • പൊതുയോഗങ്ങളില്‍ എല്ലാവരും മുഖാവരണംധരിച്ച് രണ്ടുമീറ്റര്‍ അകലം പാലിക്കണം.

Content Highlights: Covid, Ban for those with fever and cough in Election Campaign