ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയില്‍ എല്‍.ഡി.എഫിന്റെ മുന്നേറ്റം. സമീപകാല ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പിനിറങ്ങിയ എല്‍.ഡി.എഫിന് തിളക്കമാര്‍ന്ന വിജയമാണ് ജില്ല സമ്മാനിച്ചത്. ജില്ലാപഞ്ചായത്തില്‍ വ്യക്തമായ മുന്‍തൂക്കം നേടിയ എല്‍.ഡി.എഫിന് നഗരസഭകളില്‍ നില മെച്ചപ്പെടുത്താനും സാധിച്ചു. ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും എല്‍.ഡി.എഫിന് വ്യക്തമായ ആധിപത്യമാണ് ലഭിച്ചിരിക്കുന്നത്.

ജില്ലയിലെ ആറ് മുന്‍സിപ്പാലിറ്റികളില്‍ മൂന്നിടത്ത് എല്‍.ഡി.എഫ് മുന്നിലെത്തിയപ്പോള്‍ രണ്ടിടത്താണ്. യു.ഡി.എഫിന് മുന്നിലെത്താന്‍ സാധിച്ചത്. മാവേലിക്കര നഗരസഭയില്‍ ആര്‍ക്കും വ്യക്തമായ മുന്‍തുക്കമില്ല. ആലപ്പുഴ, ചേര്‍ത്തല നഗരസഭകള്‍ പിടിച്ചെടുത്തപ്പോള്‍ കായംകുളം നഗരസഭയില്‍ ഭരണം നിലനിര്‍ത്താനും എല്‍.ഡി.എഫിന് സാധിച്ചു. എന്നാല്‍ കഴിഞ്ഞതവണ ഭരണം ലഭിച്ച മാവേലിക്കര എല്‍.ഡി.എഫിന് നഷ്ടപ്പെട്ടു. യു.ഡി.എഫിനാകട്ടെ ചെങ്ങന്നൂരില്‍ ഭരണം നിലനിര്‍ത്താന്‍ സാധിച്ചപ്പോള്‍ ഹരിപ്പാട് നഗരസഭയില്‍ മുന്നിലെത്താന്‍ സാധിച്ചു.

നിയമസഭാ-ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ ജില്ലയിലെ രാഷ്ട്രീയം മാറിമറിയാറുണ്ടെങ്കിലും ആലപ്പുഴ ജില്ലാ പഞ്ചായത്തില്‍ ആ മാറ്റം ഉണ്ടായിട്ടില്ല. ജില്ലാ കൗണ്‍സില്‍ രൂപവത്കരിച്ചതുമുതല്‍ ജില്ലാപഞ്ചായത്ത് എല്‍.ഡി.എഫിന്റെ കുത്തകയാണ്. ഇത്തവണയും ഇതിന് മാറ്റമില്ല. 23-ല്‍ 21 സീറ്റുകള്‍ പിടിച്ച് വന്‍ മുന്നേറ്റമാണ് എല്‍.ഡി.എഫ് നടത്തിയത്. 

ആലപ്പുഴ നഗരത്തിന്റെ ഭരണം പിടിച്ചെടുക്കാനായി എന്നതും എല്‍.ഡി.എഫിന് നേട്ടമാണ്. 52 ല്‍ 35 സീറ്റുകള്‍ നേടി വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് എല്‍.ഡി.എഫ് ഭരണം പിടിച്ചത്. യു.ഡി.എ 11 സീറ്റുകള്‍ നേടിയപ്പോള്‍ എന്‍.ഡി.എ മൂന്ന് സീറ്റുകളില്‍ വിജയിച്ചു. ചേര്‍ത്തലയാണ് എല്‍.ഡി.എഫ് ഭരണം പിടിച്ചെടുത്ത മറ്റൊരു നഗരസഭ. കായങ്കുളം നഗരസഭയില്‍ 22 സീറ്റുകള്‍ നേടി ഭരണം പിടിക്കാനും എല്‍.ഡി.എഫിനായി. ഇവിടെ 17 സീറ്റില്‍ യു.ഡി.എഫ് വിജയിച്ചപ്പോല്‍ മൂന്ന് സീറ്റില്‍ എന്‍.ഡി.എ വിജയിച്ചു. 

മാവേലിക്കര നഗരസഭയില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ല. ശക്തമായ ത്രികോമ മത്സരം നടന്ന നഗരസഭയില്‍ മൂന്ന് മുന്നണികളും തുല്യം സീറ്റുകള്‍ നേടി. എന്‍.ഡി.എ, യു.ഡി.എഫ് മുന്നണികള്‍ ഒന്‍പത് വീതം സിറ്റുകള്‍ നേടിയപ്പോള്‍ എല്‍.ഡി.എഫ് എട്ട് സീറ്റില്‍ വിജയിച്ചു. എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച സ്ഥാനാര്‍ഥി കൂടി വിജയിച്ചതോടെ എല്‍.ഡി.എഫിന്റെ അക്കൗണ്ടിലും ഒന്‍പത് സീറ്റായി. സി.പി.എം വിമതനായി മത്സരിച്ച ഒരു സ്ഥാനാര്‍ഥിയും ഇവിടെ വിജയിച്ചിട്ടുണ്ട്. 

ചെങ്ങന്നൂര്‍ നഗരസഭയില്‍ യു.ഡി.എഫ് ഭരണം നിലനിര്‍ത്തി. 27 സീറ്റുകളുള്ള നഗരസഭയില്‍ 14 സീറ്റുകള്‍ നേടിയാണ് യു.ഡി.എഫ് ഭരണം നിലനിര്‍ത്തിയത്.  എട്ട് സീറ്റുകള്‍ നേടി എന്‍.ഡി.എ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്തായി. കഴിഞ്ഞ തവണ ആറ് സീറ്റുകളായിരുന്നു എന്‍.ഡി.എ നേടിയിരുന്നത്. കേരള കോണ്‍ഗ്രസിന്റെ അടക്കം 11 സീറ്റുകള്‍ ഉണ്ടായിരുന്ന എല്‍.ഡി.എഫിന് ഇത്തവണ ഒരു സീറ്റ് മാത്രമാണ് നേടാനായത്. നാല് സീറ്റുകളില്‍ സ്വതന്ത്രസ്ഥാനാര്‍ഥികള്‍ വിജയിച്ചു. 

ഹരിപ്പാട് നഗരഭസഭയില്‍ 29 വാര്‍ഡുകളില്‍ 13 എണ്ണത്തില്‍ യു.ഡി.എഫ്. ആണ് ജയിച്ചത്. എല്‍ഡിഎഫ് ഒന്‍പത് ഇടത്ത് വിജയിച്ചപ്പോള്‍ അഞ്ചിടത്ത് ബി.ജെ.പിയാണ് വിജയിച്ചത്. രണ്ട് സീറ്റുകളില്‍ സ്വതന്ത്രരും വിജയിച്ചു. കേവല ഭൂരിപക്ഷത്തിന് 15 സീറ്റുകള്‍ വേണമെന്നിരിക്കെ, നഗരസഭയുടെ ഭരണം നിശ്ചയിക്കുന്നതില്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ നിര്‍ണായകമാകും. 

72 ഗ്രാമപഞ്ചായത്തുകളില്‍ 51 ഇടത്ത് എല്‍.ഡി.എഫ് മുന്നിലെത്തിയപ്പോള്‍ 19 ഇടത്താണ് യു.ഡി.എഫിന് മുന്നിലെത്താന്‍ സാധിച്ചത്. കഴിഞ്ഞ തവണ ഭരണം പിടിക്കുകയും പിന്നീട് നഷ്ടമാകുകയും ചെയ്ത തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ ഇത്തവണയും ബി.ജെ.പി മുന്നിലെത്തിയിട്ടുണ്ട്. 13 അംഗ പഞ്ചായത്തില്‍ അഞ്ച് സീറ്റാണ് ബി.ജെ.പി നേടിയിരിക്കുന്നത്. പല പഞ്ചായത്തുകളിലും ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ തന്നെ സ്വതന്ത്രരുടെ അടക്കം തീരുമാനങ്ങള്‍ ഭരണം നിശ്ചയിച്ചേക്കും. 

ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകളില്‍ പത്തിലും എല്‍.ഡി.എഫ് ഭരണം പിടിച്ചപ്പോള്‍ രണ്ട് ബ്ലോക്കുകളില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം നേടാനായില്ല. ചമ്പക്കുളത്തും ചെങ്ങന്നൂരിലുമാണ് ആര്‍ക്കും ഭൂരിപക്ഷമില്ലാത്തത്. കഴിഞ്ഞ തവണ രണ്ട് ബ്ലോക്ക് പഞ്ചായത്തില്‍ ഭരണം നേടിയ യു.ഡി.എഫിന് ഒരു ബ്ലോക്ക് പഞ്ചായത്തില്‍ പോലും ഒന്നില്‍ പോലും മുന്നിലെത്താന്‍ സാധിച്ചില്ല എന്നതും ശ്രദ്ധേയമാണ്. ചെങ്ങന്നൂരില്‍ നാലും ചമ്പക്കുളത്ത് ഒരു ഡിവിഷനിലും ബിജെപി വിജയിച്ചു. 

വലിയ വിജയം ലക്ഷ്യമിട്ട് രംഗത്തിറങ്ങിയ ബി.ജെ.പിക്കാകട്ടെ പ്രതീക്ഷിച്ച പ്രകടനം പുറത്തെറുക്കാനായില്ല. കഴിഞ്ഞ തവണ ഭൂരിപക്ഷമില്ലാതെ ഭരണം പിടിച്ച തിരുവന്‍വണ്ടൂരില്‍ മുന്നിലെത്താന്‍ സാധിച്ചെങ്കിലും ഇത്തവണയും ഭൂരിപക്ഷം നേടാനായില്ല. മാവേലിക്കരയില്‍ ഇരുമുന്നണികള്‍ക്കും ഒപ്പം സീറ്റ് പിടിച്ച അവര്‍ ചെങ്ങന്നൂരില്‍ രണ്ടാമതെത്തി. കായംകുളത്തും ആലപ്പുഴയിലും സീറ്റ് കുറയുകയും ചെയ്തു. 

അമ്പലപ്പുഴ സൗത്ത്, ബുധനൂര്‍, ചെന്നിത്തല, ചെട്ടികുളങ്ങര, ദേവികുളങ്ങര, കാര്‍ത്തികപ്പള്ളി, കോടംതുരുത്ത്, കൃഷ്ണപുരം, താമരക്കുളം, മുളക്കുഴ, മുതുകുളം, നീലംപേരൂര്‍, നൂറനാട്, പത്തിയൂര്‍, തഴക്കര, തൈക്കാട്ടുശ്ശേരി, വെന്മണി പഞ്ചായത്തുകളില്‍ മികച്ച പോരാട്ടം നടത്താന്‍ ബി.ജെ.പിക്ക് സാധിച്ചു.

Content Highlights: Alappuzha local body election result 2020 latest update