ആലപ്പുഴ: നിയമസഭാ-ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ ജില്ലയിലെ രാഷ്ട്രീയം മാറിമറിയാറുണ്ടെങ്കിലും ആലപ്പുഴ ജില്ലാ പഞ്ചായത്തില്‍ ആ മാറ്റം ഉണ്ടായിട്ടില്ല. ജില്ലാ കൗണ്‍സില്‍ രൂപവത്കരിച്ചതുമുതല്‍ ജില്ലാപഞ്ചായത്ത് എല്‍.ഡി.എഫ്. കുത്തകയാണ്. എന്നാല്‍, ചിലപ്പോഴെങ്കിലും ഡിവിഷനുകളുടെ എണ്ണത്തില്‍ മുന്നേറ്റം നടത്താന്‍ യു.ഡി.എഫിനു കഴിഞ്ഞിട്ടുണ്ട്.

നിലവില്‍ ഏഴുപേരാണ് യു.ഡി.എഫിനെ പ്രതിനിധീകരിച്ചിരുന്നത്. കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം മുന്നണിവിട്ടപ്പോള്‍ ജില്ലാ പഞ്ചായത്തിലെ അവരുടെ അംഗവും എല്‍.ഡി.എഫിലായി. അങ്ങനെ അവര്‍ക്കിപ്പോള്‍ 17 പേരായി. ഇത്തവണയും ജില്ലാപഞ്ചായത്തു പിടിക്കുമെന്ന് എല്‍.ഡി.എഫ്. പറയുമ്പോള്‍ അട്ടിമറി ഉറപ്പാണെന്ന് യു.ഡി.എഫ്. വിശ്വസിക്കുന്നു. ഇപ്പോള്‍ സീറ്റില്ലെങ്കിലും വലിയമുന്നേറ്റം നടത്താനാകുമെന്നാണ് ബി.ജെ.പി.യുടെ പ്രതീക്ഷ.

ജില്ല കുതിച്ചു, വികസനത്തിലേക്ക് - ജി. വേണുഗോപാല്‍

ജില്ല എല്ലാമേഖലയിലും വികസനക്കുതിപ്പ് നടത്തിയെന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ പറയുന്നത്.

പ്രധാനനേട്ടങ്ങള്‍ ...

 • കാര്‍ഷികമേഖലയില്‍ അടിസ്ഥാനസൗകര്യ വികസനം, തരിശുഭൂമി കൃഷിയോഗ്യമാക്കല്‍, ജൈവ പച്ചക്കറിവികസനം, കാര്‍ഷിക യന്ത്രോപകരണങ്ങള്‍ നല്‍കല്‍.
 • ജില്ലാ പഞ്ചായത്തിന്റെ 47 സ്‌കൂളുകളിലായി 26 കോടിയിലധികം രൂപയുടെ വികസനം. പരീക്ഷാ പരിശീലനകേന്ദ്രം പട്ടികജാതിവിദ്യാര്‍ഥികള്‍ക്ക് പഠനമുറി.
 • കോവിഡ് പ്രതിരോധത്തിനു മുന്‍നിരയില്‍. 23 പരിശോധനാ കിയോസ്‌കുകള്‍, 75,000 ആന്റിജന്‍ ടെസ്റ്റുകള്‍. അവയവമാറ്റം നടത്തിയവര്‍ക്കു ജീവന്‍രക്ഷാ മരുന്നുകള്‍. ജില്ലാ ആശുപത്രികളുടെയും ആയുര്‍വേദാശുപത്രിയുടെയും വികസനം, പ്രളയബാധിതരുടെ വീടും സ്ഥാപനങ്ങളും ശുചിയാക്കല്‍ എന്നിവയ്ക്ക് 34.4 ലക്ഷം ചെലവഴിച്ചു.
 • പതിനായിരത്തിലധികം വീടുകളുടെ നിര്‍മാണം. 45.5 കോടി ഇതിനായി നല്‍കി.
 • ജില്ലാ പഞ്ചായത്ത് ഓഫീസ് നവീകരിച്ച് ഐ.എസ്.ഒ 9001-2015 അംഗീകാരം നേടി.

വികസനമുരടിപ്പിന്റെ കാലം - ജോണ്‍ തോമസ്

വികസനമാന്ദ്യത്തിന്റെ പ്രതീകമായി ജില്ലാപഞ്ചായത്ത് മാറിയെന്ന് യു.ഡി.എഫ്. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ജോണ്‍ തോമസ്.

പ്രധാന കുറവുകള്‍

 • വികസനപദ്ധതികള്‍ക്കായി അനുവദിച്ചുകിട്ടിയ കോടിക്കണക്കിനുരൂപ പാഴാക്കി. വിദ്യാഭ്യാസ അവാര്‍ഡുദാനംപോലും നടത്തിയില്ല.
 • ഭിന്നശേഷിക്കാര്‍ക്കായി മുച്ചക്രവണ്ടി വാങ്ങിയിട്ടും വിതരണം ചെയ്യാനായില്ല. ഉദ്യോഗസ്ഥതലത്തില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി നടപ്പാക്കാന്‍ കഴിവില്ലാത്തതിന് ഇതു തെളിവ്.
 • കാര്‍ഷികമേഖലയില്‍ ആദ്യ നാലുവര്‍ഷവും കുട്ടനാട് മേഖലയില്‍ മാത്രമായിരുന്നു സഹായം. അപ്പര്‍കുട്ടനാടിനെയും ഓണാട്ടുകരയെയും അവഗണിച്ചു.
 • വിട്ടുകിട്ടിയ സ്ഥാപനങ്ങളുടെ വികസനം അവഗണിച്ചു. ജില്ലാ ആയുര്‍വേദ ആശുപത്രി മികച്ച ഉദാഹരണം.
 • മത്സ്യത്തൊഴിലാളി മേഖലയെ അവഗണിച്ചു. റോഡ്, പാലം എന്നിവയുടെ നിര്‍മാണങ്ങളും നടന്നില്ല.

കക്ഷിനില

 • ആകെ - 23.
 • എല്‍.ഡി.എഫ്.- 17 (സി.പി.എം.-13, സി.പി.ഐ.-2, ജനതാദള്‍- 1, കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം -1)
 • യു.ഡി.എഫ്.- 6 (കോണ്‍ഗ്രസ് - 6)

Content Highlights: alappuzha District Panchayat