ആലപ്പുഴ: നമ്മുടെ സ്ഥാനാര്‍ഥി കിങ് കോങ്... കേട്ടാല്‍ ആളുകള്‍ ഞെട്ടും. വെറുതെ കളിയാക്കുന്നതാണോയെന്നു സംശയംതോന്നും. എന്നാല്‍, മാരാരിക്കുളം വടക്കുപഞ്ചായത്ത് നാലാംവാര്‍ഡില്‍ ഇപ്പോള്‍ ജനവിധിതേടുന്നത് ഒരു പാവം കിങ് കോങ്ങാണ്. പേര് കിങ് കോങ് എന്നാണെങ്കിലും കാഴ്ചയില്‍ ഒരു സാധാരണമനുഷ്യന്‍. പക്ഷേ, പേരുകൊണ്ട് കൗതുകമാകുകയാണ് ഈ യു.ഡി.എഫ്. സ്ഥാനാര്‍ഥി.

അച്ഛന്‍ കുഞ്ഞന്‍കുട്ടിയാണ് ഈ പേരിട്ടത്. അച്ഛനും സഹോദരങ്ങളുംചേര്‍ന്ന് ആ കാലഘട്ടത്തില്‍ കിങ് കോങ് എന്ന പേരിലുള്ള ചിത്രം കണാന്‍പോയി. എല്ലാവര്‍ക്കും പേരിട്ടിഷ്ടപ്പെട്ടു. അന്നു നല്ല ആരോഗ്യവാനായ കുട്ടിയായിരുന്നതിനാല്‍ മകന് ആ പേര് ഇടാമെന്ന് വീട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു. വീട്ടിലെ മറ്റുള്ളവര്‍ക്കെല്ലാം സാധാരണ പേരുകളാണ്.

സ്‌കൂളില്‍ പഠിക്കുമ്പോഴും ഈ പേരുകൊണ്ടുമാത്രം പലരുടെയും പ്രിയപ്പെട്ടവനായി. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ പിന്നീടാരും മറക്കില്ലെന്ന് അദ്ദേഹം പറയുന്നു. കര്‍ഷകകുടുംബത്തില്‍നിന്നുള്ള ആള്‍ക്ക് ഈ പേര് എപ്പോഴും അദ്ഭുതമാണ്. ചിലര്‍ക്ക് അദ്ഭുതവും മറ്റുചിലര്‍ക്കിത് തമാശയുമാണ്. എന്തായാലും അഭിമാനത്തോടെയാണു കിങ് കോങ് ഈ പേരിനെ കാണുന്നത്. പേരിലെ കൗതുകംകൊണ്ടു വോട്ടുറപ്പിക്കാനുകുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം.

Content Highlights: 'King Kong' contesting polls in Mararikulam North Grama Panchayat, Alappuzha