ന്യൂഡല്‍ഹി: ആദ്യ നിയമസഭാതിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ വന്‍ ഭൂരിപക്ഷം നേടി രാഘവ് ചദ്ദ. 20058 വോട്ടുകള്‍ക്ക് മുതിര്‍ന്ന ബി.ജെ.പി. നേതാവ് ആര്‍.പി.സിങ്ങിനെ പരാജയപ്പെടുത്തിയാണ് മിന്നും ജയം രാഘവ് സ്വന്തമാക്കിയത്. 

പാര്‍ട്ടിയുടെ ദേശീയ വക്താവും ട്രഷററുമാണ് യുവനേതാവായ രാഘവ് ചദ്ധ. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ഇദ്ദേഹം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ സാമ്പത്തിക ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിരുന്നു. അതിഷിയെപ്പോലെ ഒരു രൂപയായിരുന്നു ശമ്പളം. 2013-ല്‍ പാര്‍ട്ടിയുടെ പ്രകടനപത്രിക തയ്യാറാക്കിയ സംഘത്തില്‍ അംഗമായിരുന്നു. ലണ്ടനിലായിരുന്നു ഉപരിപഠനം. എ.എ.പി.യുടെ വക്താവായ ഛദ്ദയാണ് പാര്‍ട്ടിക്കുവേണ്ടി ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകളില്‍ പലപ്പോഴും പ്രത്യക്ഷപ്പെടാറുള്ളത്. 

2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തെക്കന്‍ ഡല്‍ഹിയില്‍നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. നിയമസഭ തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന ബി.ജെ.പി. നേതാവ് ആര്‍.പി. സിങ്, ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസിന്റെ റോക്കി തുസീദ് (25) എന്നിവരായിരുന്നു ഛദ്ദയുടെ എതിരാളികള്‍.

തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയപ്പോള്‍ ഒട്ടേറെ വിവാഹാഭ്യര്‍ഥനകളാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റായ 31-വയസ്സുകാരന്‍ ഛദ്ദയെ തേടിയെത്തിയത്. സാമൂഹികമാധ്യമങ്ങളില്‍ ഛദ്ദയെ പിന്തുടരുന്ന യുവതികളാണ് വിവാഹാഭ്യര്‍ഥനകളുമായി രംഗത്തെത്തിയത്. ഏകദേശം പന്ത്രണ്ടോളം വിവാഹാഭ്യര്‍ഥനകള്‍ രാഘവിന് ലഭിച്ചിരുന്നു. ഇത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു.

Content Highlights: Raghav Chadha wins from Rajendra Nagar