ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 'തിരഞ്ഞെടുപ്പിലെ ഈ വന്‍ വിജയത്തിന് ആം ആദ്മി പാര്‍ട്ടിക്കും അരവിന്ദ് കെജ്‌രിവാളിനും അഭിനന്ദങ്ങള്‍. ഡല്‍ഹിയിലെ ജനങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ ആം ആദ്മിക്ക് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.' - പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിക്കുന്നു.

പ്രധാമന്ത്രിയുടെ ആശംസകള്‍ക്ക് നന്ദി അറിയിച്ചു കൊണ്ട് നിമിഷങ്ങള്‍ക്കകമാണ് കെജ്‌രിവാള്‍ ട്വിറ്ററില്‍ മറുപടി നല്‍കിയത്. 'രാജ്യത്തിന്റെ തലസ്ഥാന നഗരിയെ ലോകോത്തര നഗരിയാക്കി മാറ്റുവാന്‍ കേന്ദ്രത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്നതായിരിക്കും. '- കെജ്‌രിവാള്‍ മറുപടി ട്വീറ്റില്‍ പറയുന്നു.

ഈ വിജയത്തെ പുതിയ രാഷ്ട്രീയത്തിന്റെ വിജയമെന്നാണ് കെജ്‌രിവാള്‍ വിശേഷിപ്പിക്കുന്നത്. അതേസമയം, വോട്ട് ചെയ്ത് വിജയിപ്പിച്ച ഡല്‍ഹിയിലെ ജനങ്ങളോടും കെജ്‌രിവാള്‍ നന്ദി അറിയിച്ചു. രാജ്യത്തിന് തന്നെ വലിയ സന്ദേശമാണ് ഈ തിരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ നല്‍കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ മുഖ്യവിഷയങ്ങളായ വിവിധ ക്ഷേമ പദ്ധതികള്‍, സൗജന്യ വൈദ്യുതി, സൗജന്യ വെള്ളം, സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, സ്‌കൂളൂകളുടെ നവീകരണം എന്നിവയ്ക്ക് വേണ്ടിയാണ് ഡല്‍ഹിയിലെ ജനങ്ങള്‍ വോട്ട് ചെയ്തതെന്നാണും കെജ്‌രിവാള്‍ പറഞ്ഞു.

Content Highlights: PM Narendra Modi Congratulating Kejriwal, Soon as Kejriwal Replies to him