ന്യൂഡല്‍ഹി: അരവിന്ദ് കെജ്‌രിവാള്‍ മൂന്നാം തവണയും ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കോ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കോ ക്ഷണമില്ല. 

ഞായറാഴ്ച രാംലീലാ മൈതാനത്താണ് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ കൂടിയായ കെജ്‌രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. ഡല്‍ഹിയില്‍ മാത്രം ഒതുങ്ങുന്ന ചടങ്ങില്‍ മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരേയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളേയും ക്ഷണിച്ചിട്ടില്ലെന്ന് എ.എ.പി ഡല്‍ഹി കണ്‍വീനര്‍ ഗോപാല്‍ റായ് അറിയിച്ചു.

തന്റെ നേതൃത്വത്തിലുള്ള വിശ്വാസം ഒരിക്കല്‍കൂടി ഊട്ടിഉറപ്പിച്ച ഡല്‍ഹിയിലെ ജനങ്ങള്‍ക്കൊപ്പം കെജ്‌രിവാള്‍ സത്യപ്രതിജ്ഞെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 70-ല്‍ 62 സീറ്റുകള്‍ നേടിയാണ് ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ അധികാരം നിലനിര്‍ത്തിയത്. ബിജെപി എട്ട് സീറ്റുകളിലൊതുങ്ങി.

Content Highlights: No politicians from other states to be invited for Kejriwal oath ceremony