ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്‌രിവാളിന്റെ വന്‍വിജയത്തില്‍ പ്രതികരിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. വോട്ടര്‍ന്മാരാണ് യഥാര്‍ഥ രാജാക്കന്മാര്‍ എന്ന് മൂന്നു വാക്കില്‍ ഒതുക്കി കൊണ്ടാണ് എഎപിയുടെ വിജയത്തെ കുറിച്ച് നിതീഷ് കുമാര്‍ പ്രതികരിച്ചത്.

ജെഡിയു ബിജെപിയുമായി ചേര്‍ന്ന് രണ്ട് സീറ്റുകളിലാണ് മത്സരിച്ചിരുന്നത്. ഡല്‍ഹിയില്‍ അമിത്ഷായും നിതീഷ് കുമാറും ചേര്‍ന്ന് നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ അരവിന്ദ് കെജ്‌രിവാളിനെ നിതീഷ് കുമാര്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. 'ഡല്‍ഹിയില്‍ എന്തുവികസനമാണ് കഴിഞ്ഞ നാളുകളില്‍ ഉണ്ടായത് പ്രവര്‍ത്തിയേക്കാള്‍ പ്രശസ്തിയാണ് ഇവിടെ ചിലര്‍ക്ക് താല്‍പര്യ'മെന്നാണ് നിതീഷ് കുമാര്‍ പ്രചാരണവേളില്‍ പറഞ്ഞത്.

അതേസമയം, ജെഡിയു ഉപാധ്യക്ഷനായിരുന്ന പ്രശാന്ത് കിഷോറിനെ പുറത്താക്കിയതും എഎപിയുടെ വിജയത്തിന് ശക്തിപകരുന്നതായി കണക്കാക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ്‌ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലത്തില്‍ ആവേശമില്ലാത്തെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ജനതാദള്‍ യുണൈറ്റഡ് പാര്‍ട്ടി ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിനെതിരെ പ്രശാന്ത് കിഷോര്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന പേരില്‍ പ്രശാന്ത് കിഷോറിനെയും ജെഡിയു ജനറല്‍ സെക്രട്ടറി പവന്‍ കുമാറിനെയും നിതീഷ് കുമാര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. അതേസമയം, ഇന്ത്യയുടെ ആത്മാവായ ഡല്‍ഹിയെ സംരക്ഷിച്ചതിന് നന്ദി എന്നാണ് പ്രശാന്ത് കിഷോര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചത്.

Content Highlights: Nitish Kumaar's reaction on Aravind Kejriwal's victory in Delhi Election