ന്യൂഡല്‍ഹി: കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള എഎപി സര്‍ക്കാര്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 70 ല്‍ 62 സീറ്റും നേടിയാണ് ആം ആദ്മി പാര്‍ട്ടി തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തുന്നത്. കെജ്‌രിവാള്‍ മന്ത്രിസഭയില്‍ കല്‍ക്കാജിയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അതിഷിയും രാജേന്ദ്ര നഗറില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട രാഘവ് ചദ്ദയുമുണ്ടോയെന്നാണ് ഡല്‍ഹിയിലെ വോട്ടര്‍മാര്‍ ഉറ്റുനോക്കുന്നത്. പാര്‍ട്ടിയുടെ ദേശീയ വക്താക്കളായ ഇരുവരും ആദ്യമായാണ് നിയമസഭയിലെത്തുന്നത്. 

എഎപി സര്‍ക്കാറിന്റെ ഉപദേശകരായിരുന്നു ഇരുവരും. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ രാഘവ് കഴിഞ്ഞ എഎപി സര്‍ക്കാരിന്റെ കാലത്ത് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ സാമ്പത്തിക ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിരുന്നു. അതിഷി വിദ്യാഭ്യാസ ഉപദേഷ്ടാവായിരുന്നു. ഒരു രൂപയായിരുന്നു ഇരുവരുടെയും ശമ്പളം. എന്നാല്‍ ഇവരുടെ നിയമനം നിയമവിരുദ്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വിധിച്ചതോടെ തല്‍സ്ഥാനത്ത് നിന്ന് ഇവരെ മാറ്റി. ഇത്തവണ എഎപി അധികാരമേല്‍ക്കുമ്പോള്‍ രാഘവ് ധനകാര്യ മന്ത്രിയായും അതിഷി വിദ്യാഭ്യാസ മന്ത്രിയായും ചുമതലയേല്‍ക്കുമോ എന്നാണ് ഡല്‍ഹി ചര്‍ച്ച ചെയ്യുന്നത്. 

എന്നാല്‍ ഈ ചോദ്യങ്ങള്‍ സാങ്കല്‍പ്പികവും അപ്രസക്തവുമാണെന്നാണ് ചദ്ദ പ്രതികരിച്ചത്. 'അരവിന്ദ് കെജ്രിവാള്‍ ഇന്ന് വിജയിച്ചു എന്നതാണ് പ്രധാനം. കെജ്രിവാളിന് ജനവിധി ഒരിക്കല്‍ക്കൂടി അനുകൂലമായി എന്നുളളതും ആം ആദ്മി പാര്‍ട്ടിയുടെ സൈനികര്‍ എന്ന നിലയില്‍ എല്ലാ പ്രവര്‍ത്തകരും അദ്ദേഹത്തിന് പിന്നിലുണ്ടെന്നുമുള്ളതാണ് പ്രധാന കാര്യം'- ചദ്ദ പറഞ്ഞു. പാര്‍ട്ടിയുടെ തീരുമാനം എന്തായാലും അത് ശിരസ്സാവഹിക്കുമെന്നാണ് അതിഷി പ്രതികരിച്ചത്. 

ബുധനാഴ്ച രാവിലെ 11 മണിയോടെ കെജ്രിവാള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിനെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചിരുന്നു.ഇതിന് ശേഷം പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ യോഗം കെജ്രിവാളിന്റെ വീട്ടില്‍ ചേര്‍ന്നിരുന്നു.

Content Highlights:Newly-elected MLAs speculated to join cabinet were Raghav Chadha and Atishi.