ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ദയനീയ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി. രാജി സന്നദ്ധത അറിയിക്കുകയോ പാര്‍ട്ടി തന്റെ രാജി ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം ദേശീയ മാധ്യമത്തോട് പറഞ്ഞു. അദ്ദേഹം രാജി സന്നദ്ധത അറിയിച്ചുവെന്നും ദേശീയ നേതൃത്വം രാജി സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തിരുന്നു.  ഈ സാഹചര്യത്തിലാണ് തിവാരിയുടെ പ്രതികരണം.

തിവാരിയെ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കണമെന്ന നിര്‍ദ്ദേശം നേരത്തെതന്നെ ഉയര്‍ന്നിരുന്നു. എന്നാല്‍ തത്കാലം അതു വേണ്ടെന്ന നിലപാടാണ് അന്നത്തെ അധ്യക്ഷന്‍ അമിത് ഷാ സ്വീകരിച്ചത്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്തായിരുന്നു ഈ നിലപാട്.

എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകളില്‍ മാത്രം വിജയിക്കാനെ ബിജെപിക്ക് കഴിഞ്ഞുള്ളൂ. ആം ആദ്മി പാര്‍ട്ടി 62 സീറ്റുകള്‍ തൂത്തുവാരി ഭരണം നിലനിര്‍ത്തി. ഈ സാഹചര്യത്തില്‍ ഡല്‍ഹി ഘടകം പൂര്‍ണമായി പുനഃസംഘടിപ്പിക്കാനാണ് പാര്‍ട്ടി നേതൃത്വം ആലോചിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.

.

Content Highlights: Manoj Tiwari offers to resign, party says stay put for now