ന്യൂഡല്‍ഹി: ഒടുവില്‍ ആംആദ്മിക്ക് ആശ്വാസം, പട്പര്‍ഖഞ്ച് നിയോജക മണ്ഡലത്തില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വിജയിച്ചു. ബിജെപിയുടെ രവീന്ദര്‍ സിങ് നേഗിയ്‌ക്കെതിരേ വെറും 2000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സിസോദിയയുടെ വിജയം. 

വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ ഡല്‍ഹിയില്‍ ആംആദ്മി മുന്നേറ്റം കാഴ്ചവെച്ചിരുന്നെങ്കിലും പട്പര്‍ഖഞ്ചിലെ ഫലസൂചനകള്‍ അവര്‍ക്ക് ആശ്വാസകരമായിരുന്നില്ല. ആദ്യംമുതല്‍ ബിജെപിയുടെ രവീന്ദര്‍ സിങ് നേഗി ലീഡ് നിലനിര്‍ത്തിയപ്പോള്‍ ആംആദ്മിയുടെ ഉറച്ച മണ്ഡലമെന്ന് വിശേഷിപ്പിക്കുന്ന പട്പര്‍ഖഞ്ച് അവരെ കൈവിടുമെന്ന് പോലും തോന്നിയിരുന്നു. 

ഇഞ്ചോടിഞ്ച് പോരാട്ടം ഓരോ മണിക്കൂറിലും തുടര്‍ന്നതോടെ നെഞ്ചിടിപ്പും വര്‍ധിച്ചു. ഭരണത്തിലേറിയാലും ഉപമുഖ്യമന്ത്രി പരാജയപ്പെടുന്നത് പാര്‍ട്ടിക്ക് വന്‍ ക്ഷീണമാകുമെന്ന വിലയിരുത്തലുകളും പുറത്തുവന്നു. എന്നാല്‍ വോട്ടെണ്ണല്‍ അവസാന റൗണ്ടിലേക്ക് കടന്നതോടെ കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു. നേരിയ ലീഡാണെങ്കിലും മനീഷ് സിസോദിയ മണ്ഡലം നിലനിര്‍ത്തി. ആംആദ്മി ക്യാമ്പില്‍ ആശ്വാസത്തിന്റെ കൈയടികള്‍. 

ഡല്‍ഹിയിലെ താരമണ്ഡലങ്ങളിലൊന്നായ പട്പര്‍ഖഞ്ചില്‍ 1993 ല്‍ ബിജെപിക്കായിരുന്നു ജയം. അതിനുശേഷം 2013 വരെ തുടര്‍ച്ചയായി മണ്ഡലം കോണ്‍ഗ്രസിനൊപ്പം നിന്നു. 2013 ലും 2015 ലും മനീഷ് സിസോദിയ പട്പര്‍ഖഞ്ചില്‍ വിജയക്കൊടി നാട്ടി. 

Content Highlights: manish sisodia wins from patparganj