ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഒരിക്കല്‍കൂടി ആംആദ്മി പാര്‍ട്ടി അധികാരമുറപ്പിച്ചിരിക്കുന്നു. ആവനാഴിയിലെ എല്ലാ ആയുധങ്ങളും പുറത്തെടുത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയ ബിജെപിയെ മുട്ടുകുത്തിച്ച് അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹിയിലെ ഹീറോയായി. വര്‍ഗീയതയ്ക്കും വിഭാഗീയതയ്ക്കുമല്ല, വാഗ്ദാനങ്ങള്‍ നിറവേറ്റുന്നവര്‍ക്കും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കൊപ്പവുമാണ് തങ്ങളെന്ന് ഡല്‍ഹിയിലെ വോട്ടര്‍മാര്‍ തെളിയിച്ചു. 

തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കം മുതല്‍ ബിജെപി ഒരുക്കിയ കെണികളില്‍ വീഴാതെ വളരെ തന്ത്രപരമായി എല്ലാത്തിനേയും നേരിട്ടതായിരുന്നു കെജ്രിവാളിന്റെ വിജയതന്ത്രം. വിവാദങ്ങളില്‍നിന്നും കോലാഹലങ്ങളില്‍നിന്നും അദ്ദേഹം കൃത്യമായ അകലം പാലിച്ചപ്പോള്‍ ഡല്‍ഹിയുടെ ബ്രാന്‍ഡ് അംബാസിഡറായി ആംആദ്മി പാര്‍ട്ടി കെജ്രിവാളിനെ അവരോധിച്ചു. 

പൗരത്വ നിയമ ഭേദഗതി, കശ്മീരിന്റെ പ്രത്യേകാധികാരം റദ്ദാക്കിയ നടപടി, മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയത്, ബാലക്കോട്ട് വ്യോമാക്രമണം തുടങ്ങിയ വിഷയങ്ങളായിരുന്നു ബിജെപിയുടെ പ്രചരണ വിഷയങ്ങള്‍. ഓരോ യോഗങ്ങളിലും റാലികളിലും ബിജെപി നേതാക്കള്‍ ഇക്കാര്യങ്ങളില്‍ ഊന്നി പ്രസംഗിക്കുകയും ചെയ്തു. ഷഹീന്‍ബാഗിലെ പ്രതിഷേധങ്ങളും ബിജെപി തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ മുഖ്യവിഷയമാക്കി മാറ്റി. എന്നാല്‍ ബിജെപിയുടെ ഇത്തരം പ്രചരണരീതികളില്‍നിന്ന് വളരെ വ്യത്യസ്തമായിട്ടായിരുന്നു കെജ്രിവാളിന്റെ നേതൃത്വത്തില്‍ ആംആദ്മി തിരഞ്ഞെടുപ്പിനെ നേരിട്ടത്. 

പൗരത്വ നിയമ ഭേദഗതി വിഷയത്തിലും ഷഹീന്‍ബാഗ് വിഷയത്തിലും കടുപ്പമേറിയ നിലപാടുകള്‍ സ്വീകരിക്കാതെ കെജ്രിവാള്‍ മാറിനിന്നു. പകരം ഡല്‍ഹിയിലെ വികസനകാര്യങ്ങളും തന്റെ സര്‍ക്കാര്‍ പാലിച്ച വാഗ്ദാനങ്ങളും ജനങ്ങള്‍ക്കിടയിലേക്ക് എത്തിക്കാന്‍ അശാന്തം പരിശ്രമിച്ചു. 81 ശതമാനത്തോളം ഹിന്ദുവിഭാഗക്കാര്‍ ജീവിക്കുന്ന ഡല്‍ഹിയില്‍ ബിജെപിയുടെ പലപ്രചരണങ്ങളും ആംആദ്മിക്ക് വെല്ലുവിളിയായിരുന്നു. അതിനാല്‍തന്നെ താന്‍ ഒരു ഹിന്ദുവാണെന്നത് ഒന്നുകൂടി ഉറപ്പിക്കുന്നതിനുള്ള നീക്കങ്ങളും കെജ്രിവാളിന്റെ ഭാഗത്തുനിന്നുണ്ടായി. 

പൗരത്വ നിയമഭേദഗതിക്കെതിരേ പാര്‍ലമെന്റില്‍ എതിര്‍ത്ത് വോട്ട് ചെയ്‌തെങ്കിലും പിന്നീടുണ്ടായ വലിയ സമരവേദികളിലേക്കൊന്നും ആംആദ്മി കടന്നുചെന്നില്ല. പൗരത്വ വിഷയത്തില്‍ ഡല്‍ഹിയില്‍ അക്രമങ്ങളും സംഘര്‍ഷങ്ങളും പൊട്ടിപ്പുറപ്പെട്ടപ്പോഴും പോലീസ് അതിക്രമം അരങ്ങുവാഴുമ്പോളും കെജ്രിവാള്‍ സംയമനം പാലിച്ചു. ട്വീറ്റുകളില്‍ മാത്രം പ്രതികരണം ഒതുക്കി. ഇതിനൊപ്പം പരിക്കേറ്റവര്‍ക്കും മറ്റും ചികിത്സാസൗകര്യങ്ങള്‍ ഉറപ്പുവരുത്തി. ബിജെപിയുടെ തുറന്ന എതിരാളിയെന്ന സ്ഥാനത്തേക്ക് കടന്നുചെല്ലാന്‍ കോണ്‍ഗ്രസിന് അവസരവും നല്‍കി. 

കോണ്‍ഗ്രസിന്റെയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ നടന്ന സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളില്‍നിന്നും ആംആദ്മി അകലംപാലിച്ചു. തലസ്ഥാനം യുദ്ധക്കളമായി മാറിയപ്പോള്‍ കടുത്ത നിലപാടുകള്‍ സ്വീകരിക്കാതെ പ്രതികരണം നടത്തി. താനൊരു മുസ്ലീം അനുകൂല നേതാവല്ല, പക്ഷേ, രാജ്യത്തെ അനുകൂലിക്കുന്ന നേതാവാണെന്ന തോന്നലുണ്ടാക്കാന്‍ പ്രത്യേക ശ്രദ്ധപുലര്‍ത്തി. പൗരത്വ വിഷയത്തെക്കുറിച്ചുള്ള പ്രതികരണത്തില്‍ ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധിയെ കൂട്ടിച്ചേര്‍ത്ത് മറുപടി നല്‍കി. സാമ്പത്തിക പ്രതിസന്ധി ഇത്രയും രൂക്ഷമായിരിക്കുമ്പോള്‍ എവിടെയാണ് കുടിയേറ്റക്കാരായെത്തുന്ന ലക്ഷക്കണക്കിന് പേരെ ഉള്‍ക്കൊള്ളുകയെന്ന് അദ്ദേഹം ചോദിച്ചു. 

ഡല്‍ഹിയിലെ വോട്ടെടുപ്പിന് കൃത്യം ഒരാഴ്ച മുമ്പ് ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി താനൊരു ഹിന്ദു മതവിശ്വാസിയാണെന്നകാര്യം ഓര്‍മപ്പെടുത്തി. ഹിന്ദുത്വം ഉയര്‍ത്തിപ്പിടിച്ച് വോട്ട് തേടാന്‍ ശ്രമിച്ച ബിജെപിക്ക് വലിയ തിരിച്ചടിയായി അതുമാറി. ബിജെപി നേതാക്കള്‍ വ്യാജ ഹിന്ദുക്കളാണെന്നും അദ്ദേഹം ആരോപിച്ചു.

ആംആദ്മിയുടെ മുസ്ലീം സ്ഥാനാര്‍ഥികളുടെ പ്രചരണത്തിന് പാര്‍ട്ടിത്തലത്തില്‍ ശക്തമായ പിന്തുണയുണ്ടായിരുന്നെങ്കിലും കെജ്രിവാള്‍ അകലം പാലിച്ചിരുന്നു. ന്യൂനപക്ഷ സംവരണസീറ്റുകളിലെ പരസ്യപ്രചരണങ്ങളില്‍നിന്നും അദ്ദേഹം പരമാവധി വിട്ടുനില്‍ക്കുകയും ചെയ്തു. 

ഷഹീന്‍ബാഗിലെ പ്രതിഷേധങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ പ്രതിരോധത്തിലാക്കിയതോടെ താന്‍ ഒരിക്കലും ഷഹീന്‍ബാഗില്‍നിന്നും അകലംപാലിച്ചിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എല്ലാവര്‍ക്കും പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും എന്നാല്‍ അത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി ആവരുതെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ, കെജ്രിവാള്‍ ഇത്തരത്തില്‍ തന്ത്രപൂര്‍വം മറുപടി നല്‍കി മാറിനിന്നപ്പോള്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആംആദ്മി പാര്‍ട്ടി ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ക്കൊപ്പമാണെന്ന് പരസ്യമായി പ്രഖ്യാപിച്ചു. 

കെജ്രിവാളിനെ ഒരു ദേശവിരുദ്ധനായും ഭീകരവാദിയായും ചിത്രീകരിക്കാന്‍ പല ബിജെപി നേതാക്കളും ശ്രമിച്ചു. അത്തരത്തിലുള്ള പല പരാമര്‍ശങ്ങളും ബിജെപി നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായി. പക്ഷേ, ഇതിന് കെജ്രിവാള്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു'  ഞാന്‍ ഒരു ഭീകരവാദിയാണെന്ന് വിശ്വസിക്കുന്നവര്‍ താമര ചിഹ്നത്തിന് വോട്ട് ചെയ്‌തേക്കാം, പക്ഷേ, ഞാന്‍ ഡല്‍ഹിക്കും രാജ്യത്തിനും വേണ്ടി പ്രവര്‍ത്തിച്ചവനാണെന്ന് വിശ്വസിക്കുന്നവര്‍ ആംആദ്മിയുടെ ചൂല്‍ ചിഹ്നത്തില്‍ വോട്ട് ചെയ്യും'. 

കെജ്രിവാളിനെ എങ്ങനെയും തോല്‍പ്പിക്കണമെന്ന് പ്രചരണം നടത്തിയ ബിജെപിക്ക് അദ്ദേഹം നല്‍കിയ മറുപടിയും ഏറെ വ്യത്യസ്തമായിരുന്നു. ആ വാക്കുകള്‍ ഇങ്ങനെ- ഇത്തവണ എല്ലാ പാര്‍ട്ടികളും ഒരുമിച്ചാണ്. ബിജെപി, കോണ്‍ഗ്രസ്, എല്‍ജെപി, ആര്‍ജെഡി, ജെഡിയു എന്നിവര്‍ക്കെല്ലാം കെജ്രിവാളിനെ തോല്‍പ്പിക്കുക എന്നത് മാത്രമാണ് ലക്ഷ്യം. നല്ല സ്‌കൂള്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുമെന്ന് ഞാന്‍ പറയുമ്പോള്‍ അവര്‍ പറയുന്നത് കെജ്രിവാളിനെ തോല്‍പ്പിക്കൂ എന്നാണ്. മികച്ച ആശുപത്രികള്‍ നിര്‍മിക്കുമെന്ന് പറയുമ്പോഴും അവര്‍ പറയുന്നത് കെജ്രിവാളിനെ തോല്‍പ്പിക്കൂ എന്നാണ്. അത് മാത്രമേ അവര്‍ക്ക് പറയാനുള്ളൂ. കെജ്രിവാളിനെ തോല്‍പ്പിക്കുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം. പക്ഷേ, ഈ ജനങ്ങളിലൂടെ മാത്രമേ കെജ്രിവാളിനെ തോല്‍പ്പിക്കാനാകൂ, അത് മറക്കരുത്'. 

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ഉയര്‍ത്തിക്കാണിച്ചാണ് കെജ്രിവാളും സംഘവും തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞത്. പോസ്റ്ററുകളിലും യോഗങ്ങളിലും അവര്‍ വിശദീകരിച്ചതും ഈ വിഷയങ്ങള്‍ മാത്രമായിരുന്നു. 'ഞാന്‍ എന്റെ ജോലിചെയ്‌തെന്ന് നിങ്ങള്‍ക്ക് തോന്നിയെങ്കില്‍ മാത്രം നിങ്ങള്‍ എനിക്ക് വോട്ട് ചെയ്യൂ, അല്ലെങ്കില്‍ എനിക്ക് വോട്ട് ചെയ്യേണ്ട'  എന്ന് കെജ്രിവാള്‍ തുറന്ന് പറഞ്ഞപ്പോള്‍ ജനങ്ങള്‍ അദ്ദേഹത്തിന് കൈയടിച്ചു. ആ കൈയടികള്‍ പിന്നീട് വോട്ടാക്കി മാറ്റാനും കഴിഞ്ഞു. 

വിവിധ ക്ഷേമ പദ്ധതികള്‍, സൗജന്യ വൈദ്യുതി, സൗജന്യ വെള്ളം, സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, സ്‌കൂളൂകളുടെ നവീകരണം തുടങ്ങിയവ ആംആദ്മിയുടെ മുഖ്യപ്രചരണവിഷയങ്ങളായി. പരസ്യപ്രചരണത്തിന്റെ അവസാനനാളുകളില്‍ ഈ വിഷയങ്ങളില്‍നിന്ന് തെന്നിമാറാതിരിക്കാനും ആംആദ്മി പാര്‍ട്ടിയും കെജ്രിവാളും പ്രത്യേകം ശ്രദ്ധിച്ചു. ഒടുവില്‍ കൃത്യമായ ആസൂത്രണത്തിന്റെയും അത് പ്രാവര്‍ത്തികമാക്കിയതിന്റെയും ഫലം ഫെബ്രുവരി 11-ന് വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ വ്യക്തമായി. അജയ്യനായി അരവിന്ദ് കെജ്രിവാള്‍ എന്ന ഐഐടി ബിരുദധാരി വീണ്ടും ഡല്‍ഹിയുടെ തലപ്പത്ത്. ഡല്‍ഹിയുടെ പുത്രനായി ഒരിക്കല്‍കൂടി സ്ഥാനാരോഹണം. 

Content Highlights: kejriwals and aam admi strategies behind delhi election