ഡല്‍ഹി നിയമസഭാതിരഞ്ഞെടുപ്പ് ഫലത്തിന്റെ അന്തിമചിത്രം തെളിയുമ്പോള്‍ ഡല്‍ഹിയില്‍ അക്കൗണ്ട് തുറക്കാന്‍ പോലുമാവാതെ കോണ്‍ഗ്രസ് തകര്‍ന്നടിയുന്നതാണ് കാഴ്ച. ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തില്ല.

മൂന്ന് തവണയായി പതിനഞ്ച് വര്‍ഷത്തോളം ഡല്‍ഹി ഭരിച്ച പാര്‍ട്ടിയായിട്ടുപോലും ഈ തിരഞ്ഞെടുപ്പിലും ഡല്‍ഹിയില്‍ മുന്നേറ്റമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. 2015ലും സമാനമായിരുന്നു സ്ഥിതി. 

എന്നാല്‍ കോണ്‍ഗ്രസ് വട്ടപ്പൂജ്യമാണെങ്കിലും ബിജെപി പരാജയപ്പെട്ടു എന്ന ആശ്വാസത്തിലാണ് കോണ്‍ഗ്രസ്. നേതാക്കളില്‍ പലരും ഇത്തരം പ്രതികരണങ്ങളും നടത്തിക്കഴിഞ്ഞു. ബിജെപിയുടെ പരാജയം സന്തോഷം നല്‍കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി പ്രതികരിച്ചു. ഡല്‍ഹിയില്‍ ആം ആദ്മി മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. അതുകൊണ്ടുതന്നെ എഎപിയുടെ വിജയം കുറഞ്ഞ നിരാശ മാത്രമേ നല്‍കുന്നുള്ളൂവെന്നും അദ്ദേഹം പ്രതികരിച്ചു. 

കോണ്‍ഗ്രസിന് തിരിച്ചുവരാന്‍ ഇതിലും നല്ലൊരു സമയമില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഝായുടെ പ്രതികരണം. നേതൃത്വനിരയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

കോണ്‍ഗ്രസിന്റെ തകര്‍ച്ചയെത്തുര്‍ന്ന് വിവിധ ഭാഗങ്ങളില്‍ നിന്നും പരിഹാസങ്ങളും ഉയരുന്നുണ്ട്. 

തിരഞ്ഞെടുപ്പില്‍ ഒരിടത്ത് പോലും കാര്യമായ മത്സരം സൃഷ്ടിക്കാന്‍ പോലും ഇത്തവണ കോണ്‍ഗ്രസിനായിട്ടില്ല. ഫലസൂചനകളനുസരിച്ച് ബഹുഭൂരിപക്ഷ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മൂന്നാം സ്ഥാനത്തേക്ക് പോയി.

Content Highlights: Delhi Assembly Election 2020, Delhi Congress