ന്യൂഡല്‍ഹി: കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറിനും ബിജെപി എം.പി. പര്‍വേഷ് വര്‍മയ്ക്കും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിലക്ക് ഏര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയിലെ വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇരുവരെയും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍നിന്ന് വിലക്കിയത്.
അനുരാഗ് ഠാക്കൂര്‍ 72 മണിക്കൂറും(മൂന്ന് ദിവസം) പര്‍വേഷ് വര്‍മ 96 മണിക്കൂറും(നാല് ദിവസം) തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. കഴിഞ്ഞദിവസം ഇരുവരെയും ബിജെപിയുടെ താരപ്രചാരക പട്ടികയില്‍നിന്ന് നീക്കം ചെയ്യാനും കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ രാജ്യത്തെ ഒറ്റുകാരെ വെടിവെക്കാന്‍ ആഹ്വാനം ചെയ്തുള്ള പരാമര്‍ശനത്തിനാണ് അനുരാഗ് ഠാക്കൂറിനെതിരായ നടപടി. പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രതിഷേധം നടത്തുന്നവരെ ലക്ഷ്യമിട്ടായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഠാക്കൂറിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
ഈ പരാമര്‍ശത്തിന് പിന്നാലെയാണ് ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ക്കെതിരെ പര്‍വേഷ് വര്‍മയുടെ വിവാദ പരാമര്‍ശം വന്നത്. ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ നിങ്ങളുടെ വീടുകളിലെത്തി കൊലപാതകവും ബലാത്സംഗവും ചെയ്യുമെന്നായിരുന്നു ഡല്‍ഹിയിലെ വോട്ടര്‍മാരോടായി പര്‍വേഷ് വര്‍മ പറഞ്ഞത്. ബിജെപി ഡല്‍ഹിയില്‍ അധികാരത്തിലെത്തിയാല്‍ ഒരു മണിക്കൂറിനകം ഷഹീന്‍ബാഗ് തുടച്ച് നീക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അനുരാഗ് ഠാക്കൂറിനും പര്‍വേഷ് വര്‍മക്കും പുറമെ മറ്റൊരു ബിജെപി നേതാവിനെതിരേയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം നടപടിയെടുത്തിരുന്നു. സ്ഥാനാര്‍ഥികൂടിയായ കപില്‍ മിശ്രക്ക് 48 മണിക്കൂര്‍ പ്രചാരണ വിലക്കേര്‍പ്പെടുത്തിക്കൊണ്ടായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
Content Highlights: election commission bans union minister anurag thakur and bjp mp parvesh verma from campaigning