തിരുവനന്തപുരം: ഡല്‍ഹിയില്‍ ബിജെപിക്കുണ്ടായ കനത്ത തോല്‍വിയും എഎപിയുടെ വിജയവുമാണ് സോഷ്യല്‍ മീഡിയയിലെ വലിയ ചര്‍ച്ച. ഡല്‍ഹിയില്‍ ബിജെപിയെ തോല്‍പിച്ച വോട്ടര്‍മാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് ഫേയ്‌സ്ബുക്ക് പോസ്റ്റ് ഇട്ട ഡിവൈഎഫ്‌ഐയ്‌ക്കെതിരെ കനത്ത ട്രോളുകള്‍. ഡല്‍ഹിയില്‍ സിപിഎമ്മിന്റെ ദയനീയ പ്രകടനം ചൂണ്ടിക്കാട്ടിയാണ് ട്രോളുകളെല്ലാം.

ബിജെപി തോല്‍ക്കട്ടെ, ഇന്ത്യ ജയിക്കട്ടെ. ഡല്‍ഹി  വോട്ടര്‍മാര്‍ക്ക് അഭിവാദ്യങ്ങള്‍ എന്നായിരുന്നു ഡിവൈ എഫ്‌ഐയുടെ പോസ്റ്റ്. രണ്ടായിരത്തിലധികം കമന്റുകളാണ് ഈ പോസ്റ്റിന് ഇതുവരെ ലഭിച്ചിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും സിപിഎമ്മിനെ ട്രോളിക്കൊണ്ടുള്ളതാണ്. 

തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്ക് പ്രകാരം സിപിഎമ്മിന്റെ വോട്ട് വിഹിതം 0.01 ശതമാനമാണ്. സിപിഐയുടേത് 0.02 ശതമാനവും. നോട്ടയ്ക്ക് 0.46 ശതമാനം വോട്ടുകള്‍ ലഭിച്ചു. ആറ് മണ്ഡലങ്ങളില്‍നിന്നായി ഇരുപാര്‍ട്ടികള്‍ക്കും കൂടി ലഭിച്ചത് ആകെ 3,190 വോട്ടുകളാണ്. എല്ലായിടത്തും കെട്ടിവെച്ച പണം നഷ്ടമായി.

ദയനീയ പ്രകടനം നടത്തിയ സിപിഎമ്മിന് വിമര്‍ശിക്കാന്‍ എന്തവകാശമാണുള്ളതെന്ന് ചോദിച്ചാണ് ഡിവൈഎഫ്‌ഐയുടെ ഫേയ്‌സ്ബുക്ക് പേജില്‍ കമന്റുകള്‍ നിറയുന്നത്. 'വോട്ടടുപ്പ് നടന്നത് വോട്ടിങ് മെഷീനിലായിപ്പോയി, വാഷിങ് മെഷീനില്‍ ആയിരുന്നെങ്കില്‍ സഖാക്കള്‍ തകര്‍ത്തേനെ' എന്ന് ബിജെപി നേതാവ് സന്ദീപ് വാര്യരും കമന്റുമായി എത്തിയിട്ടുണ്ട്.

അതേസമയം, ബിജെപിയ്ക്കുണ്ടായ പരാജയം മറയ്ക്കാനായി സിപിഎമ്മിന്റെ വോട്ട് വിഹിതം ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്. എന്നാല്‍ സിപിഎമ്മിന് പരമ്പരാഗതമായി സ്വാധീനമില്ലാത്ത ഡല്‍ഹി പോലൊരു സ്ഥലത്തെ വോട്ട് ചൂണ്ടിക്കാട്ടി ബിജെപിയുടെ പരാജയം മറയ്ക്കാനാവില്ലെന്ന് മറ്റൊരു വിഭാഗം പറയുന്നു.

Content Highlights: dyfi facebook post on bjp's defeat in delhi assembly election; troll