ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാളിന് വന്‍ വിജയം നേടിക്കൊടുത്ത് മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍. കെജ്‌രിവാളിന്റെ ആഗ്രഹം പൂര്‍ത്തീകരിച്ചു നല്‍കിയ കിഷോറിന് ഇനി രണ്ട് പ്രധാനപ്പെട്ട പദ്ധതികളാണുള്ളത്. 

പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയെ വീണ്ടും അധികാരത്തിലെത്തിക്കുക, തമിഴ്‌നാട്ടില്‍ എം.കെ.സ്റ്റാലിനെ മുഖ്യമന്ത്രിയാക്കുക എന്നീ രണ്ട് കരാറുകളാണ് ഇനി അദ്ദേഹത്തിന് മുന്നിലുള്ളത്. ബിജെപി കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന മമതാ ബാനര്‍ജിക്കായി കഠിന പ്രയത്‌നം തന്നെ കിഷോറിന് നടത്തേണ്ടിവരും. അടുത്ത വര്‍ഷമാണ് ബംഗാളിലും തമിഴ്‌നാട്ടിലും തിരഞ്ഞെടുപ്പ്.

ഒരേയൊരു ഉപദേശം മാത്രമാണ് ഡല്‍ഹിയല്‍ കെജ്‌രിവാളിന് പ്രശാന്ത് കിഷോര്‍ നല്‍കിയെതെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരിട്ടുള്ള ഏറ്റുമുട്ടലുകള്‍ ഒഴിവാക്കി ഒരു വികസന പുരുഷനായി സ്വയം മാറുക എന്നതായിരുന്നു കെജ്‌രിവാളിന് നല്‍കിയ ഉപദേശം. കെജ്‌രിവാള്‍ അത് അക്ഷാര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്തു. സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്രയടക്കമുള്ള വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ അദ്ദേഹം ശ്രദ്ധകേന്ദ്രീകരിച്ചു. 

പ്രശാന്ത് കിഷോര്‍ നേതൃത്വംനല്‍കുന്ന സന്നദ്ധസംഘടനയായ ഐ-പാകാണ് തിരഞ്ഞെടുപ്പില്‍ എ.എ. പി.യുടെ പ്രചാരണതന്ത്രങ്ങള്‍ക്ക് രൂപംകൊടുത്തത്. അഞ്ചുമാസമായി ഡല്‍ഹിയില്‍ ക്യാമ്പുചെയ്താണ് ഐ-പാക് ടീം പ്രചാരണപ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചത്.

ലോക്സഭാ തിരഞ്ഞെടുപ്പ് ഉള്‍പ്പെടെ ആറുതിരഞ്ഞെടുപ്പുകള്‍ എ.എ.പി. നേരിട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് പുറത്തുനിന്നുള്ള സഹായം തേടുന്നത്. എ.എ.പി.യുടെ മുദ്രാവാക്യങ്ങളും പ്രചാരണരീതികളും പാടേ മാറ്റിയെഴുതിയാണ് ഐ-പാക് തുടക്കമിട്ടത്. 'അച്ഛേ ബീത്തേ പാഞ്ച് സാല്‍, ലഗേ രഹോ കെജ്രിവാള്‍ (അഞ്ചുവര്‍ഷം ഗംഭീരം, കെജ്രിവാള്‍ തുടരും) എന്ന മുദ്രാവാക്യമായിരുന്നു ആദ്യം രൂപപ്പെടുത്തിയത്. കറുപ്പില്‍ മഞ്ഞ അക്ഷരങ്ങളില്‍ എഴുതിയ പ്രചാരണവാചകങ്ങള്‍ ഡല്‍ഹിയുടെ പ്രധാന കേന്ദ്രങ്ങളില്‍ സ്ഥാപിച്ചു.

വീടുകള്‍തോറുമുള്ള സര്‍വേകള്‍ക്കുശേഷമാണ് പ്രചാരണതന്ത്രങ്ങള്‍ തയ്യാറാക്കിയത്. 'ലഗേ രഹോകെജ്രിവാള്‍' എന്ന പ്രയോഗത്തിനായിരുന്നു ബാനറുകളില്‍ പ്രാധാന്യം. ഷഹീന്‍ബാഗായിരുന്നു വലിയ വെല്ലുവിളി. ഷഹീന്‍ബാഗിനെ പിന്തുണച്ചവര്‍ ദേശദ്രോഹികളെന്നു പ്രചരിപ്പിച്ച് ബി.ജെ.പി. രംഗത്തുവന്നു. കെജ്രിവാളിനെ രാജ്യദ്രോഹിയെന്ന് അവര്‍ ആക്ഷേപിച്ചു. എന്നാല്‍, നിയന്ത്രണംപാലിച്ച് പ്രതികരിക്കാന്‍ എ.എ.പി.ക്ക് ഐ-പാക് നിര്‍ദേശം നല്‍കി. 'നിങ്ങള്‍ കെജ്രിവാളിനെ മകനായാണോ ഭീകരവാദിയായാണോ കാണുന്നത്' എന്ന ചോദ്യമുന്നയിച്ച് കാമ്പയിന്‍ ആരംഭിച്ചു. അതോടെ, ബി.ജെ.പി. പ്രതിരോധത്തിലായി.

Content Highlights: Delhi Election Result-The Only Advice Prashant Kishor Had For Arvind Kejriwal