ന്യൂഡൽഹി: ആം ആദ്മി പാർട്ടിവിട്ട് മറ്റു പാർട്ടികളിൽ മത്സരിച്ച നാല് പേരിൽ ഒരാൾക്ക് മാത്രമേ വിജയംകണ്ടെത്താൻ സാധിച്ചുള്ളൂ. എ.എ.പി. യിൽനിന്ന് കോൺഗ്രസിലേക്ക് പോയ ആദർശ് ശാസ്ത്രി, അൽക ലാംബ എന്നിവർ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബി.ജെ.പി.യിലേക്ക് പോയ മുൻ മന്ത്രി കൂടിയായ കപിൽ മിശ്രയും തോറ്റു. എന്നാൽ ബി.ജെ.പി. ടിക്കറ്റിൽ മത്സരിച്ച അനിൽകുമാർ ബാജ്പയി മാത്രം വിജയിച്ചു.

ബി.ജെ.പി.യിൽ പോയി ഗാന്ധിനഗറിൽനിന്ന് മത്സരിച്ച അനിൽ കുമാർ ബാജ്പയി ആറായിരം വോട്ടിന് എ.എ.പി.യുടെ നവീൻ ചൗധരിയെ തോൽപ്പിച്ചു. ചാന്ദ്‌നി ചൗക്കിൽ മത്സരിച്ച അൽക്ക ലാംബയ്ക്ക് ആകെ കിട്ടയത് 3876 വോട്ടുകൾ മാത്രം. വിജയിച്ച എ.എ.പി.യുടെ പർളാദ് സിങ് സാഹ്നിക്ക് അമ്പതിനായിരത്തിലേറെ വോട്ടുകിട്ടി. രണ്ടാംസ്ഥാനത്തുള്ള ബി.ജെ.പി.യുടെ സുമൻ കുമാർ ഗുപ്തയ്ക്ക് 21000-ലേറെ വോട്ട് ലഭിച്ചു. ദ്വാരകയിൽ മത്സരിച്ച ആദർശ് ശാസ്ത്രിക്ക് ഏഴായിരത്തിൽ താഴെ വോട്ടുമാത്രമേ ലഭിച്ചുള്ളൂ. എ.എ.പി.യുടെ വിനയ് മിശ്ര എഴുപതിനായിരത്തിലേറെ വോട്ട് നേടി വിജയിച്ചു. ബി.ജെ.പി.യിൽ പോയ കപിൽ മിശ്ര മോഡൽ ടൗണിൽ മത്സരിച്ചെങ്കിലും രണ്ടാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

കൂറുമാറ്റം പണ്ടേതള്ളി ഡൽഹി, അന്നും ജയിച്ചത് ഒരാൾ മാത്രം

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും കൂറു മാറിയവർക്ക് നേട്ടമുണ്ടായിരുന്നില്ല. മുൻ കേന്ദ്ര മന്ത്രി കൃഷ്ണ തിരാഥ്, ഷോയിബ് ഇഖ്ബാൽ, വിനോദ് കുമാർ ബിന്നി, വീണ ആനന്ദ്, അശോക് കുമാർ, എം.എസ്. ധീർ എന്നിവരാണ് തോറ്റത്. ഇതിൽ ഷോയിബ് ഇഖ്ബാൽ കോൺഗ്രസിലും മറ്റെല്ലാവരും ബി.ജെ.പി.ക്കുവേണ്ടിയുമാണ് മത്സരിച്ചത്. എന്നാൽ നേരത്തേ ബി.എസ്.പി.ക്കുവേണ്ടി മത്സരിച്ച് രണ്ടാമതെത്തിയ സാഹി റാം എ.എ.പി.ക്കുവേണ്ടി തുഗ്ലക്കാബാദിൽ മത്സരിച്ച് ജയിച്ചു. ഇതുമാത്രമായിരുന്നു കൂറുമാറിയവരിലെ ഏക ജയം.

മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കൃഷ്ണ തിരാഥ് കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേരുകയും ഉടൻതന്നെ പട്ടേൽനഗറിൽനിന്ന് മത്സരിക്കാൻ ടിക്കറ്റ് ലഭിക്കുകയുമായിരുന്നു. പട്ടേൽ നഗറിലെ അന്നത്തെ സിറ്റിങ് എം.എൽ.എ. വീണാ ആനന്ദ് എ.എ.പി. വിട്ട് സ്വതന്ത്രയായി മത്സരിച്ചിരുന്നു. ഇവർക്ക് ലഭിച്ചത് വെറും 1051 വോട്ടാണ്. മാത്യ മഹലിൽ നിന്ന് വിവിധ പാർട്ടികളിലായി അഞ്ച് തവണ ജയിച്ച അന്നത്തെ സിറ്റിങ് എ.എൽ.എ കൂടിയായിരുന്നു ഷോയിബ് ഇഖ്ബാൽ. നാല് തവണ ജെ.ഡി(യു)വിനുവേണ്ടിയും ഒരു തവണ എൽ.ജെ.പിക്കുവേണ്ടിയും ജയിച്ചിട്ടുണ്ട്. ജെ.ഡി.(യു) വിട്ട് കോൺഗ്രസിൽ ചേർന്ന് അങ്കംകുറിച്ച ഷോയിബും രണ്ടാംസ്ഥാനത്തേക്ക് പോയി.

അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷ വിമർശമുന്നയിച്ച് എ.എ.പി.യിൽ നിന്ന് പുറത്തായ വിനോദ് കുമാർ ബിന്നിക്ക് ബി.ജെ.പി. ടിക്കറ്റ് നൽകിയെങ്കിലും തോറ്റുപോയി. എ.എ.പി.യിൽ ചേരുംമുമ്പ് കോൺഗ്രസ് കൗൺസിലറുമായിരുന്നു ബിന്നി. എ.എ.പി.യിൽ നിന്നുജയിച്ച് സ്പീക്കറായ എം.എസ്. ധീർ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് ബി.ജെ.പി.യിൽ മത്സരിച്ചെങ്കിലും തോറ്റുപോയി. എ.എ.പി.യുടെ അന്നത്തെ സിറ്റിങ് എം.എൽ.എ. അശോക് കുമാർ അംബേദ്കർ നഗറിൽ ബി.ജെ.പി.ക്കുവേണ്ടി മത്സരിച്ച് തോറ്റു.

Content Highlights: Delhi election result-Kapil Mishra-alka lamba