ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറ് മണ്ഡലങ്ങളില്‍ മത്സരിച്ച സിപിഎമ്മിനും സിപിഐക്കും എല്ലായിടത്തും കെട്ടിവെച്ച പണം നഷ്ടമായി. മൂന്നിടങ്ങളില്‍ വീതമാണ് സിപിഎമ്മും സിപിഐയും മത്സരിച്ചത്. ആറ് മണ്ഡലങ്ങളില്‍ നിന്നായി ഇരുപാര്‍ട്ടികള്‍ക്കും ലഭിച്ചത് ആകെ 3,190 വോട്ടുകള്‍.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏറ്റവും ഒടുവില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ചാണിത്. സിപിഎമ്മിന്റെ വോട്ട് വിഹിതം 0.01 ശതമാനവും സിപിഐയുടേത് 0.02 ശതമാനവുമാണ്. 

കരാവല്‍ നഗറില്‍ മത്സരിച്ച സിപിഎം സ്ഥാനാര്‍ഥി രഞ്ജിത് തിവാരിക്ക് കിട്ടിയത് 414 വോട്ട് മാത്രം.

ബദര്‍പുറില്‍ മത്സരിച്ച സിപിഎം സ്ഥാനര്‍ഥി ജഗദീഷ് ചന്ദിന് 683 ഉം വാസിര്‍പുറില്‍ മത്സരിച്ച സിപിഎം സ്ഥാനാര്‍ഥി നാഥുറാമിന് 139 ഉം വോട്ടുകള്‍ ലഭിച്ചു. ഇവിടങ്ങളില്‍ ആം ആദ്മി പാര്‍ട്ടിയാണ് വിജയിച്ചത്‌.

ബവന, തിമര്‍പുര്‍, പാലം എന്നിവിടങ്ങളിലാണ് സിപിഐ സ്ഥാനാര്‍ഥികള്‍ മത്സരിച്ചത്. ഇവിടങ്ങളില്‍ യഥാക്രമം 1227, 246, 481 വോട്ടുകള്‍ സിപിഐ സ്ഥാനാര്‍ഥികള്‍ നേടി. വോട്ട് വിഹിതത്തില്‍ ബിഎസ്പി, ജെഡിയു, എല്‍ജെപി, ആര്‍.ജെ.ഡി. എന്‍സിപി, നോട്ട എന്നിവര്‍ക്കും പിന്നിലാണ് ഇടത് പാര്‍ട്ടികള്‍.

ഒടുവില്‍ ലഭ്യമായ കണക്കുകള്‍ അനുസരിച്ച് ആം ആദ്മി പാര്‍ട്ടിക്ക് 53.58 ശതമാനവും ബിജെപിക്ക് 38.50ശതമാനവും വോട്ടാണ് ലഭിച്ചത്. കോണ്‍ഗ്രസിന് 4.26ശതമാനം വോട്ടുകളേ ലഭിച്ചിട്ടുള്ളൂ.

Content Highlights: Delhi election result-delhi election cpm,cpi votes