ന്യൂഡൽഹി: തലസ്ഥാനഭരണം പിടിക്കാനാവാതെ എ.എ.പിയോടു പൊരുതി വീണെങ്കിലും ബി.ജെ.പിയെ പിടിച്ചുനിർത്തിയത് കിഴക്കൻ ഡൽഹി. പൂർവാഞ്ചൽ സ്വദേശികൾ ഏറെയുള്ള ഈ മേഖലയിലാണ് ബി.ജെ.പി. വിജയിച്ച അഞ്ചു സീറ്റുകളും. ലക്ഷ്മിനഗർ, വിശ്വാസ്‌നഗർ, കരാവൽനഗർ, റോഥാസ് നഗർ, ഗാന്ധിനഗർ എന്നിവയാണ് കിഴക്കൻ ഡൽഹിയിൽ ബി.ജെ.പി വിജയിച്ച മണ്ഡലങ്ങൾ.

കഴിഞ്ഞ തവണ വിജയിച്ച കിഴക്കൻ ഡൽഹി മണ്ഡലമായ മുസ്തഫാബാദ് ഇത്തവണ കൈവിട്ടു. ഇവിടെ സിറ്റിങ് എം.എൽ.എ. ജഗദീഷ് പ്രധാൻ എ.എ.പിയിലെ ഹാജി യൂനസിനോടു പരാജയപ്പെട്ടു.

വടക്കു-കിഴക്കൻ ഡൽഹിയിലെ ഗോണ്ടയിലും തെക്കു-കിഴക്കൻ ഡൽഹിയിലെ ബദർപുരിലും ബി.ജെ.പിക്കു വിജയിക്കാനായി. വടക്കു-പടിഞ്ഞാറൻ ഡൽഹിയിലെ രോഹിണി മണ്ഡലം സിറ്റിങ് എം.എൽ.എ. വിജേന്ദർ ഗുപ്ത നിലനിർത്തി. അതേസമയം, 2017-ലെ ഉപതിരഞ്ഞെടുപ്പിൽ നേടിയ രജോരി ഗാർഡൻ ഇത്തവണ ബി.ജെ.പിയെ വീഴ്ത്തി.

യു.പിയിലെയും ബിഹാറിലെയും കുടിയേറ്റക്കാരായ പൂർവാഞ്ചലുകാർ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് കിഴക്കൻ ഡൽഹി. ഇതിനുപുറമേ, മുസ്‌ലിം വോട്ടർമാരും ഏറെയുണ്ട്. ഷാഹിൻബാഗും ദേശീയതയും ഉയർത്തിവിട്ട ബി.ജെ.പിയുടെ ധ്രുവീകരണതന്ത്രം മണ്ഡലത്തിൽ പ്രതിഫലിച്ചതിന്റെ തെളിവാണ് അഞ്ചിടത്തെ വിജയം. പ്രമുഖനേതാക്കൾ കിഴക്കൻ ഡൽഹിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവർ ഇവിടെ പ്രചാരണത്തിനെത്തി. മോദി പ്രസംഗിച്ച രണ്ടു റാലികളിലൊന്ന് കിഴക്കൻ ഡൽഹിയിലെ കഡ്കഡൂമയിലായിരുന്നു. ഇതിനുപുറമേ, ആഭ്യന്തരമന്ത്രി അമിത് ഷാ പൗരത്വ പ്രതിഷേധത്തെ വിമർശിച്ച് ഷാഹിൻബാഗ് സമരത്തിൽ ആഞ്ഞടിച്ചതും ഇവിടത്തെ കോണ്ട്‌ലിയിലെ തിരഞ്ഞെടുപ്പു റാലിയിലായിരുന്നു. യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഹരിയാണ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ, മഹാരാഷ്ട്ര മുൻമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് തുടങ്ങിയ നേതാക്കളും ഇവിടെ താരപ്രചാരകരമായെത്തി. ബി.ജെ.പി. പരമാവധി നേട്ടമുണ്ടാക്കുക കിഴക്കൻ ഡൽഹിയിലാണെന്ന് എക്‌സിറ്റ് പോൾ ഫലങ്ങളും പ്രവചിച്ചിരുന്നു.

അതേസമയം, ഷാഹിൻബാഗ് സമരത്തെക്കുറിച്ച് വർഗീയച്ചുവയുള്ള വിവാദപരാമർശം നടത്തിയ പർവേശ് വർമ പ്രതിനിധീകരിക്കുന്ന പടിഞ്ഞാറൻ ഡൽഹിയിൽ ഒറ്റ സീറ്റുപോലും ബി.ജെ.പിക്കു നേടാനായില്ല. ഹരിനഗറിൽ ബി.ജെ.പിയുടെ പ്രമുഖ സ്ഥാനാർഥിയായ തജീന്ദർ ബഗ്ഗയെ വിജയിപ്പിക്കാൻ പർവേശ് വർമ ഏറെ വിയർപ്പൊഴുക്കിയെങ്കിലും ഫലമുണ്ടായില്ല.

Content Highlights: Delhi election result-bjp-Parvesh Verma