ന്യൂഡൽഹി: ഡൽഹിയുടെ മുഖ്യമന്ത്രിയാകാൻ അർഹതയുള്ള ഒരാളും ബി.ജെ.പി.യിൽ ഇല്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. വീണ്ടും അധികാരത്തിലെത്തിയാൽ എ.എ.പി.യുടെ സൗജന്യപദ്ധതികൾ തുടരുമെന്നും ആവശ്യമെങ്കിൽ കൂടുതൽപദ്ധതികൾ പുതുതായി കൊണ്ടുവരുമെന്നും കെജ്‌രിവാൾ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനദിവസമായ വ്യാഴാഴ്ച വാർത്താഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനധികൃത കോളനികൾ, ഷഹീൻബാഗ് തുടങ്ങിയ വിഷയങ്ങളിൽ കെജ്‌രിവാൾ ബി.ജെ.പി.യെ കടന്നാക്രമിച്ചു. മികച്ച സ്ഥാനാർഥികളില്ലെന്ന് പറഞ്ഞ് ബി.ജെ.പി.യെ പരിഹസിക്കുകയും ചെയ്തു. മുഖ്യമന്ത്രി സ്ഥാനാർഥിയായി അനുരാഗ് ഠാക്കൂറിനെയോ സാംബിത് പാത്രയെയോ കൊണ്ടുവന്നാൽ എന്തുസംഭവിക്കുമെന്നും അദ്ദേഹം ചോദിച്ചു. ബി.ജെ.പി.യുടെ മുഖ്യമന്ത്രി സ്ഥാനാർഥി ആരാണെന്ന് അറിയാൻ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും കെജ്‌രിവാൾ പറഞ്ഞു.
പ്രചാരണത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയതിന് തിരഞ്ഞെടുപ്പ് കമ്മിഷനിൽനിന്ന് പ്രചാരണവിലക്ക് ലഭിച്ച കേന്ദ്രമന്ത്രിയാണ് ഠാക്കൂർ. ബി.ജെ.പി.യുടെ വക്താവായ പാത്രയ്ക്ക് ഒരു ടെലിവിഷൻ അഭിമുഖത്തിനിടെ പ്രകോപനപരമായ പരാമർശം നടത്തിയതിന് കമ്മിഷൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. വീണ്ടും അധികാരത്തിലെത്തിയാൽ അഞ്ച് കാര്യങ്ങൾക്ക് മുൻഗണന നൽകുമെന്ന് കെജ്‌രിവാൾ പറഞ്ഞു. മലിനീകരണം നിയന്ത്രിക്കൽ, റോഡുകൾ പുനർരൂപകൽപ്പന ചെയ്യൽ, ഡൽഹി ശുചിത്വമാക്കൽ, 24 മണിക്കൂറും ശുദ്ധജലം ലഭ്യമാക്കൽ, ഗതാഗതം മെച്ചപ്പെടുത്തൽ എന്നിവയാണ് അത്.
നിയമസഭാ തിരഞ്ഞെടുപ്പ് കാരണം ഷഹീൻബാഗിലെ റോഡ് തുറന്നുനൽകാൻ ബി.ജെ.പി. തയ്യാറാവുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. ‘ആ ഭാഗം തുറന്നുനൽകുന്നതിൽനിന്ന് എന്താണ് ആഭ്യന്തരമന്ത്രി അമിത് ഷായെ തടസ്സപ്പെടുത്തുന്നത് ? റോഡ് അടച്ചിടുന്നതിൽ എന്താണ് അമിത് ഷായുടെ താത്പര്യം ? എന്തിനാണ് ഡൽഹിക്കാരെ ബുദ്ധിമുട്ടിക്കുകയും പ്രതിഷേധത്തിനുമേൽ തരംതാഴ്ന്ന രാഷ്ട്രീയം കളിക്കുകയും ചെയ്യുന്നത് ?’- കെജ്‌രിവാൾ ചോദിച്ചു.
ഷഹീൻബാഗിനെക്കുറിച്ച് മാത്രമാണ് ബി.ജെ.പി. സംസാരിക്കുന്നത്. അനധികൃത കോളനികൾ നിയമവിധേയമാക്കുമെന്ന അവരുടെ വാഗ്ദാനം തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പൂർണമായും മറന്നു. കഴിഞ്ഞ 20 ദിവസത്തിനിടെ അനധികൃത കോളനികളെക്കുറിച്ച് അമിത് ഷാ സംസാരിച്ചിട്ടുണ്ടോ ? ജനുവരി 15 മുതലുള്ള അവരുടെ ഏതു പ്രസംഗവും പരിശോധിക്കൂ. അനധികൃത കോളനികളെക്കുറിച്ച് ഒരു പരാമർശംപോലും കാണാൻ സാധിക്കില്ല. അമിത് ഷാ പോലും ഇതേക്കുറിച്ച് സംസാരിച്ചില്ല. കഴിഞ്ഞ നാലുമാസത്തിനിടെ അവർ 20 പേർക്ക് വെറും രജിസ്‌ട്രേഷൻ കടലാസുകൾ മാത്രമാണ് നൽകിയത്- എ.എ.പി. ദേശീയ കൺവീനർ വ്യക്തമാക്കി.
നഗരത്തിലെ 1,731 അനധികൃത കോളനികളിലായി 40 ലക്ഷത്തോളം പേരാണ് താമസിക്കുന്നത്. ഈ വോട്ടുബാങ്ക് തിരഞ്ഞെടുപ്പിൽ നിർണായകമാണ്. മികച്ച വിദ്യാഭ്യാസം, ചികിത്സ, റോഡുകൾ, 24 മണിക്കൂർ വൈദ്യുതി തുടങ്ങിയവ വേണമെന്ന് ആഗ്രഹിക്കുന്നവരാണ് എ.എ.പി.യുടെ വോട്ടുബാങ്കെന്ന് കെജ്‌രിവാൾ ചൂണ്ടിക്കാട്ടി.
രാജ്യത്ത് പുതിയൊരു രാഷ്ട്രീയത്തിന് ഈ തിരഞ്ഞെടുപ്പ് വഴിയൊരുക്കും. പ്രവർത്തനത്തിന്റെ പേരിലുള്ള രാഷ്ട്രീയമായിരിക്കും അത്. കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് പോലുള്ള പദ്ധതികൾ എ.എ.പി. സർക്കാർ നടപ്പാക്കുന്നില്ലെന്ന ബി.ജെ.പി.യുടെ ആരോപണത്തിനും കെജ്‌രിവാൾ മറുപടി നൽകി. ഡൽഹിയിലെ ജനങ്ങൾക്ക് ഈ പദ്ധതികൾ ഗുണകരമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ഡൽഹിക്കാർക്ക് ഉപകാരപ്രദമായ മികച്ച പദ്ധതികൾ തങ്ങൾ നടപ്പാക്കും. സംസ്ഥാന സർക്കാരിന്റെ ആരോഗ്യപദ്ധതി തലസ്ഥാനത്തെ രണ്ടുകോടി ജനങ്ങൾക്ക് ഉപകാരപ്രദമാവുമ്പോൾ പ്രതിമാസം 10,000 രൂപയ്ക്ക് താഴെ വരുമാനമുള്ളവർക്ക് വേണ്ടി മാത്രമുള്ളതാണ് ആയുഷ്മാൻ ഭാരതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിനെതിരെയും കെജ്‌രിവാൾ വിമർശനം അഴിച്ചുവിട്ടു. ഷീലാ ദീക്ഷിത് സർക്കാരിന്റെ വികസനപ്രവർത്തനങ്ങളുടെ ഖ്യാതി എ.എ.പി. സ്വന്തമാക്കുന്നുവെന്ന കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ആരോപണം പരാമർശിച്ചാണ് അദ്ദേഹം പ്രതികരിച്ചത്. ‘കോൺഗ്രസിനുവേണ്ടി ഡൽഹിക്കാർ വോട്ടുചെയ്തിട്ടും പാർട്ടി അവർക്കായി എന്തെങ്കിലും ചെയ്തിട്ടുണ്ടോ’- കെജ്‌രിവാൾ ചോദിച്ചു.