ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവുംകൂടുതൽ ഭൂരിപക്ഷം നേടിയത് എ.എ.പി. യുടെ സഞ്ജീവ് ഝാ. ബുരാഡിയിൽനിന്ന് ജയിച്ച സഞ്ജീവ് ഝാ നേടിയത് 88,158 വോട്ടിന്റെ ഭൂരിപക്ഷം. അരലക്ഷത്തിലേറെ ഭൂരിപക്ഷത്തിൽ വിജയിച്ച നാലുപേരും എ.എ.പി. യുടെ സ്ഥാനാർഥികളാണ്. അയ്യായിരത്തിൽ താഴെ ഭൂരിപക്ഷം ലഭിച്ചത് ഒമ്പതുപേർക്കാണ്. അതിൽ രണ്ടുപേർക്ക് ആയിരത്തിൽ താഴെയാണ് ഭൂരിപക്ഷം. ഓഖ്‌ല മണ്ഡലത്തിൽ നിന്ന് ജയിച്ച അമാനത്തുള്ളഖാനാണ് (71,827) ഭൂരിപക്ഷത്തിൽ രണ്ടാമത്. കഴിഞ്ഞതവണ ഇവിടെനിന്ന് 64,532 വോട്ടിന്റെ ഭൂരിപക്ഷം ഖാന് ലഭിച്ചിരുന്നു.

ഇക്കുറി ബി.ജെ.പി. യുടെ ബ്രഹം സിങ്ങിനേയാണ് തോൽപ്പിച്ചത്. സീമാപുരിയിൽനിന്ന് രാജേന്ദ്രപാൽ ഗൗതം (56,108), മാത്യ മഹലിൽനിന്ന് ഷോയിബ് ഇഖ്ബാൽ (50,241) എന്നിവരും അരലക്ഷത്തിലേറെ ഭൂരിപക്ഷം നേടി. ഏറ്റവും ഭൂരിപക്ഷം കുറവ് ബിജ്വാസനിൽ നിന്ന് ജയിച്ച എ.എ.പി.യുടെ ഭൂപീന്ദർ സിങ് ജൂണിനാണ്. ബി.ജെ.പി.യുടെ സത് പ്രകാശ് റാണയെ വെറും 753 വോട്ടിനാണ് ജൂൺ തോൽപ്പിച്ചത്. ലക്ഷ്മി നഗറിൽനിന്ന് ജയിച്ച ബി.ജെ.പി.യുടെ അഭയ് വർമയ്ക്ക് 880 വോട്ടിന്റെ ഭൂരിപക്ഷമാണുള്ളത്. ആം ആദ്മി പാർട്ടിയുടെ നിതിൻ ത്യാഗിയേയാണ് വർമ തോൽപ്പിച്ചത്. ആം ആദ്മി പാർട്ടി സ്ഥാനാഥികളായ ആദർശ് നഗറിലെ പവൻ ശർമ (1589), ഛത്തർപുരിലെ കർതാർ സിങ് തൻവർ (3720), കസ്തൂർബാ നഗറിലെ മദൻലാൽ (3165), കൃഷ്ണ നഗറിലെ എസ്.കെ. ബഗ്ഗ (3995), പഹാഡ്ഗഞ്ചിൽ

നിന്ന് ജയിച്ച ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ (3207) ഷാലിമാർബാഗിലെ ബന്ദന കുമാരി (3440) എന്നിവർക്കും ബദർപുരിൽനിന്ന് ജയിച്ച ബി.ജെ.പി. യുടെ രാംവീർ സിങ് ബിദൂരി (3719) എന്നിവർക്കുമാണ് 5000-ത്തിൽ താഴെ ഭൂരിപക്ഷം ലഭിച്ചത്.

ബി.ജെ.പി. യിൽ മുമ്പൻ അജയ് മഹാവർ ബി.ജെ.പി.യുടെ ജയിച്ച എട്ട് സ്ഥാനാർഥികളിൽ ഏറ്റവുംകൂടുതൽ ഭൂരിപക്ഷം ലഭിച്ചത് അജയ് മഹാവറിന്. ഘോണ്ടയിൽ മത്സരിച്ച മഹാവിറിന് 28,370 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. വിശ്വാസ് നഗറിൽനിന്ന് ജയിച്ച ഓം പ്രകാശ് ശർമ (16,457), രോഹ്താസ് നഗറിലെ ജിതേന്ദ്ര മഹാജൻ (13,241), രോഹിണിയിലെ വിജേന്ദർ ഗുപ്ത (12,648), കരാവൽ നഗറിലെ മോഹൻ സിങ് ബിഷ്ട് (8223), ഗാന്ധിനഗറിലെ അനിൽ കുമാർ ബാജ്പയി (6079) ബദർപുരിലെ രാംവീർ സിങ് ബിദൂരി (3719), ലക്ഷ്മി നഗറിലെ അഭയ് വർമ (880) എന്നിവരാണ് ഭൂരിപക്ഷത്തിൽ പിന്നാലെയുള്ള ബി.ജെ.പി.ക്കാർ.