M V Shreyams kumar
എം.വി. ശ്രേയാംസ് കുമാര്‍

കോഴിക്കോട്: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി നേടിയ വിജയം തിളക്കമാര്‍ന്നതും പ്രതീക്ഷ പകരുന്നതുമാണെന്ന് ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാര്‍.  മതേതര ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ജനങ്ങള്‍ക്കുള്ള ജാഗ്രത കൂടി പ്രതിഫലിപ്പിക്കുന്നതാണ് തലസ്ഥാനത്ത് നിന്നുള്ള ഈ തിരഞ്ഞെടുപ്പ് ഫലം.

ജനകോടികളുടെ വികസന പ്രശ്‌നങ്ങളാണ് പരമ പ്രധാനമെന്ന്  ബോധ്യപ്പെടുത്തുന്നതാണ് അരവിന്ദ് കെജ്‌രിവാളിന്റെ വിജയം. സമൂഹത്തിലെ കഷ്ടപ്പെടുന്നവരുടെ പ്രശ്‌നങ്ങള്‍ കെജ്‌രിവാള്‍ വോട്ടര്‍മാര്‍ക്ക് മുന്നില്‍ നിരത്തി. വെള്ളവും വൈദ്യുതിയും സൗജന്യമായി എത്തിച്ചു. ദരിദ്രന്റെ മക്കള്‍ക്കും സ്‌കൂളുകളില്‍ പ്രവേശനം സാധ്യമാക്കി. മൊഹല്ലാ ക്ലിനിക്കുകളിലൂടെ പാവപ്പെട്ടവന് ചികിത്സ ലഭ്യമാക്കി. വികസനത്തിന്റെ മുദ്രാവാക്യങ്ങളെ മുന്‍ നിര്‍ത്തിയാണ് വര്‍ഗ്ഗീയ ധ്രുവീകരണത്തെ കെജ്‌രിവാള്‍ ഒരിക്കല്‍ക്കൂടി ചെറുത്തു തോല്‍പിക്കുന്നത്.

സമൂഹത്തെ വര്‍ഗീയമായി ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് പതിവുപോലെ ഈ തിരഞ്ഞെടുപ്പിലും ബിജെപി നടത്തിയത്. ആ ശ്രമങ്ങളെ പ്രധാനമന്ത്രിയുടെ മൂക്കിനു താഴെ തള്ളിക്കളയുകയാണ് രാജ്യതലസ്ഥാനം.

ഒപ്പം പ്രതിപക്ഷ വോട്ടുകള്‍ ഒന്നിച്ചുനിന്നു എന്നതും ഈ ജനവിധി നല്‍കുന്ന വലിയ സന്ദേശമാണ്. താല്‍ക്കാലിക ലാഭത്തേക്കാള്‍ രാജ്യത്തിന്റെ നിലനില്‍പു തന്നെയാണ് മുഖ്യമെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തിരിച്ചറിയേണ്ടുന്ന ഘട്ടമാണിത്. മതേതര ശക്തികളുടെ യോജിപ്പിനെ ജനങ്ങള്‍ ഉറ്റുനോക്കുന്നു എന്നുകൂടി ഡല്‍ഹി ഫലം വ്യക്തമാക്കുന്നു.

മൂന്നാം തവണയും അധികാരത്തിലേറുന്ന അരവിന്ദ് കെജ്‌രിവാളിന് അഭിവാദ്യങ്ങള്‍ നേരുന്നുവെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

Content highlights: Delhi Election: AAP victory is sparkling, gives hope - M.V Shreyams Kumar