ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വന്‍ വിജയം നേടിയ അരവിന്ദ് കെജ്‌രിവാളിനെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. ഡല്‍ഹിയിലെ വികസന പദ്ധതികളാണ് എഎപിയുടെ വിജയത്തിനു പിന്നിലെന്നും കെജ്‌രിവാളിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍ വിജയിച്ചത് വികസന അജണ്ടയാണ്. അതില്‍ അരവിന്ദ് കെജ്‌രിവാളിനെ അഭിനന്ദിക്കുന്നു. ഡല്‍ഹി തിരഞ്ഞെടുപ്പ് രണ്ട് ധ്രുവങ്ങളിലേയ്ക്ക് നീങ്ങുകയാണ്. കോണ്‍ഗ്രസിനെ സംബന്ധിച്ച് ഈ തിരഞ്ഞെടുപ്പില്‍ പ്രത്യേകിച്ച് ഒന്നുംതന്നെയില്ല, അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

ആംആദ്മി പാര്‍ട്ടിയുടെ വിജയത്തില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അരവിന്ദ് കെജ്‌രിവാളിനെ അഭിനന്ദിച്ചു. കെജ്‌രിവാളിനെ നേരിട്ട് ഫോണില്‍ ബന്ധപ്പെട്ടാണ് മമത ബാനര്‍ജി അഭിനന്ദനം അറിയിച്ചത്. മോദി സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തെ ജനങ്ങള്‍ തള്ളിക്കളഞ്ഞു. വികസനം മാത്രമാണ് വിജയിക്കുകയെന്നും മമത മാധ്യമങ്ങളോട് പറഞ്ഞു.

അരവിന്ദ് കെജ്‌രിവാളിന്റെ വിജയം രാജ്യത്തിന് ആവേശം പകരുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. കോണ്‍ഗ്രസ് ഇതില്‍നിന്ന് പാഠം പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Delhi Assembly Election 2020- Mamata Banerjee congratulates Arvind Kejriwal