ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നേരിട്ട് കോണ്‍ഗ്രസ്. അഞ്ച് ശതമാനം വോട്ടുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് നേടാന്‍ കഴിഞ്ഞത്. 63 സ്ഥാനാര്‍ഥികള്‍ക്ക് കെട്ടിവച്ച തുക നഷ്ടമായി. ഷീലാ ദീക്ഷിത് മുഖ്യമന്ത്രിയായി 15 വര്‍ഷം ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസിന് തുടര്‍ച്ചയായ രണ്ടാമത്തെ നിയമസഭാ തിരഞ്ഞെടുപ്പിലും അക്കൗണ്ട് തുറക്കാനായില്ല.

കെട്ടിവച്ച തുക തിരിച്ചുകിട്ടുക മൂന്ന് സ്ഥാനാര്‍ഥികള്‍ക്ക് മാത്രം. ഗാന്ധിനഗറില്‍ മത്സരിച്ച അര്‍വിന്ദര്‍ സിങ് ലൗലി, ബദ്‌ലിയില്‍ ജനവിധി തേടിയ ദേവേന്ദര്‍ യാദവ്, കസ്തൂര്‍ബ നഗറിലെ സ്ഥാനാര്‍ഥി അഭിഷേക് ദത്ത് എത്തിവരാണ് കെട്ടിവച്ച തുക തിരിച്ചുപിടിച്ചത്. ഒരു മണ്ഡലത്തില്‍ പോള്‍ചെയ്ത ആകെ വോട്ടിന്റെ ആറിലൊന്നെങ്കിലും നേടാന്‍ കഴിഞ്ഞാല്‍ മാത്രമാണ് സെക്യൂരിറ്റി ഡിപ്പോസിറ്റ് തിരികെ ലഭിക്കുക. എന്നാല്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മിക്കവര്‍ക്കും അഞ്ച് ശതമാനത്തില്‍ താഴെ വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഭാഷ് ചോപ്രയുടെ മകള്‍ ശിവാനി ചോപ്ര (കല്‍ക്കാജി), ഡല്‍ഹി മുന്‍ നിയമസഭാ സ്പീക്കര്‍ യോഗാനന്ദ ശാസ്ത്രിയുടെ മകള്‍ പ്രിയങ്ക സിങ്, പാര്‍ട്ടി പ്രചാരണ സമിതി ചെയര്‍മാന്‍ കീര്‍ത്തി ആദാസിന്റെ ഭാര്യ പൂനം ആസാദ് എന്നിവര്‍ അടക്കമുള്ളവര്‍ക്കാണ് കെട്ടിവച്ച തുക നഷ്ടമായത്. 2604 വോട്ട് നേടിയ പൂനം ആസാദ് നാലാം സ്ഥാനത്താണ് എത്തിയത്.

Content Highlights: Congress bags less than 5 % votes, 63 candidates loss deposites