ബാങ്കുറ (പശ്ചിമ ബംഗാള്‍): ബിജെപിക്ക് സംസ്ഥാനങ്ങള്‍ ഓരോന്നായി നഷ്ടപ്പെടുകയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. 'ബിജെപി എല്ലായിടത്തുനിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. 2021 ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ബിജെപിയുടെ അന്ത്യകര്‍മ്മം ചെയ്യും. ബിജെപിയുടെ ശവപ്പെട്ടിയിലെ അവസാന ആണി അടിക്കുന്നത് പശ്ചിമ ബംഗാള്‍ ആയിരിക്കും' - മമത വാര്‍ത്താ സമ്മേളനത്തില്‍  അവകാശപ്പെട്ടു.

അടുത്തിടെ തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് - എന്‍സിപി -  ശിവസേന സഖ്യമാണ് ഭരിക്കുന്നത്. ജാര്‍ഖണ്ഡും ബിജെപിക്ക് നഷ്ടപ്പെട്ടു. കഴിഞ്ഞവര്‍ഷം രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലും അവര്‍ പരാജയപ്പെട്ടു. എന്നാല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് ജയിക്കാനായി. അതിനുശേഷം അഹങ്കാരവും പ്രതികാര രാഷ്ട്രീയവുമാണ് കേന്ദ്ര സര്‍ക്കാരിനെ നയിക്കുന്നത്. അതിന്റെ ഫലമായി രാജ്യം തിളച്ചു മറിയുകയാണെന്നും അവര്‍ ആരോപിച്ചു.

ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കെജ്‌രിവാളിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച മമത പിന്നീട് ബാങ്കുറയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ചത്. ബിജെപിയെ രക്ഷിക്കാന്‍ അവരുടെ കൈവശമുള്ള പണത്തിന് കഴിയില്ല. യുദ്ധം തുടങ്ങുന്നതിന് മുമ്പുള്ള ശംഖൊലി മുഴക്കാന്‍ സ്ത്രീകളോട് അഭ്യര്‍ഥിക്കുന്നു. അതിനെ ചെറുക്കാന്‍ ബിജെപിയുടെ പണത്തിനാകില്ല.

ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെ ബിജെപി ഒരുപാട് ദ്രോഹിച്ചിട്ടുണ്ട്. ആ സമയത്ത് ബിജെപി ഇതര പ്രാദേശിക പാര്‍ട്ടികള്‍ അവര്‍ക്കൊപ്പം നിന്നു. വെറുപ്പിന്റെ രാഷ്ട്രീയം വിജയിക്കില്ലെന്ന് വീണ്ടും തെളിയിക്കപ്പെട്ടു. ചെറിയ സംസ്ഥാനമായ ഡല്‍ഹി പിടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വ ശക്തിയും ഉപയോഗിച്ചു. എന്നാല്‍ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കുന്ന ബിജെപിയെ ജനങ്ങള്‍ ഇഷ്ടപ്പെടുന്നില്ല.

ജനങ്ങള്‍ക്ക് വേണ്ടത് ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും ജോലിയും വികസനവും സമാധാനവുമാണ്. രാഷ്ട്രീയ പ്രവര്‍ത്തനം വികസനത്തിനും പുരോഗതിക്കും ജനങ്ങളുടെ സമാധാനത്തിനും വേണ്ടിയാകണം. പൗരത്വ നിയമ ഭേദഗതിയെക്കാള്‍ പ്രധാനം തൊഴിലില്ലായ്മയും സാമ്പത്തിക മാന്ദ്യവും വിലക്കയറ്റവുമാണെന്നും മമത പറഞ്ഞു.

Content highlights: Bengal will drive last nail into BJP's coffin in 2021: Mamata