ന്യൂഡൽഹി : സത്യപ്രതിജ്ഞയുടെ ഗൗരവമൊന്നും കുഞ്ഞു കെജ്‌രിവാളിന്റെ മുഖത്തില്ല. കളിചിരിയുമായി ഓടിനടന്നും ചേച്ചി ഫെയറി തോമറുമായി കുസൃതികാട്ടിയും ഒരു വയസ്സുകാരൻ അവ്യാൻ വീട് മുഴുവൻ ഓടി നടക്കുന്നു. മുഖ്യമന്ത്രിയായി വലിയ കെജ്‌രിവാൾ സത്യപ്രതിജ്ഞ ചെയ്തോട്ടെ എന്ന ഭാവം! ഞായറാഴ്ച രാംലീലാ മൈതാനത്ത് അരവിന്ദ് കെജ്‌രിവാൾ സത്യവാചകം ചൊല്ലുമ്പോൾ പ്രത്യേക ക്ഷണിതാവാണ് അവ്യാൻ തോമർ. ’കുഞ്ഞു കെജ്‌രിവാൾ’ എന്ന പേരിൽ ലോകമറിഞ്ഞ കുസൃതിക്കുരുന്ന്. അതേസമയം, അപ്രതീക്ഷിതമായി കൈവന്ന ഭാഗ്യത്താൽ സന്തോഷംകൊണ്ട് വീർപ്പുമുട്ടുകയാണ് അവ്യാന്റെ കുടുംബം.

അരവിന്ദ് കെജ്‌രിവാളിന്റെ കടുത്ത ആരാധകരായ അവ്യാൻ തോമറിന്റെ കുടുംബം സത്യപ്രതിജ്ഞയിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ്. ഇത്തവണ എ.എ.പി.യുടെ വിജയാഘോഷത്തിനിടെ ദീൻ ദയാൽ ഉപാധ്യായ മാർഗിലെ പാർട്ടി ഓഫീസിലെ ആൾക്കൂട്ടത്തിനിടയിൽ കെജ്‌രിവാളിന്റെ വേഷം ധരിച്ചെത്തിയതോടെയാണ് ഒരുവയസ്സും രണ്ടുമാസവുമുള്ള അവ്യാൻ താരമായത്. വൈകാതെ അവ്യാനെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് എ.എ.പി. പ്രത്യേകം ക്ഷണിച്ച് ക്ഷണക്കത്ത് കൈമാറിയതും വാർത്തയായി നിറഞ്ഞു. അവ്യാന്റെ ഇഷ്ടങ്ങളെക്കുറിച്ച് അച്ഛനും എ.എ.പി. അനുഭാവിയുമായ രാഹുൽ തോമർ പറയുന്നു. ’’എ.എ.പി. യുടെ പ്രചാരണ ഗാനമായ ലഗേ രഹോ കെജ്‌രിവാൾ കേട്ടാലുടൻ അവ്യാൻ തിരിച്ചറിയും. തുടർന്ന് നൃത്തം തുടങ്ങും. അവ്യാന് ഏറെ പ്രിയപ്പെട്ട ഗാനമാണിത്. അമ്മ, അച്ഛൻ, ആപ്പ് (എ.എ.പി.), ജയ് എന്നീ വാക്കുകളാണ് അവ്യാന് സംസാരിക്കാൻ സാധിക്കുക. ആർക്ക് വോട്ട് ചെയ്യുമെന്ന് ചോദിച്ചാൽ ആപ്പ് എന്ന് പറയും. ഭാരത് മാതാ കീ എന്നു പറഞ്ഞാൽ ജയ് വിളിക്കും’’- രാഹുൽ ’മാതൃഭൂമി’യോട് പറഞ്ഞു.

ഡൽഹി മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ മകനിലൂടെ അവസരം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് തോമർ കുടുംബം. അതേക്കുറിച്ച് അച്ഛൻ രാഹുലിന്റെ വാക്കുകൾ. ’’വളരെ വളരെ സന്തോഷകരവും ആഹ്ലാദകരവുമായ വാർത്തയാണിത്. അതോടൊപ്പം ഏറെ അത്ഭുതപ്പെടുത്തുന്നതും. ഞങ്ങളെ സംബന്ധിച്ചിടത്തോളം വലിയ ഭാഗ്യമാണിത്. സാധാരണക്കാരന്റെ മകനെയാണ് പ്രത്യേക ക്ഷണിതാവായി തിരഞ്ഞെടുത്തത്. സന്തോഷം പ്രകടിപ്പിക്കാൻ വാക്കുകളില്ല’’- രാഹുൽ പറയുന്നു. ഇത്തവണ കുഞ്ഞനിയൻ താരമായതിന്റെ സന്തോഷത്തിലാണ് അവ്യാന്റെ മൂത്ത സഹോദരിയായ ഒമ്പതുവയസ്സുകാരി ഫെയറി തോമർ. 2015-ൽ കെജ്‌രിവാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഫെയറിക്കായിരുന്നു ഊഴം. അന്ന് കെജ്‌രിവാളിന്റെ വേഷത്തിലെത്തി ഫെയറി താരമായി. അന്ന് കാണികളായാണ് ഫെയറിയും കുടുംബവും സത്യപ്രതിജ്ഞയിൽ പങ്കെടുത്തത്. ഇത്തവണ തിരഞ്ഞെടുപ്പുഫലം പുറത്തുവന്ന ദിവസം രാവിലെതന്നെ ഫെയറി കെജ്‌രിവാളിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് ആശംസകൾ അറിയിച്ചിരുന്നു.

കഴിഞ്ഞതവണയും ഫെയറി കെജ്‌രിവാളിനെ സന്ദർശിച്ചിരുന്നെന്നും തുടർന്ന് അദ്ദേഹം മകളെ മടിയിലിരുത്തി ഫോട്ടോ എടുക്കുകയും സാമൂഹികമാധ്യമങ്ങളിൽ പങ്കുവെയ്ക്കുകയും ചെയ്തെന്നും അച്ഛൻ രാഹുൽ പറഞ്ഞു. കെജ്‌രിവാൾ ഭാവിയിൽ പ്രധാനമന്ത്രി ആവണമെന്നാണ് ഫെയറിയുടെ ആഗ്രഹമെന്നും മകളുടെ ആദ്യവോട്ട് അദ്ദേഹത്തിനായിരിക്കുമെന്നും അച്ഛൻ വ്യക്തമാക്കി. ഡൽഹിയിലെ മയൂർവിഹാർ ഫേസ്-ഒന്നിലാണ് അവ്യാൻ തോമറും കുടുംബവും താമസിക്കുന്നത്. ബിസിനസുകാരനാണ് അച്ഛൻ രാഹുൽ. പ്രൊഫഷണൽ ആർട്ടിസ്റ്റാണ് അമ്മ മീനാക്ഷി തോമർ. ഞായറാഴ്ച രാംലീലയിൽ നടക്കുന്ന സത്യപ്രതിജ്ഞയ്ക്കായി അവ്യാനെ കെജ്‌രിവാളായി ഒരുക്കുന്നതിന്റെ തിരക്കിലാണ് തോമർ കുടുംബം. ചുവപ്പ് സ്വെറ്ററും കറുത്ത മഫ്‌ളറും എ.എ.പി. തൊപ്പിയും മീശയുമായി വീണ്ടും പ്രത്യക്ഷപ്പെടാൻ അവ്യാനും.

Content Highlights: Baby kejriwal-kejriwal oath ceremony