അതിഷി, ആം ആദ്മിയുടെ പ്രമുഖ മുഖങ്ങളില്‍ ഒന്ന്. വിദ്യാഭ്യാസ പ്രവര്‍ത്തകയില്‍ നിന്ന് രാഷ്ട്രീയത്തിലേക്കെത്തിയ അതിഷി കല്‍ക്കാജിയില്‍ നിന്നാണ് ജനവിധി തേടിയത്. വോട്ടെണ്ണല്‍ ആരംഭിച്ച ആദ്യ മണിക്കൂറുകളില്‍ വെറും ഏഴുവോട്ടിന്റെ ലീഡ് മാത്രമാണ് അതിഷിക്കുണ്ടായിരുന്നത്. ബിജെപിയുടെ ധരംബിര്‍ സിങ്ങിനോട് അവര്‍ ഇഞ്ചോടിഞ്ച് പൊരുതി ഒടുവില്‍ 11,393 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയത്തിലേക്ക്. 

'എനിക്കുറപ്പുണ്ടായിരുന്നു അവസാന റൗണ്ടില്‍ ഞാനത് മറികടക്കുമെന്ന്. എങ്കിലും തുടക്കത്തില്‍ ഞാനല്പം അസ്വസ്ഥയായിരുന്നു.' അതിഷി ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ പ്രതികരണത്തില്‍ തുറന്നുപറഞ്ഞു. 

നിയമസഭാ തെരഞ്ഞെടുപ്പ് മത്സരത്തിനായി കല്‍ക്കാജിയെ തിരഞ്ഞെടുത്തത് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഒരു നിയോജക മണ്ഡലമായതുകൊണ്ടാണെന്ന് അതിഷി പറയുന്നു.  'കല്‍ക്കാജിയിലെ വിദ്യാഭ്യാസത്തില്‍ വളരെയധികം പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്, എനിക്ക് വിദ്യാഭ്യാസത്തോട് വലിയ താല്പര്യമുണ്ട്.' പഠിത്തത്തില്‍ ഒന്നാം സ്ഥാനക്കാരിയായിരുന്നു പിന്നീട് വിദ്യാഭ്യാസ പ്രവര്‍ത്തകയായി മാറിയ അതിഷി. 

വിദ്യാഭ്യാസ മേഖലയില്‍ പ്രതിഫലേച്ഛയില്ലാതെ പ്രവര്‍ത്തിച്ചിരുന്ന അതിഷി നിരവധി എന്‍ജിഒകളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. അവിടെ നിന്നാണ് ആം ആദ്മിയിലെത്തുന്നത്. 2013 ല്‍ ആം ആദ്മിയുടെ നയപരിപാടികളുടെ രൂപീകരണത്തില്‍ പ്രധാന പങ്കാളിയായിരുന്നു അവര്‍. അന്നുമുതല്‍ പാര്‍ട്ടിയുടെ വക്താവാണ് അവര്‍. 

'ഞാന്‍ കരുതുന്നത് ഡല്‍ഹിയിലെ ജനങ്ങള്‍ അതങ്ങ് തീരുമാനിച്ചുവെന്നാണ്. അവരുടെ മനസ്സില്‍ ഒരൊറ്റ പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് അരവിന്ദ് കെജ് രിവാള്‍ എന്നായിരുന്നു. അവസാനം അവര്‍ വികസനത്തിന്റെ പേരില്‍ വേട്ട് രേഖപ്പെടുത്തിയിരിക്കുന്നു.' ഡല്‍ഹിയില്‍ ആം ആദ്മി നേടിയ വിജയത്തെ കുറിച്ച് അതിഷി പറഞ്ഞു. 

മന്ത്രിസഭയില്‍ കാണുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പാര്‍ട്ടി പറയുന്നതെല്ലാം താന്‍ അംഗീകരിക്കുമെന്നായിരുന്നു മറുപടി. എഎപിക്ക് വീണ്ടും അവസരം തന്ന ഡല്‍ഹി ജനങ്ങള്‍ക്ക് നന്ദി പറയാനും അവര്‍ മറന്നില്ല. ഇക്കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അതിഷി മത്സരിച്ചിരുന്നു, എന്നാല്‍ ബിജെപി സ്ഥാനാര്‍ഥിയായ ഗൗതം ഗംഭീറിനോട് പരാജയപ്പെട്ടിരുന്നു. 

അധ്യാപകരായ വിജയ് സിംഗിന്റെയും തൃപ്ത വാഹിയുടെയും മകളായി 1981 ലാണ് അതിഷി ജനിക്കുന്നത്. മിശ്രവിവാഹിതവിജയ് സിങ്ങും തൃപ്തയും. അതുകൊണ്ടുതന്നെ അവര്‍ മകള്‍ക്ക് പേരിനൊപ്പം കമ്മ്യൂണിസ്റ്റ് ചിന്തകനായ മാര്‍ക്‌സിന്റേയും ലെനിന്റേയും പേരുകള്‍ ചേര്‍ത്ത മര്‍ലേന എന്നത് സര്‍നെയിമായി നല്‍കി. 

Content Highlights: Atishi Marlena Wins After Tense Fight