ന്നു കഴിഞ്ഞു, ഇനി പ്രശാന്ത് കിഷോറിന് മുന്നിലുള്ളത് രണ്ടുകടമ്പകള്‍ കൂടിയാണ്, പശ്ചിമ ബംഗാളും തമിഴ്‌നാടും.

ഡല്‍ഹിയുടെ വികസന ലക്ഷ്യങ്ങള്‍ ഊന്നിപ്പറഞ്ഞ് ജനനായകനായി അരവിന്ദ് കെജ്‌രിവാള്‍ മൂന്നാംതവണയും ജയിച്ചു കയറുമ്പോള്‍ വിജയിക്കുന്നത് പ്രശാന്ത് കിഷോര്‍ എന്ന തിരഞ്ഞെടുപ്പ് വിദഗ്ധന്റെ തന്ത്രങ്ങള്‍ കൂടിയാണ്. ഡല്‍ഹി ജനതയോട് ഹൃദയത്തിന്റെ ഭാഷയില്‍ കെജ് രിവാള്‍ നന്ദി രേഖപ്പെടുത്തിയപ്പോള്‍ ഇന്ത്യയുടെ ആത്മാവിനെ സംരക്ഷിക്കുന്നതിനായി നിലകൊണ്ട ഡല്‍ഹിക്ക് നന്ദിയെന്ന് പ്രശാന്തും ട്വിറ്ററില്‍ കുറിച്ചു. 

കഴിഞ്ഞ ആറുമാസമായി കെജ്‌രിവാളിനൊപ്പം പ്രശാന്ത് കിഷോര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഏറ്റുമുട്ടല്‍ ഉപേക്ഷിച്ച് വികസന നായകനായി സ്വയം പുനര്‍നാമകരണം ചെയ്യുക എന്ന ഉപദേശമാണ് കെജ്‌രിവാളിന് പ്രശാന്ത് കിഷോര്‍ നല്‍കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതുകൊണ്ടുതന്നെ കെജ്‌രിവാള്‍ മുന്നോട്ടു നീങ്ങിയത് ബുദ്ധിപൂര്‍വം തന്നെയായിരുന്നു. വര്‍ഗീതയയെ ബിജെപി ആയുധമാക്കിയപ്പോള്‍ അവ തൊടാതെ ഡല്‍ഹിയുടെ വികസനമെന്ന ലക്ഷ്യങ്ങള്‍ മാത്രം കെജ്രിവാള്‍ മുന്നോട്ടുവെച്ചു. 

വിദ്വേഷ പ്രചാരണത്തിലൂടെ ബിജെപി ഒരുക്കിയ കെണികളില്‍ നിന്ന് സമര്‍ഥമായ അകലം പാലിച്ച് നടന്ന കെജ്‌രിവാള്‍ തന്നെ തീവ്രവാദിയെന്ന് വിളിച്ചപ്പോള്‍ അതിനെ നേരിട്ടത് പകരം പോര്‍വിളി നടത്തിയായിരുന്നില്ല. മറിച്ച് വൈകാരികമായിട്ടായിരുന്നു. 'ഡല്‍ഹിക്ക് വേണ്ടി രാവും പകലും അധ്വാനിച്ചതിനാണോ എന്നെ തീവ്രവാദിയെന്ന് വിളിക്കുന്നതെ'ന്ന് വികാരഭരിതനായി കെജ്‌രിവാള്‍ ചോദിച്ചപ്പോള്‍ കെജ്‌രിവാളിന്റെ മകള്‍ ഹര്‍ഷിത എത്തിയത് അതിനേക്കാള്‍ മികച്ച വിശദീകരണവുമായാണ്. 

കുടുംബാംഗങ്ങളെ അതിരാവിലെ എഴുന്നേല്‍പ്പിച്ച് ഗീത വായിക്കാന്‍ നിര്‍ബന്ധിക്കുകയും ഗീത പഠിപ്പിക്കുകയും ചെയ്ത അച്ഛന്‍ തീവ്രവാദി ആകുമോ എന്നായിരുന്നു ഹര്‍ഷിത ചോദിച്ചത്. തങ്ങളും ഹിന്ദുമത വിശ്വാസികളാണെന്ന് ഓര്‍മിപ്പിക്കാന്‍ ആ വാചകം ധാരാളമായിരുന്നു. ജനങ്ങള്‍ക്ക് വേണ്ടി ചികിത്സാ സൗകര്യങ്ങള്‍ സൗജന്യമാക്കിയതാണോ തീവ്രവാദം, വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതാണോ തീവ്രവാദം,വൈദ്യുതി -ജല വിതരണം അഭിവൃദ്ധിപ്പെടുത്തിയതാണോ തീവ്രവാദം? എന്നീ ചോദ്യങ്ങളിലൂടെ കെജ് രിവാള്‍ ഭരണകാലത്ത് നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ ഓര്‍മിപ്പിക്കുകയും ചെയ്തു. വിദ്വേഷ പ്രചാരണങ്ങള്‍ അവസാനിപ്പിക്കാന്‍ തയ്യാറാകാതിരുന്ന ബിജെപിയെ കേട്ടില്ലെന്ന് നടിച്ച് വാഗ്ദാനം ചെയ്ത വികസന പ്രവര്‍ത്തനങ്ങളുമായി കെജ്‌രിവാള്‍ മുന്നോട്ട് പോയി. പ്രവര്‍ത്തകര്‍ പ്രതിഷേധമാര്‍ച്ചുമായും. 

മോദിയെ ലക്ഷ്യമിട്ടുളള പ്രത്യക്ഷ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുക എന്നുള്ളതായിരുന്നു പ്രശാന്തിന്റെ തന്ത്രങ്ങളില്‍ പ്രധാനപ്പെട്ടത്. കാരണം ആം ആദ്മിക്ക് ധാരാളം ബിജെപി വോട്ടുകള്‍ ലഭിക്കാനുണ്ടെന്നും അതിനാല്‍ അവര്‍ക്കെതിരെ തിരിയുന്നതില്‍ അര്‍ഥമില്ലെന്നുള്ളതുമായിരുന്നു അതിനുപിന്നിലെ വാദം. എന്നാല്‍ ധ്രുവീകരണ രാഷ്ട്രീയം തലക്കെട്ടുകളില്‍ ഇടംനേടിയതോടെ ഹനുമാന്‍ ചാലിസ ചൊല്ലുന്നത് കെജ്രിവാളിന്റെ ചെയ്യാനുളളവയുടെ പട്ടികയില്‍ ഇടംനേടി. ഇടയ്‌ക്കൊരിക്കല്‍ ഹനുമാന്‍ ക്ഷേത്ര സന്ദര്‍ശനവും കെജ്‌രിവാള്‍ നടത്തി. നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് എല്ലാ നിയോജക മണ്ഡലത്തിലെയും 25,000 വീടുകളില്‍ എത്തിക്കുകയും 15,000 വോട്ടര്‍മാര്‍ക്ക് കത്തുകളയക്കുകയും ചെയ്തു. കെജ്രിവാള്‍ എന്ന നേതാവിന്റെ മൂല്യമുയര്‍ത്തുക മാത്രമായിരുന്നു അതിന്റെ ലക്ഷ്യം.  

റോഡ് ഷോയിലെ ജനപങ്കാളിത്തം പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്നപ്പോള്‍ തനിക്ക് വേണ്ടി മുദ്രാവാക്യം വിളിക്കുന്നവരെ തനിച്ചാക്കി പോകുന്നതെങ്ങനെ എന്ന് ചോദിച്ച് നാമനിര്‍ദേശ പത്രിക കൊടുക്കുന്നത് പോലും മാറ്റിവെച്ച കെജ്രിവാളിനെ ഈ തിരഞ്ഞെടുപ്പില്‍ ഡല്‍ഹി കണ്ടു. തനിക്കെല്ലാം ജനങ്ങളാണെന്നും അവരുടെ സ്‌നേഹമാണെന്നും പ്രവൃത്തിയിലൂടെ തെളിയിക്കുകയായിരുന്നു കെജ്‌രിവാള്‍. ഷീലാ ദീക്ഷിതിന് ശേഷം ഒരു നേതാവിനെ മുന്നില്‍ നിര്‍ത്താനില്ലാതെ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞ, അമിത് ഷായും മോദിയുമടക്കം ദേശീയ നേതാക്കളെല്ലാം പ്രചാരണത്തിനിറങ്ങി ബിജെപി കരുത്തു തെളിയിച്ച 2020-ലെ ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്‌രിവാളിനെ മുന്നില്‍ നിര്‍ത്തിയാണ് ആം ആദ്മി വീണ്ടും ജയിച്ചുകയറിയത്. 

തികഞ്ഞ അച്ചടക്കത്തിലൂടെ ആത്മസംയമനത്തോടെയാണ് ഓരോ ആം ആദ്മി നേതാവും പ്രചാരണത്തിന് ഇറങ്ങിയത്. അതിന്റെ മുഴുവന്‍ ക്രെഡിറ്റും ബുദ്ധികേന്ദ്രമായ പ്രശാന്ത് കിഷോറിനുള്ളതാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെയും പാര്‍ട്ടി തീരുമാനങ്ങള്‍ക്കെതിരെയും പരസ്യ നിലപാടെടുത്തതിന് ജെഡിയു ഉപാധ്യക്ഷ സ്ഥാനത്ത് നിന്ന് പ്രശാന്ത് കിഷോറിനെ പുറത്താക്കിയതും എഎപിക്ക് ഗുണമായി ഭവിച്ചു. 

ഇനി പ്രശാന്തിന് മുന്നിലുള്ളത് മമതയുടെ തിരഞ്ഞെടുപ്പാണ്. കെജ്‌രിവാളിന് പുറമേ മമത ബാനര്‍ജിയുടെയും എം.കെ.സ്റ്റാലിന്റെയും തിരഞ്ഞെടുപ്പ് ഉപദേശകനാണ് പ്രശാന്ത്. പശ്ചിമ ബംഗാള്‍ ബിജെപിയുടെ ശവപ്പെട്ടിയില്‍ അവസാന ആണിയടിക്കുമെന്ന് മമത പ്രഖ്യാപിച്ചുകഴിഞ്ഞു. അതുകൊണ്ടുതന്നെ അടുത്ത വര്‍ഷം പ്രശാന്തിന് മുന്നിലുള്ളത് വലിയ വെല്ലുവിളി തന്നെയാണ്. 

Content Highlights: Election Strategist Prasanth Kishore