ല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ രണ്ടാം തവണയും കോണ്‍ഗ്രസ് സംപൂജ്യരായി. കേരളത്തിലെ ഏതെങ്കിലും ഒരു ജില്ലയുടെ പോലും വലുപ്പമില്ലാത്ത ഡല്‍ഹിയില്‍ പരമ്പരാഗത വോട്ടര്‍മാരെ ആം ആദ്മി പാര്‍ട്ടിക്ക് ദാനം നല്‍കിയാണ് കോണ്‍ഗ്രസ് പരാജയത്തിലേക്ക് കൂപ്പുകൂത്തിയത്. തോല്‍വിക്ക് ആരാണ് ഉത്തരവാദി? ഒറ്റ ഉത്തരം മാത്രം, ദിശാബോധമില്ലാത്ത നേതൃത്വം.

തുടക്കം പാളി, ഒടുക്കവും

2019 ഡിസംബര്‍ 14. രാംലീല മൈതാനം. ഭാരത് ബച്ചാവോ റാലി. എ.ഐ.സി.സി. നേതൃത്വം അന്തം വിട്ടുപോയ ജനപങ്കാളിത്തം. സുഭാഷ് ചോപ്രയെന്ന പി.സി.സി. അധ്യക്ഷന്റെ സംഘാടക മികവിനെ ഹൈക്കമാന്‍ഡ് പ്രശംസ കൊണ്ടുമൂടി. എന്നാല്‍ ആവേശഭരിതരായ ജനക്കൂട്ടം നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ കൈവിട്ടു. അണികള്‍ക്കൊപ്പം ഉണ്ടെന്ന് ബോധ്യപ്പെടുത്താന്‍ നേതാക്കള്‍ പരാജയപ്പെട്ടു.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ സ്ഥാനാര്‍ഥികളെ തേടി നെട്ടോട്ടത്തിലായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 22.46 ശതമാനം വോട്ട് നേടി രണ്ടാമതെത്തിയ പാര്‍ട്ടിക്ക് കുറഞ്ഞത് അഞ്ച് മണ്ഡലങ്ങളില്‍ ജയപ്രതീക്ഷയുണ്ടായിരുന്നു. മുതിര്‍ന്ന നേതാക്കളോട് മത്സരിക്കാനായിരുന്നു ഹൈക്കമാന്‍ഡ് നിര്‍ദേശം. എന്നാല്‍ അജയ് മാക്കന്‍, ജെ.പി. അഗര്‍വാള്‍, രാജേഷ് ലിലോത്തിയ, നസീബ് സിങ്, മഹാബാല്‍ മിശ്ര എന്നിവര്‍ വിസമ്മതിച്ചു.

പഴയ പടക്കുതിരകളായ അരവിന്ദര്‍ സിങ് ലൗവ്‌ലിയും ഹാരൂണ്‍ യൂസഫും മാത്രമാണ് ഭാഗ്യം പരീക്ഷിക്കാന്‍ ഇറങ്ങിയത്. ശിവാനി ചോപ്ര, പ്രിയങ്ക സിങ്, പൂനം ആസാദ് എന്നിവര്‍ക്ക് സീറ്റ് നല്‍കിയതോടെ കുടുംബരാഷ്ട്രീയം ഊട്ടിയുറപ്പിക്കപ്പെട്ടു. ജനങ്ങള്‍ക്കിടയില്‍ സ്വാധീനമില്ലാത്തവരായിരുന്നു മിക്ക സ്ഥാനാര്‍ഥികളും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 31 ദിവസം നീണ്ട പ്രചാരണത്തിന്റെ 28 ദിവസവും നേതാക്കള്‍ ചിത്രത്തിലില്ലായിരുന്നു. അവസാന നാല് ദിവസം പേരിനൊരു പ്രചാരണം. ആം ആദ്മി പാര്‍ട്ടിക്ക് വീണ്ടും വോട്ട് ചെയ്യാന്‍ തീരുമാനമെടുത്ത സ്വന്തം അണികളുടെ മനസ് മാറ്റാന്‍ വൈകിയെത്തിയ നേതാക്കള്‍ക്കും കഴിഞ്ഞില്ല.

നയിക്കാന്‍ നേതാവില്ലാത്ത ആള്‍ക്കൂട്ടം

ഷീല ദീക്ഷിത് വിടവാങ്ങിയ ശേഷം നാഥനില്ലാത്ത അവസ്ഥയിലായിരുന്നു ഡല്‍ഹിയില്‍ കോണ്‍ഗ്രസ്. അനാരോഗ്യം മൂലം അജയ് മാക്കന്‍ സജീവമല്ല. ജെ.പി. അഗര്‍വാളിനേയും ഹാറൂണ്‍ യൂസഫിനേയും പ്രായാധിക്യം അലട്ടുന്നു. ബി.ജെ.പിയില്‍ പോയി മടങ്ങിയെത്തിയ മുന്‍ അധ്യക്ഷന്‍ അരവിന്ദര്‍ സിങ് ലൗവ്ലിയില്‍ നേതാക്കള്‍ക്ക് വിശ്വാസമില്ല. സന്ദീപ് ദീക്ഷിത് ഒതുക്കപ്പെട്ടു. ഇതോടെ സംസ്ഥാന ചുമതലയുളള എഐസിസി സെക്രട്ടറി പി സി ചാക്കോയെ ചുറ്റിപ്പറ്റിയായിരുന്നു കുറെ കാലം പാര്‍ട്ടിയുടെ പ്രവര്‍ത്തനം. 

നേതാക്കള്‍ തമ്മിലുളള അഭിപ്രായഭിന്നതയും രൂക്ഷമായി. പി.സി. ചാക്കോ ഉണ്ടാക്കിയ മാനസിക സമ്മര്‍ദ്ദമാണ് ഷീല ദീക്ഷിന്റെ അപ്രതീക്ഷിത വിയോഗത്തിനു കാരണമെന്ന് സന്ദീപ് ദീക്ഷിത് ആരോപിച്ചതോടെ പൊട്ടിത്തെറിയുണ്ടായി. വൈകാതെ എഴുപത്തിമൂന്നുകാരന്‍ സുഭാഷ് ചോപ്ര അധ്യക്ഷനായി അവരോധിക്കപ്പെട്ടു. മൂന്നു തവണ കല്‍ക്കാജിയില്‍നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും പ്രവര്‍ത്തകര്‍ക്ക് ഒട്ടും ആവേശമായിരുന്നില്ല ചോപ്ര.

എവിടെ പോയി വോട്ട്?

1952-ലാണ് ഡല്‍ഹിയില്‍ ആദ്യ നിയമസഭാ തിരഞ്ഞെടുപ് നടന്നത്. 48 മണ്ഡലങ്ങളിലേക്കുളള തിരഞ്ഞെടുപ്പില്‍ 37 സീറ്റോടെ കോണ്‍ഗ്രസ് അധികാരത്തിലെത്തി. 1956-ല്‍ കേന്ദ്രഭരണ പ്രദേശമായി മാറിയതോടെ ദീര്‍ഘകാലം രാഷ്ട്രപതി ഭരണത്തിന്‍ കീഴിലായി. 93-ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. അധികാരത്തിലെത്തി. എന്നാല്‍ 98-ല്‍ ഷീല ദീക്ഷിതിനെ മുന്‍നിര്‍ത്തി കോണ്‍ഗ്രസ് ജയിച്ചുകയറി. 70 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 47ശതമാനം വോട്ടോടെ 52 സീറ്റാണ് കോണ്‍ഗ്രസ് നേടിയത്. 2003-ലും 2008-ലും ഷീലായുഗം തുടര്‍ന്നു. 2003-ല്‍ 48 ശതമാനം വോട്ടും 47 സീറ്റുമായിരുന്നു സമ്പാദ്യം. 2008-ലാകട്ടെ 43 സീറ്റും 40 ശതമാനം വോട്ടും.

ആം ആദ്മി പാര്‍ട്ടിയുടെ ഉദയത്തിനുശേഷം 2013-ലെ തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസിന്റെ കഷ്ടകാലം ആരംഭിക്കുന്നത്. വെറും 8 സീറ്റിലൊതുങ്ങിയ പാര്‍ട്ടിയുടെ വോട്ട് ശതമാനം 24 ആയി കുറഞ്ഞു. ഷീല ദീക്ഷിത് ഉള്‍പ്പടെ പ്രമുഖര്‍ പരാജയപ്പെട്ടു. 2015-ലെ തിരഞ്ഞെടുപ്പോടെ സമ്പൂര്‍ണ പതനത്തിലേക്കുളള യാത്രയായി. 

ആപ്പിന്റെ തേരോട്ടം കണ്ട തിരഞ്ഞെടുപ്പില്‍ ചരിത്രത്തില്‍ ആദ്യമായി സംസ്ഥാനത്ത് കോണ്‍ഗ്രസ് അക്കൗണ്ട് തുറക്കാതെ നാണംകെട്ടു. 9 ശതമാനം വോട്ട്. 2013-നേക്കാള്‍ 15 ശതമാനം വോട്ട് ചോര്‍ച്ച. 2020-ലും മാറ്റങ്ങളില്ലാതെ സംപൂജ്യര്‍. വോട്ട് ശതമാനം 4.

ബി.ജെ.പി. വോട്ട് നില വര്‍ധിപ്പിക്കുമ്പോഴും കോണ്‍ഗ്രസിന്റെ അടിത്തറ കൂടുതല്‍ കൂടുതല്‍ ഇളകി കൊണ്ടിരുന്നു. പരമ്പരാഗത വോട്ട് ബാങ്കായ ന്യൂനപക്ഷങ്ങളും ദളിത് പിന്നാക്ക വിഭാഗങ്ങളും ആം ആദ്മി പാര്‍ട്ടിയിലേക്ക് കൂട്ടമായി ഒഴുകി. ബി.ജെ.പിക്കെതിരേ ജയിക്കുന്ന പാര്‍ട്ടിക്കൊപ്പം നില്‍ക്കുകയെന്ന തന്ത്രമാണ് വോട്ടര്‍മാര്‍ സ്വീകരിച്ചത്. പൗരത്വ നിയമത്തിനെതിരായ സമരത്തിന് പിന്തുണ നല്‍കിയത് കോണ്‍ഗ്രസാണെങ്കിലും നേട്ടം കൊയ്തത് ആം ആദ്മി പാര്‍ട്ടിയായിരുന്നു. ആപ്പിലേക്ക് ഒഴുകിയ പരമ്പരാഗത വോട്ടുകള്‍ മടക്കി കൊണ്ടുവരുന്നത് കോണ്‍ഗ്രസിന് ദുഷ്‌കരമാണ്. നേതൃത്വമില്ലാത്ത പാര്‍ട്ടിയെ വിശ്വാസത്തിലെടുക്കാന്‍ ആര്‍ക്കാണ് കഴിയുക.

ദേശീയനേതൃത്വത്തെ കാണ്മാനില്ല

അരവിന്ദ് കെജ്‌രിവാളിനെ കേന്ദ്രീകരിച്ചായിരുന്നു ആം ആദ്മി പാര്‍ട്ടി പ്രചാരണം. ബി.ജെ.പിയാകട്ടെ ആഭ്യന്തരമന്ത്രി അമിത് ഷായെ മുന്‍നിര്‍ത്തി പോരാട്ടത്തിന് ആവേശം കൂട്ടി. കേന്ദ്രമന്ത്രിമാരും എം.പിമാരും കാവി പാര്‍ട്ടിക്കുവേണ്ടി നാടും നഗരവും ഇളക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആവേശമായി. എന്നാല്‍ പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ മിന്നായം പോലെയാണ് കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളെ കണ്ടത്. 

അനാരോഗ്യം കാരണം ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി പ്രചാരണത്തിനിറങ്ങിയില്ല. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രണ്ടു ദിവസത്തിനിടെ പ്രചാരണം നടത്തിയത് വെറും ആറ് മണ്ഡലങ്ങളില്‍. കെട്ടിവെച്ച കാശ് നഷ്ടമായവരില്‍ ഈ ആറ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളും ഉള്‍പ്പെടും. താത്പര്യമില്ലാതെയായിരുന്നു പല നേതാക്കളുടേയും പ്രചാരണം.

ശുഷ്‌ക്കമായ സദസിനെ അഭിസംബോധന ചെയ്യേണ്ടി വന്ന നേതാക്കള്‍ പരാജയം ചോദിച്ചു വാങ്ങി. പൗരത്വ നിയമത്തിനെതിരേ പ്രതിഷേധം ശക്തമായിരിക്കെ ബി.ജെ.പിയെ ഏത് വിധേനയും അധികാരത്തില്‍നിന്ന് അകറ്റുകയെന്ന തന്ത്രം പയറ്റിയെന്നാണ് നേതാക്കളുടെ അവകാശവാദം. ഒരുപക്ഷെ ഈ വാദം ശരിവെച്ചാല്‍ തന്നെ സ്വന്തം നിലനില്‍പ്പ് അപകടത്തില്‍ ആക്കിയിട്ട് എന്ത് നേടിയെന്നാണ് സാധാരണ പ്രവര്‍ത്തകരുടെ ചോദ്യം.

നാണം കെട്ട് കോണ്‍ഗ്രസ്

തന്ത്രപരമായ പിന്‍വാങ്ങല്‍. ഇങ്ങിനെയയാണ് പരാജയത്തെ ഹൈക്കമാന്‍ഡ് നേതാക്കള്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍ പിന്‍വാങ്ങല്‍ യാത്രാമൊഴിയാകുമോയെന്ന ആശങ്കയിലാണ് സാധാരണ പ്രവര്‍ത്തകര്‍. മത്സരിച്ചവരില്‍ 63 പേര്‍ക്കാണ് കെട്ടിവെച്ച കാശ് നഷ്ടമായത്. ദേശീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ക്കാണ് ഈ ദുരവസ്ഥ. തിരിച്ചുവരവ് അസാധ്യമാക്കും വിധമുണ്ടായ വോട്ട് ചോര്‍ച്ചയ്ക്ക് കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ തന്നെയാണ് ഉത്തരവാദികള്‍. 

സംസ്ഥാനത്ത് രണ്ടാം നിര നേതാക്കളെ വളര്‍ത്തിയെടുക്കാന്‍ താത്പര്യമില്ലാത്ത വിധമാണ് എ.ഐ.സി.സി. ഇടപെടല്‍. പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ശക്തമായ പ്രാദേശിക നേതൃത്വമാണ് പാര്‍ട്ടിയെ ജയത്തിലെത്തിച്ചത്. ഇവിടങ്ങളില്‍ നേതാക്കള്‍ക്കിടയിലെ അഭിപ്രായ ഭിന്നത മറികടക്കാന്‍ ശക്തമായ നേതൃത്വത്തിലൂടെ സംഘടനയ്ക്ക് കഴിയുന്നു. ഡല്‍ഹിയില്‍ അഴിച്ചു പണിക്കു താത്പര്യമുണ്ടെങ്കിലും നേതൃസ്ഥാനത്ത് ആരെ അവരോധിക്കുമെന്ന ചോദ്യത്തിന് ഉത്തരമില്ല.

Content Highlights: Congress mukth Delhi after state assembly election 2020