പട്‌ന: തിരഞ്ഞെടുപ്പ് റാലികള്‍ സംഘടിപ്പിക്കുന്നതില്‍ റെക്കോര്‍ഡ് കുറിച്ച് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്. ഒരു ദിവസത്തിനുള്ളില്‍ സംഘടിപ്പിച്ച ഏറ്റവും കൂടുതല്‍ തിരഞ്ഞെടുപ്പ് യോഗങ്ങളെന്ന റെക്കോര്‍ഡാണ് തേജസ്വി ശനിയാഴ്ച കുറിച്ചത്.

ശനിയാഴ്ച രാവിലെ മുതല്‍ 17 പൊതുയോഗങ്ങളിലും രണ്ട് റോഡ് ഷോകളിലുമാണ് തേജസ്വി പങ്കെടുത്തത്. ഒരു ദിവസം 16 യോഗങ്ങള്‍ എന്ന ലാലു പ്രസാദിന്റെ റെക്കോര്‍ഡാണ് മകനായ തേജസ്വിയിലൂടെ തിരുത്തപ്പെട്ടത്. 

ശനിയാഴ്ച രാവിലെ 10.5നായിരുന്നു തേജസ്വിയുടെ ആദ്യ റാലി. വൈകിട്ട് 4.45നായിരുന്നു അവസാന റാലി. ഇതിനിടയില്‍ നിരവധി പൊതുയോഗങ്ങളിലും പങ്കെടുത്തു. 

ബിഹാറില്‍ മഹാസഖ്യത്തെ നയിക്കുന്നത് തേജസ്വി യാദവാണ്. 2015 മുതല്‍ 2017 വരെ മഹാസഖ്യ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായിരുന്ന തേജസ്വിയാണ് ഇക്കുറി മഹാസഖ്യത്തിന്റെ താരപ്രചാരകന്‍. തേജസ്വിയുടെ വിദ്യാഭ്യാസയോഗ്യത, പരിചയസമ്പത്ത് എന്നിവ ഭരണപക്ഷം ചോദ്യംചെയ്യുന്നുണ്ടെങ്കിലും താഴെത്തട്ടിലെ ജനങ്ങള്‍ക്കിടയില്‍ തേജസ്വിക്ക് സ്വീകാര്യത വര്‍ധിച്ചിട്ടുണ്ട്.

Content Highlights: Tejashwi Yadav breaks Lalu's record, holds 19 public meetings in a day