കോട്ടയം: കഴിഞ്ഞ മൂന്ന് തവണ കൈവിട്ടെങ്കിലും ഇത്തവണ പാലാക്കാര്‍ മാണി സി.കാപ്പനെ കൈപിടിച്ച് കയറ്റി. കെ.എം.മാണി അടക്കി വാണിരുന്ന പാലാ നിയമസഭാ മണ്ഡലത്തെ ഇനി മറ്റൊരു മാണി നയിക്കും. 2943 വോട്ടുകളുടെ ഭൂരിപക്ഷത്തിന് യുഡിഎഫിന്റെ ജോസ് ടോമിനെ അട്ടിമറിച്ചാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി.കാപ്പന്‍ വിജയിച്ചിരിക്കുന്നത്.

54137 വോട്ടുകള്‍ മാണി സി.കാപ്പന്‍ നേടിയപ്പോള്‍ 51194 വോട്ടുകളെ ജോസ് ടോമിന്‌ നേടാനായുള്ളൂ. ബിജെപി സ്ഥാനാര്‍ഥി എന്‍.ഹരിക്ക് 18044 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ബിജെപിക്ക് ഇവിടെ 2016-ല്‍ 24821 വോട്ടുകളും ലോക്‌സഭയില്‍ 26533 വോട്ടുകളും ലഭിച്ചിരുന്നു.

കെ.എം.മാണിയുടെ മണ്ഡലത്തില്‍ വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും ജോസ് ടോമിന് മുന്നിലെത്താന്‍ സാധിക്കാത്തത് കേരള കോണ്‍ഗ്രസിനും യുഡിഎഫിനും കനത്ത നാണക്കേടുണ്ടാക്കി. അപ്രതീക്ഷിതമായിരുന്നു മാണി സി.കാപ്പന്റെ മുന്നേറ്റം. പാലായില്‍ മൂന്ന് തവണ കെ.എം.മാണിയോട് ഏറ്റുമുട്ടിയിട്ടുള്ള മാണി സി.കാപ്പന് ഓരോ തവണയും ഭൂരിപക്ഷം കുറച്ച് കൊണ്ട് വരാന്‍ സാധിച്ചിരുന്നു. ഇത്തവണ അദ്ദേഹം മണ്ഡലം പിടിച്ചെടുത്തു. കേരള കോണ്‍ഗ്രസിലെ തമ്മിലടിയും മണ്ഡലത്തിലെ ജനങ്ങളുമായുള്ള നീണ്ടകാലത്തെ ബന്ധവും കാപ്പനെ തുണച്ചു. എല്‍ഡിഎഫിന്റെ ചിട്ടയായ പ്രവര്‍ത്തനവും സഹായകരമായി.

മാസങ്ങള്‍ക്ക് മുമ്പ് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പാലായില്‍ നേടിയ 33472 എന്ന ഭൂരിപക്ഷത്തെ മറികടന്നാണ് കാപ്പന്‍ വലിയൊരു അട്ടിമറി സൃഷ്ടിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 

യുഡിഎഫിന്റെ എല്ലാ ശക്തികേന്ദ്രങ്ങളേയും നിഷ്പ്രഭമാക്കിയാണ് വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും കാപ്പന്‍ മുന്നേറിയത്. ആദ്യം വോട്ടെണ്ണിയ യുഡിഎഫിന്റെ ഉറച്ച കോട്ടയായ രാമപുരം കൈവിട്ടതോടെ തന്നെ ജോസ് ടോം പരാജയം മണത്തിരുന്നു. വോട്ട് മറിച്ചെന്ന ആരോപണവുമായി അദ്ദേഹം ഈ ഘട്ടത്തില്‍ തന്നെ രംഗത്തെത്തി.

രാമപുരം, കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂര്‍, ഏലിക്കുളം എന്നീ പഞ്ചായത്തുകളും പാലാ നഗരസഭയും മാണി സി.കാപ്പന് ലീഡ് നല്‍കിയപ്പോള്‍ മുത്തോലി, മീനച്ചില്‍, കൊഴുവനാല്‍ എന്നീ പഞ്ചായത്തുകള്‍ മാത്രമേ യുഡിഎഫിനെ തുണച്ചുള്ളൂ.

പാലാ കാര്‍മല്‍ പബ്ലിക് സ്‌കൂളിലാണ് വോട്ടെണ്ണല്‍ നടന്നത്. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. പോസ്റ്റല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ് ആദ്യം എണ്ണിയത്. 15 പോസ്റ്റല്‍ വോട്ടുകളും 14 സര്‍വീസ് വോട്ടുകളുമാണുള്ളത്. . 15 പോസ്റ്റല്‍ വോട്ടുകളില്‍ മൂന്നെണ്ണം അസാധുവാണ്. വോട്ടിനോടൊപ്പമുള്ള ഡിക്ലറേഷന്‍ ലഭിക്കാത്തതിനാലാണ് അസാധുവായത്. ആറ് വീതം വോട്ടുകള്‍ എല്‍ഡിഎഫിനും യുഡിഎഫിനും ലഭിച്ചു. 

14 സര്‍വീസ് വോട്ടുകളിലും മൂന്നെണ്ണം അസാധുവായി. സര്‍വീസ് വോട്ടുകളില്‍ മാണി സി.കാപ്പന് ആറും ബിജെപി സ്ഥാനാര്‍ഥി എന്‍.ഹരിക്ക് രണ്ടും ജോസ് ടോമിന് ഒന്നും വോട്ടുകള്‍ ലഭിച്ചു. സ്വതന്ത്രന്‍ സി.ജെ.ഫിലിപ്പിന് ഒരു വോട്ടും ഒരു വോട്ട് നോട്ടക്കുമാണ് ലഭിച്ചത്. നോട്ടക്ക് ആകെ 742 വോട്ടുകള്‍ ലഭിച്ചു.

സ്ഥാനാര്‍ഥികളുടെ പേര്  പാര്‍ട്ടി വോട്ട്
Mani.C.Kappan
NCP 54137
Jose Tom
IND 51194
Hari.N BJP 18044
C.J.Philip
IND 1085
Maju Puthenkandam
IND 1012
N O T A
  742
George Pooveli IND 565
Tom Thomas IND 303
Ignatious Illimoottil
IND 233
Joseph Jacob IND 178
Joemon Joseph Srampickal IND 130
Babu Joseph IND 130
Joby Thomas IND 112
Sunilkumar
IND 97
Invalid Votes   6

Content Highlights: Pala byelection result- ldf's mani c kappan win-ncp