രാജസ്ഥാൻ വിധിയെഴുതുമ്പോൾ...

ജനഹിതം 2019

ഇന്ത്യ അണുബോംബ് നിർമിച്ചിരിക്കുന്നത് ദീപാവലിക്ക് പൊട്ടിക്കാനല്ലെന്ന്  നരേന്ദ്രമോദി പ്രഖ്യാപിച്ചത് രാജസ്ഥാനിലെ ബാഡ്‌മേറിലെ പ്രചാരണയോഗത്തിലാണ്. മുൻ പ്രതിരോധമന്ത്രിയും ബി.ജെ.പി. നേതാവുമായ ജസ്വന്ത് സിങ്ങിന്റെ മകൻ മാനവേന്ദ്രസിങ് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന അതേ മണ്ഡലത്തിൽ. എന്നിട്ട് അദ്ദേഹം ഒരു കഥയോ അനുഭവമോ സദസ്സുമായി പങ്കുവെച്ചു. ‘‘കഴിഞ്ഞ ദീപാവലിക്ക് ഞാൻ ഹിമാലയത്തിലെ അതിർത്തിയിലെ പട്ടാളക്കാർക്ക്  ഒപ്പമായിരുന്നു. അവിടെവെച്ച് ഒരു മുതിർന്ന സിഖ് സൈനികൻ എന്നെ സമീപിച്ചു. വിരമിക്കാൻ അല്പനാൾകൂടിയേ ഉള്ളൂ. അദ്ദേഹം ഒരു അപേക്ഷ നൽകി. ശത്രുക്കളെ കൊല്ലാൻ അവസരമുള്ള ഒരുസ്ഥലത്തേക്ക് തന്നെ അയക്കണം. തീവ്രവാദികളുടെ കൂട്ടിലേക്ക് തന്നെ അയക്കണം. അവരെ വകവരുത്തിയിട്ട് വിരമിക്കണം...’’

രാജസ്ഥാൻ രാജ്യത്തിന് ധാരാളം പട്ടാളക്കാരെ നൽകുന്ന സംസ്ഥാനമാണ്. പുൽവാമയിലെ അഞ്ച് രക്തസാക്ഷികളാണ് രാജസ്ഥാനിൽനിന്നുള്ളത്. നാട്ടുകാരുടെ ചോരതിളപ്പിക്കുന്ന വാക്കുകളാണ് പ്രധാനമന്ത്രിയിൽനിന്ന് പുറപ്പെടുന്നത്.

ഇതേസമയം, വടക്കൻ ജില്ലയായ ഹനുമാൻഗഢിൽ കർഷകർ ഒരു പ്രക്ഷോഭത്തിലാണ്. കിസാൻ ക്രെഡിറ്റ് കാർഡ് വായ്പയുടെ തിരിച്ചടവ്‌ മുടങ്ങിയ കർഷകരുടെ വസ്തുക്കൾ ബാങ്കുകൾ ജപ്തിചെയ്യുന്നതിനെതിരാണ് സമരം. കർഷകപ്രശ്നങ്ങളുടെ പേരിലാണ് സംസ്ഥാനത്ത് കഴിഞ്ഞ ഡിസംബറിൽ കോൺഗ്രസ് അധികാരത്തിൽവന്നത്. വായ്പ എഴുതിത്തള്ളുന്നതിന്റെ പേരിലാണ് ഇപ്പോഴും വോട്ടുചോദിക്കുന്നത്. പക്ഷേ, അനേകം കർഷകർ  അതിനുപുറത്താണ്. അവർക്ക് രണ്ടുസർക്കാരുകളോടും രോഷമുണ്ട്. പക്ഷേ, പട്ടാളക്കാർക്കുവേണ്ടിയുള്ള വായ്‌ത്താരിയുടെയത്ര മുഴക്കം 51 ശതമാനംവരുന്ന കർഷകർക്കുവേണ്ടി കാണുന്നില്ല.

അതിനാൽ ബി.ജെ.പി.ക്ക് മേൽക്കൈ ഉണ്ടെന്നുപറയാം. സാധാരണ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന പാർട്ടി ലോക്‌സഭയിലും വിജയിക്കുന്ന ചരിത്രമാണ് ഇവിടെയുള്ളത്. അത് തിരുത്തപ്പെട്ടേക്കാം. ചരിത്രം ആദ്യം തിരുത്തിയത് കാർഗിൽ യുദ്ധത്തിനുപിന്നാലെ നടന്ന 1999-ലെ തിരഞ്ഞെടുപ്പാണ്. സംസ്ഥാനം  കോൺഗ്രസ് ഭരിച്ചിട്ടും അന്ന് 25-ൽ ബി.ജെ.പി 16 സീറ്റുകൾ നേടിയിരുന്നു. മുഴുവൻ സീറ്റുകളും ബി.ജെ.പി. നേടിയ 2014-ലെ ഫലം ആവർത്തിക്കുക ബുദ്ധിമുട്ടാണ്. സംസ്ഥാനത്തെ പ്രഖ്യാതമായ വാതുവെപ്പ് വിപണി ബി.ജെ.പി.ക്ക് 18 സീറ്റും കോൺഗ്രസിന് ഏഴും പ്രവചിക്കുന്നു. 13 മുതൽ 16 സീറ്റുകൾവരെ ബി.ജെ.പി.ക്കും 9 മുതൽ 12 വരെ സീറ്റുകൾ കോൺഗ്രസും നേടാനാണ് സാധ്യതയെന്നാണ് ജയ്‍പുരിലെ ഒരു മുതിർന്ന പത്രപ്രവർത്തകന്റെ അഭിപ്രായം. തെക്കൻ രാജസ്ഥാനിലെ  13 സീറ്റുകളിലേക്ക് ഏപ്രിൽ 29-നും വടക്കുള്ള 12 ഇടത്ത് മേയ് ആറിനുമാണ് വോട്ടെടുപ്പ്.

സഖ്യമില്ലാതെ കോൺഗ്രസുകാർ

നിയമസഭയിൽ രണ്ടുസീറ്റുള്ള സി.പി.എം., ആറുസീറ്റുകളുള്ള ബി.എസ്.പി., രണ്ടുസീറ്റുള്ള ബി.ടി.പി. എന്നിവരുമായൊന്നും കോൺഗ്രസിന് ധാരണയില്ല. ഈ പാർട്ടികൾ അവരവരുടെ ശക്തികേന്ദ്രങ്ങളിൽ മത്സരിക്കുന്നത് കൂടുതൽ ബാധിക്കുക കോൺഗ്രസിനെയാണുതാനും. ആർ.എൽ.പി.യെ ബി.ജെ.പി. അടിച്ചുമാറ്റിയെങ്കിൽ ഭാരതീയ ട്രൈബൽ പാർട്ടിയുമായുള്ള ചർച്ചകൾ പൊളിഞ്ഞുപോയി.

ഗുജറാത്തിലെയും രാജസ്ഥാനിലെയും ആദിവാസിമേഖലകളിൽ ശക്തിപ്രാപിച്ചുവരുന്ന പ്രസ്ഥാനമാണ് ബി.ടി.പി. ഗുജറാത്തിലെ മുതിർന്ന എം.എൽ.എ. ഛോട്ടുവസാവയുടെ നേതൃത്വത്തിലുള്ള ഈ സംഘടനയിൽ വിദ്യാസമ്പന്നരായ ധാരാളം ആദിവാസിയുവാക്കൾ അണിനിരക്കുന്നു. രണ്ടുസംസ്ഥാനങ്ങളിലും കോൺഗ്രസുമായി ചർച്ചകൾ നടന്നെങ്കിലും ധാരണയിലെത്തിയില്ല. രാജസ്ഥാനിലെ ബൻസാഡ മണ്ഡലത്തിലെ രണ്ട് നിയമസഭാസീറ്റുകൾ ഇവർ ഒറ്റയ്ക്കുമത്സരിച്ച് നേടിയിരുന്നു. ആശയപരമായി ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ എതിരാളികളാണിവർ. പ്രകൃതിയാണ് തങ്ങളുടെ ദൈവമെന്നും ആർ.എസ്.എസും ക്രിസ്ത്യൻ മിഷണറിമാരും അതിന്റെ തനിമ നശിപ്പിക്കുന്നുവെന്നും ഇവർ ആരോപിക്കുന്നു. ബൻസാഡ, ഉദയ്‌പുർ, ചിത്തോർ, ജോധ്പുർ മണ്ഡലങ്ങളിൽ ബി.ടി.പി. മത്സരിക്കുന്നുണ്ട്.

സ്ഥാനാർഥിനിർണയമാണ് കോൺഗ്രസിന് പാരയായ മറ്റൊരു ഘടകം. ഗഹ്‌ലോത്, പൈലറ്റ്, സി.പി. ജോഷി തുടങ്ങിയ അധികാരകേന്ദ്രങ്ങൾ വിജയത്തെക്കാൾ തങ്ങളുടെ സ്ഥാനാർഥികൾക്ക് സീറ്റുനൽകാൻ ശ്രദ്ധ കാണിച്ചു. അജ്‌മേറിൽ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച രഘുശർമയ്ക്ക് സീറ്റ് നൽകിയില്ല. നിലവിൽ സംസ്ഥാനമന്ത്രിയാണ് അദ്ദേഹം. ഇപ്പോൾ ആ മണ്ഡലത്തിൽ ബി.ജെ.പി. ക്കാണ് മുൻതൂക്കം കാണുന്നത്. പാർട്ടിയുടെ ചീഫ് വിപ്പ് മഹേഷ് ജോഷിയെ നിർത്തിയാൽ ജയ്‍പുരിലും മന്ത്രി ഉദയ്‌ലാൽ അഞ്ജാനയെ മത്സരിപ്പിച്ചാൽ ചിത്തോറിലും കോൺഗ്രസിന്  നല്ല മത്സരം കാഴ്ചവെക്കാനായേനെ. അടുത്തുകിടക്കുന്ന ഗുജറാത്തിൽ കോൺഗ്രസിന് ശക്തിയുള്ള മണ്ഡലങ്ങളിൽ ബി.ജെ.പി. സീനിയർ മന്ത്രിമാരെവരെ മത്സരിപ്പിച്ചിരുന്നു. ആ വിജയദാഹം രാജസ്ഥാനിൽ കോൺഗ്രസിനില്ല. സംസ്ഥാന നിയമസഭയിലെ നേരിയ ഭൂരിപക്ഷവും കേന്ദ്രഭരണം ഉറപ്പില്ലാത്തതിനാൽ മന്ത്രിപദം വിടാനുള്ള എം.എൽ.എ.മാരുടെ മടിയും തടസ്സങ്ങളായി.

നിയമസഭാ തിരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനമാണ് മറ്റൊരു തലവേദന. 18,000 കോടി രൂപയുടെ കാർഷികവായ്പ തള്ളിയെങ്കിലും ഇനിയും പല ബാങ്കുകളും പരിധിക്ക് പുറത്താണ്. തൊഴിൽരഹിതവേതനം പ്രഖ്യാപിച്ചിട്ടും യുവാക്കളുടെ അക്കൗണ്ടിലെത്തിയില്ലെന്ന പരാതി വ്യാപകമാണ്. ഗുജ്ജർ പ്രക്ഷോഭം വിജയകരമായി ഒത്തുതീർപ്പാക്കിയെങ്കിലും സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാത്തതിന്റെ രോഷം ആ സമുദായത്തിനുണ്ട്. മാലി(ഒ.ബി.സി), മുസ്‍ലിം, മേഘവൽ(എസ്.സി.) എന്ന തന്റെ ട്രിപ്പിൾ എം ഫോർമുലയിൽ വിശ്വാസം അർപ്പിച്ചാണ് മുഖ്യമന്ത്രി ഗഹ്‌ലോതിന്റെ നീക്കം. ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും ഗഹ്‌ലോതും ഒന്നിച്ച് പ്രചാരണം നയിക്കുന്നത് കോൺഗ്രസിന് ആവേശം നൽകുന്നുണ്ട്.

ആവേശപ്പോരാട്ടങ്ങൾ

ലഡാക്ക് കഴിഞ്ഞാൽ ഇന്ത്യയിലെ വലിയ മണ്ഡലമായ ബാഡ്‌മേറിലാണ് ഏറ്റവും കടുത്തപോരാട്ടം നടക്കുന്നത്. ബി.ജെ.പി.യുടെ പഴയ എം.പി.യും എം.എൽ.എ.യുമായ മാനവേന്ദ്രസിങ് കോൺഗ്രസ് സ്ഥാനാർഥി. കൈലാഷ് ചൗധരിയാണ് ബി.ജെ.പി.യുടെ സ്ഥാനാർഥി. മുൻ ബി.ജെ.പി. നേതാവ് ജസ്വന്ത് സിങ്ങിന്റെ മകനാണ് മാനവേന്ദ്രസിങ്.

സമീപത്തെ ജോധ്പുരിൽ മുഖ്യമന്ത്രിയുടെ മകൻ വൈഭവ് ഗഹ്‌ലോത്  കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്തിനോട് ഉശിരൻപോരാട്ടം കാഴ്ചവെക്കുന്നു. ഇവിടെ എട്ടിൽ ആറ് നിയമസഭാ മണ്ഡലങ്ങളും കോൺഗ്രസ് നേടിയിരുന്നു.

വസുന്ധരരാജെ സിന്ധ്യയുടെ മകൻ ദുഷ്യന്ത് സിങ് മത്സരിക്കുന്ന ജലാവർ ബാരനാണ് മറ്റൊരു ശ്രദ്ധേയമണ്ഡലം. തുടർച്ചയായ നാലാം വട്ടമാണ് ദുഷ്യന്ത് ജനവിധിതേടുന്നത്.

മേയ് ആറിന് വോട്ടിങ് നടക്കുന്നവയിൽ നഗൗറാണ് ശ്രദ്ധാകേന്ദ്രം. ബി.ജെ.പി.യുടെ സഖ്യകക്ഷിയായ ആർ.എൽ.പി.ക്കുവേണ്ടി ഹനുമാൻ സിങ് മേഖവാൽ മത്സരിക്കുന്നു. എതിരാളിയായ കോൺഗ്രസിന്റെ ഡോ. ജ്യോതി മിർധ പ്രമുഖ ജാട്ട് നേതാവ് നാഥുറാം മിർധയുടെ കൊച്ചുമകളും മണ്ഡലത്തിലെ മുൻ എം.പി.യുമാണ്. തൊട്ടടുത്ത സീക്കറിൽ കർഷക നേതാവ് ആമ്രാറാം സി.പി.എം. സ്ഥാനാർഥിയായി രംഗത്തുണ്ട്. അദ്ദേഹം നേടുന്ന വോട്ടുകൾ വിജയിയെ തീരുമാനിക്കുന്ന ഒരു ഘടകമായിരിക്കും.

ജയ്‍പുർ റൂറലിൽ കേന്ദ്രമന്ത്രിയും ഷൂട്ടിങ് താരവുമായ രാജ്യവർധൻ സിങ് റാത്തോഡിനെ എതിരിടുന്നത് അന്തർദേശീയ ഡിസ്കസ് താരം കൃഷ്ണ പുനിയ ആണ്.

ബി.ജെ.പി.യുടെ പേടി

സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് ബി.ജെ.പി. ലോക്‌സഭയിലേക്ക് രാജസ്ഥാനിൽ  സഖ്യമുണ്ടാക്കുന്നതും ഒരുസീറ്റ് സഖ്യകക്ഷിക്ക് വിട്ടുകൊടുക്കുന്നതും. ജാട്ടുകൾക്ക് പ്രാധാന്യമുള്ള രാഷ്ട്രീയ ലോകതന്ത്രിക് പാർട്ടിയാണ് സഖ്യകക്ഷി. അവരുടെ നേതാവും നിലവിൽ എം.എൽ.എ.യുമായ ഹനുമൻസിങ് ബെനിവാലിന് നഗൗർ സീറ്റാണ് പാർട്ടി വിട്ടുകൊടുത്തത്. കഴിഞ്ഞ നിയമസഭയിലേക്ക് ഒറ്റയ്ക്കുമത്സരിച്ച ഈ പാർട്ടി മൂന്നുസീറ്റുകൾ നേടിയതാണ്. ആദ്യം അശോക് ഗഹ്‌ലോതുമായി ധാരണയ്ക്ക് ശ്രമിച്ചെങ്കിലും നഗൗർ വിട്ടുനൽകാൻ കോൺഗ്രസ് തയ്യാറായില്ല. രായ്ക്കുരാമാനം ബി.ജെ.പി.ക്കുവേണ്ടി പ്രകാശ് ജാവഡേക്കർ ബെനിവാലുമായി ധാരണയിലെത്തി. മറ്റുപല  മണ്ഡലങ്ങളിലും ജാട്ട്‌ വോട്ടുകൾ മറിക്കാൻ ബെനിവാലിന് ശേഷിയുണ്ടെന്ന് ബി.ജെ.പി. കണക്കുകൂട്ടി.

മോദി അനുകൂലവികാരം ഉണ്ടെങ്കിലും പാർട്ടിയിലെ പ്രശ്നങ്ങൾ വിജയത്തിന് വിലങ്ങുതടിയാകുമെന്ന ഭയം ബി.ജെ.പി.ക്കുണ്ട്. മുൻ മുഖ്യമന്ത്രി വസുന്ധരരാജെ  സിന്ധ്യയെ ഒതുക്കിക്കൊണ്ടാണ് സ്ഥാനാർഥിനിർണയം മുന്നോട്ടുപോയത്. റാണി അതിനാൽ അവർക്ക് ഇഷ്ടമുള്ള മണ്ഡലങ്ങളിലേ പ്രചാരണത്തിനിറങ്ങുന്നുള്ളൂ. വസുന്ധരയോട് പിണങ്ങി മുമ്പ് ബി.ജെ.പി. വിട്ടയാളാണ് ബെനിവാൽ. അതോടെ ഒരുവിഭാഗം ജാട്ടുകളും പാർട്ടിയോട് അകന്നു.

ജോധ്പുരിൽ വീണ്ടും മത്സരിക്കുന്ന കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്തും വസുന്ധരയുമായി ഉടക്കിലാണ്. ഇദ്ദേഹത്തെ പാർട്ടി അധ്യക്ഷനാക്കാനുള്ള അമിത് ഷായുടെ നീക്കം കഴിഞ്ഞവർഷം ഇവർ നുള്ളിക്കളഞ്ഞതാണ്. അത്  രാജ്പുതുകളെ അകറ്റി. ഈ സാമുദായികവിഭാഗങ്ങളെ അടുപ്പിച്ചുനിർത്താനാണ് റാണിയെ പിണക്കിയും ബി.ജെ.പി. ശ്രമിക്കുന്നത്.

പാർട്ടിയിലേക്ക് തിരിച്ചുവന്ന പട്ടികവർഗനേതാവ് കിരോഡിലാൽ മീണയുടെ താത്‌പര്യങ്ങൾ പരിഗണിക്കാത്തതാണ് മറ്റൊരു കടമ്പ. ഗുജ്ജറുകളുടെ നേതാവ് ബെൻസാല ബി.ജെ.പി.യിൽ ചേർന്നെങ്കിലും സമുദായത്തിന്റെ മൊത്തം വോട്ട് അതുകൊണ്ട് കിട്ടുമോയെന്ന് ഉറപ്പില്ല. ബിക്കാനേറിൽ കേന്ദ്രമന്ത്രിയും ദളിത് നേതാവുമായ അർജുൻസിങ് മേഖവാലും പാർട്ടിയിലെ പിണക്കംമൂലം കടുത്ത മത്സരം നേരിടുന്നു. പട്ടികജാതിക്കാർക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമം ലഘൂകരിക്കുന്നതിനെതിരേ  നടത്തിയ സമരത്തിന് മന്ത്രി നൽകിയ പിന്തുണയിൽ സവർണസമുദായങ്ങൾ രോഷത്തിലാണ്.

Content Highlights:lok sabha election 2019, Rajasthan