ബിക്കാനീര്‍ (രാജസ്ഥാന്‍): സ്വാതന്ത്ര്യം നേടി ദശാബ്ദങ്ങള്‍ കഴിഞ്ഞിട്ടും ഇന്ത്യയെ പാമ്പാട്ടികളുടെ നാടായി ചിത്രീകരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദേശത്തുനിന്നുള്ള അതിഥികളെ പാമ്പാട്ടികളെക്കാട്ടി കോണ്‍ഗ്രസ് ഒരുകാലത്ത് സന്തോഷിപ്പിച്ചിരുന്നു. ഇന്ത്യ പാമ്പാട്ടികളുടെ നാടാണെന്നാണ് അന്ന് വിദേശികള്‍ വിശ്വസിച്ചിരുന്നത്.

എന്നാല്‍, കമ്പ്യൂട്ടര്‍ മൗസുകളുടെ സഹായത്തോടെയാണ് ഇന്ത്യയിലെ ജനങ്ങള്‍ ഇന്ന് മുന്നേറുന്നത്. പാമ്പാട്ടികളെ എവിടെയും കാണാന്‍ കഴിയില്ല. എന്നാല്‍ ഇക്കാര്യം കോണ്‍ഗ്രസ് മറന്നുപോകുന്നുവെന്നും രാജസ്ഥാനിലെ ബിക്കാനീറില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ അദ്ദേഹം ആരോപിച്ചു.

യു.പിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാമ്പുകളെ തൊടുകയും കൈയിലെടുക്കുകയും ചെയ്ത എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശവുമായാണ് പ്രധാനമന്ത്രി രംഗത്തെത്തിയത്.

സോണിയാഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ പ്രചാരണം നടത്തുന്നതിനിടെ പാമ്പാട്ടികള്‍ക്കൊപ്പം ഇരുന്ന് പ്രിയങ്ക പാമ്പുകളെ കൈയിലെടുക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വിഷജീവികളുമായി ഇടപെടുമ്പോള്‍ ശ്രദ്ധിക്കണമെന്ന് ആള്‍ക്കൂട്ടത്തില്‍നിന്ന് ചിലര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും ഒന്നും സംഭവിക്കില്ലെന്ന് അവര്‍ മറുപടി നല്‍കുന്നത് ദൃശ്യങ്ങളില്‍ കാണാം. കോണ്‍ഗ്രസിന്റെ താര പ്രചാരക പാമ്പുകളെ കൈയിലെടുത്ത് കളിക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിലും നിറഞ്ഞിരുന്നു.

Content Highlights: Snake charmers, PM Narendra Modi, Priyanka Gandhi