ലോക്‌സഭ തിരഞ്ഞെടുപ്പിലേക്കുള്ള സെമി ഫൈനല്‍സ് എന്നായിരുന്നു 2018ല്‍ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തിരഞ്ഞെടുപ്പ് വിശേഷിപ്പിക്കപ്പെട്ടത്. അതില്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ പരാജയം ബി.ജെ.പിയെ തെല്ലൊന്നുമല്ല ഭയപ്പെടുത്തിയത്. എന്നാല്‍ സെമി ഫൈനലിലെ ചിത്രമല്ല ഫൈനലില്‍ ഉണ്ടായത്. ഹിന്ദി ഹൃദയഭൂമികയില്‍ മോദി തരംഗം ആഞ്ഞടിച്ചു. രാജസ്ഥാനായിരുന്നു ഏറ്റവും മുന്നില്‍. 25ല്‍ 25ഉം നേടി രാജസ്ഥാന്‍ അക്ഷരാര്‍ഥത്തില്‍ ബി.ജെ.പി തൂത്തുവാരി.

58.45 ശതമാനമാണ് രാജസ്ഥാനില്‍ ഇത്തവണ ബി.ജെ.പിയുടെ വോട്ടിങ് ശതമാനം. 2014ല്‍ 25 സീറ്റ് തന്നെ നേടിയപ്പോള്‍ കിട്ടിയതിനേക്കാള്‍ മൂന്ന് ശതമാനം വര്‍ധന. നിയമസഭ തിരഞ്ഞെടുപ്പില്‍ 100 സീറ്റ് നേടിയ കോണ്‍ഗ്രസ് ഇത്തവണ ചിത്രത്തില്‍ പോലും ഇല്ല. 25ല്‍ നാല് സീറ്റ് ബി.ജെ.പി നടിയപ്പോള്‍ ഒരു സീറ്റില്‍ സഖ്യകക്ഷിയായ ആര്‍.എല്‍.പി വിജയിച്ചു. 

bjp

നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിക്കുന്ന പാര്‍ട്ടി ലോക്‌സഭയിലും കൂടുതല്‍ സീറ്റുകള്‍ നേടുന്നതാണ് രാജസ്ഥാനില്‍ 20 വര്‍ഷമായുള്ള രാഷ്ടീയചിത്രം. 1999-ല്‍ വാജ്‌പേയി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ മാത്രമാണ് അതിന് ഒരു മാറ്റമുണ്ടായത്. അതിനാല്‍ തന്നെ പ്രവചനങ്ങള്‍ പലതും കോണ്‍ഗ്രസിന് അനുകൂലമായിരുന്നു. എന്നാല്‍ പല റെക്കോര്‍ഡുകളും തകര്‍ത്ത ഈ ലോക്‌സഭ തിരഞ്ഞെടുപ്പ് ആ റെക്കോര്‍ഡും തകര്‍ത്തുകളഞ്ഞു. 

പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന പേരാണ് ബി.ജെ.പി പ്രചാരണത്തില്‍ ഉയര്‍ത്തിപ്പിടിച്ചത്. സുശക്തമായ സര്‍ക്കാര്‍, ദേശീയ സുരക്ഷ എന്നീ വിഷയങ്ങളും ബി.ജെപി ഉയര്‍ത്തി. കേന്ദ്രസര്‍ക്കാരിന്റെ ഭരണ പരാജയങ്ങളായിരുന്നു കോണ്‍ഗ്രസ് പ്രചാരണത്തിലുയര്‍ത്തിയത്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുഖ്യമന്ത്രിയുമായ അശോക് ഗഹ്‌ലോതിന്റെ മകന്‍ വൈഭവ് ഗഹ്‌ലോത് ജോധ്പൂരില്‍ വന്‍ പരാജയം ഏറ്റുവാങ്ങി. 2 ലക്ഷത്തോളം വോട്ടിനാണ് ഗജേന്ദ്ര സിങ് ശെഖാവത് വൈഭവിനെ പരാജയപ്പെടുത്തിയത്. 

മുന്‍ ബി.ജെ.പി നേതാവായ ജസ്വന്ത് സിങിന്റെ മകനും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ മാനവേന്ദ്ര സിങ് മൂന്നേകാല്‍ ലക്ഷം വോട്ടിന്റെ പരാജയം ഏറ്റുവാങ്ങി. ഒളിമ്പ്യന്‍ കൃഷ്ണ പൂനിയയാണ് പരാജയം ഏറ്റുവാങ്ങിയ മറ്റൊരു പ്രമുഖന്‍. ഒളിമ്പ്യനും കേന്ദ്രമന്ത്രിയുമായ രാജ്‌വര്‍ധന്‍ സിങ് റാത്തോഡാണ് കൃഷ്ണ പൂനിയയെ പരാജയപ്പെടുത്തിയത്. 

BJP

ജാതിമത രാഷ്ട്രീയം ഉയര്‍ത്തിയാണ് ബി.ജെ.പി വിജയിച്ചതെന്നാണ് മുഖ്യമന്ത്രി അശോക് ഗഹ്‌ലോതിന്റെ വിശദീകരണം. സംസ്ഥാനത്ത് ജനകീയ സമരങ്ങള്‍ ഏറ്റെടുത്ത് ശ്രദ്ധ നേടിയ സി.പി.എമ്മിനും ഒരു ചലനവും സൃഷ്ടിക്കാനായില്ല. 0.20 ശതമാനം വോട്ടുകള്‍ മാത്രമാണ് പാര്‍ട്ടിക്ക് നേടാനായത്. 2.4 ശതമാനം വോട്ട് മാത്രമാണ് സിക്കറില്‍ മത്സരിച്ച സി.പി.എം നേതാവ് അമ്രറാമിന് നേടാന്‍ കഴിഞ്ഞത്.

content highlights:  BJP, Rajasthan, Congress, Narendra Modi, ashok gehlot, lok sabha election 2019