പുണെ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍.  അനന്തരവന്റെ മകനായ പാര്‍ഥ് പവാറിന് സ്ഥാനാര്‍ഥിത്വം നല്‍കിയേക്കുമെന്നും സൂചനയും അദ്ദേഹം പങ്കുവെച്ചു. 

മുതിര്‍ന്ന പാര്‍ട്ടി അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് അദ്ദേഹം തീരുമാനം വ്യക്തമാക്കിയത്. പുതിയ തലമുറയ്ക്ക് അവസരങ്ങള്‍ നല്‍കണമെന്നാണ് പാര്‍ട്ടിയില്‍ ഉയര്‍ന്നുവന്ന അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ഥ് പവാറിനെ മാവലില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന് നിരവധി നേതാക്കള്‍ ആവശ്യപ്പെട്ടതായും ശരദ് പവാര്‍ പറഞ്ഞു. ശരദ് പവാറിന്റെ മരുമകന്‍ അജിത് പവാറിന്റെ മകനാണ് 28 വയസ്സുകാരനായ പാര്‍ഥ് പവാര്‍. 

പാര്‍ട്ടിയുടെ അന്തിമ സ്ഥാനാര്‍ഥി പട്ടിക അധികം വൈകാതെ പ്രഖ്യാപിക്കുമെന്നും ശരദ് പവാര്‍ വ്യക്തമാക്കി. ശരദ് പവാര്‍ മാധ മണ്ഡലത്തില്‍ മത്സരിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് തള്ളിക്കൊണ്ടാണ് താന്‍ മത്സരിക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. 

Content Highlights: Sharad Pawar, Lok Sabha election, Parth Pawar, Ajit pawar, NCP