rmp
വിഷ്ണു കാക്കടെ

മുംബൈ: വടകരയില്‍ പിറന്ന റവല്യൂഷണറി മാര്‍കിസ്റ്റ് പാര്‍ട്ടി(ആര്‍.എം.പി.) ഇക്കുറി വടകരയിലോ കേരളത്തിലെ മറ്റേതെങ്കിലും മണ്ഡലങ്ങളിലോ മത്സരിച്ചിട്ടില്ല. എന്നാലവര്‍  മുംബൈയിലെ തിരഞ്ഞെടുപ്പു ഗോദയിലുണ്ട്. മഹാരാഷ്ടയില്‍ സി.പി.എമ്മിന്റെ  ശക്തികേന്ദ്രങ്ങളിലൊന്നായ പാല്‍ഘറിലാണ് ആര്‍.എം.പി. ജനവിധി തേടുന്നത്. വിഷ്ണു കാക്കടെ എന്ന ആദിവാസികര്‍ഷകനാണ് ആര്‍.എം.പി.യുടെ സ്ഥാനാര്‍ഥി. മുമ്പ് സി.പി.എം. ജില്ലാ കമ്മിറ്റി അംഗമായിരുന്നു അദ്ദേഹം. ''ജയിക്കാന്‍ അല്ല ഞങ്ങള്‍ മത്സരിക്കുന്നത്, ജനങ്ങളോട്  ചിലത് പറയാനുണ്ട്.''- ആര്‍.എം.പി.യുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു ചുക്കാന്‍ പിടിക്കുന്ന രാജേന്ദ്ര പരംജ്‌പേ പറഞ്ഞു. 

പത്തുവര്‍ഷം ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി ആയിരുന്നു പരംജ്‌പേ. ''ഇരുപത് വര്‍ഷത്തോളം സി.പി.എമ്മില്‍ പ്രവര്‍ത്തിച്ചു പിന്നീട് പാര്‍ട്ടി പുറത്താക്കി. വിദേശഫണ്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടു വിശദീകരണം ആവശ്യപ്പെട്ട ജില്ലാ കമ്മിറ്റിയിലെ 23 പേരെയാണ് പാര്‍ട്ടി പുറന്തള്ളിയത്. ആകെ 33 അംഗ കമ്മിറ്റിയില്‍ ഭൂരിപക്ഷം പേരും അന്ന് ഔട്ടായി. അങ്ങനെ ആര്‍.എം.പി. മഹാരാഷ്ട്രയിലും രൂപപ്പെട്ടു.''-കേരളത്തിലെ ആര്‍.എം.പി. നേതാക്കളുമായി ഇടക്കിടെ ബന്ധപ്പെടാറുണ്ടെന്നും പരംജ്‌പേ പറഞ്ഞു.

വസായില്‍ താമസിക്കുന്ന  വിഷ്ണു കാക്കടെയുടെ പ്രചാരണത്തിനുവേണ്ടി ആര്‍.എം.പി.യുടെ വലിയൊരു സംഘം തന്നെയുണ്ട്.  എന്തിന് സി.പി.എമ്മിന്റെ ശക്തികേന്ദ്രത്തില്‍ മത്സരിക്കുന്നു എന്ന ചോദ്യത്തിന് സ്ഥാനാര്‍ഥിക്ക് ഉത്തരമുണ്ട്: ''സി.പി.എം. ഇപ്പോള്‍ ഇടതുപക്ഷത്തല്ല. പാല്‍ഘറില്‍ അവര്‍ പിന്തുണയ്ക്കുന്നത് പാര്‍ട്ടി മുമ്പ് എതിര്‍ത്തിരുന്ന ബഹുജന്‍ വികാസ് അഗാഡിയെയാണ്. ഇവരെ പണ്ടു സി.പി.എം. വിളിച്ചിരുന്നത് ഭൂമാഫിയ എന്നാണ്. എന്നാല്‍, ഇന്ന് സി.പി.എം. അവരെ പിന്താങ്ങുകയാണ്. കര്‍ഷകരെ അവര്‍ കൈവിട്ടു. ഞങ്ങള്‍ കര്‍ഷകരോടൊപ്പമാണ് അവര്‍ക്കുവേണ്ടിയാണ് ഞങ്ങള്‍ മത്സരിക്കുന്നത്.'' -വിഷ്ണു കാക്കടെ  പറഞ്ഞു.

2017-ലാണ് മുംബൈയില്‍ ആര്‍.എം.പി. രൂപവത്കരിച്ചത്. ഏകദേശം 12 വര്‍ഷം മുമ്പ് സി.പി.എം. താനെ ജില്ലാ കമ്മിറ്റിയുടെ 33 അംഗങ്ങളില്‍ 23 പേരെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം എന്നപേരില്‍ പുറത്താക്കി. 

ഇരുപതും മുപ്പതും വര്‍ഷം പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ചവരാണ് ഇവര്‍. ഇത്തരത്തില്‍  പല സംസ്ഥാനങ്ങളില്‍നിന്നും പാര്‍ട്ടി വിട്ടവര്‍ ഒത്തുകൂടി ചേര്‍ന്നാണ് ആര്‍.എം.പി.യെ അഖിലേന്ത്യാ തലത്തിലേക്ക് ആക്കിയത്. 2017-ല്‍ ചണ്ഡീഗഢില്‍ നടന്ന അഖിലേന്ത്യാ സമ്മേളനത്തില്‍ ഇടത് ഐക്യം ആണ് ആര്‍.എം.പി. ലക്ഷ്യംവെച്ചത്. എന്നാല്‍, സി.പി.എമ്മിന്റെ എതിര്‍പ്പുകാരണം അതു നടന്നില്ല.

മഹാരാഷ്ട്രയില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് പിന്തുണയുമായി ആര്‍.എം.പി. എത്തിയപ്പോള്‍ അതു വേണ്ടെന്നായിരുന്നു പാര്‍ട്ടി തീരുമാനം. തുടര്‍ന്ന് ആര്‍.എം.പി. സ്വതന്ത്ര സ്ഥാനാര്‍ഥിയെ പിന്താങ്ങി. ലോക്സഭാ തിരഞ്ഞെടുപ്പ് വന്നപ്പോള്‍ സ്വന്തം സ്ഥാനാര്‍ഥിയെ തന്നെ നിര്‍ത്തി മത്സരിക്കാനും പാര്‍ട്ടി തീരുമാനിച്ചു. ആംആദ്മി പാര്‍ട്ടിയും ആര്‍.എം.പി.യെ പിന്തുണയ്ക്കുന്നുണ്ട്. 

സി.പി.എമ്മിലെ  നാലു മുന്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളും രണ്ട് ജില്ലാ സെക്രട്ടറിമാരും ഒട്ടേറെ മുന്‍നേതാക്കളും പാല്‍ഘറില്‍ ആര്‍.എം.പി.  സ്ഥാനാര്‍ഥിക്കുവേണ്ടി പ്രവര്‍ത്തിക്കുകയാണ്. സി.പി.എം. മുന്‍ അംഗങ്ങളായ ഗോപാലന്‍നായര്‍, ബാലക്കുറുപ്പ് തുടങ്ങി മലയാളിനേതാക്കളും ഇവരോടൊപ്പമുണ്ട്.

content highlights: RMP, candidate, Mumbai, Maharashtra, CPIM