മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് മാജിക്ക് ഇത്തവണയും ഫലം കണ്ടു. ആകെയുള്ള 48 സീറ്റുകളില്‍ 41 എണ്ണത്തില്‍ ബിജെപി (23)ശിവസേന(18)ഉം, അഞ്ച് സീറ്റുകളില്‍ കോണ്‍ഗ്രസ്(1) എന്‍സിപി(4) സഖ്യവും, ശേഷിക്കുന്ന രണ്ട് സീറ്റുകളില്‍ ഒന്നില്‍ അസദുദ്ദീന്‍ ഒവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎം സ്ഥാനാര്‍ഥിയും ഒരു സ്വതന്ത്ര സ്ഥാനാര്‍ഥിയും വിജയിച്ചു.
ചന്ദ്രാപുര്‍ ആണ് കോണ്‍ഗ്രസ് നേടിയ ഏക സീറ്റ്. ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസ് തിരിച്ചുപിടിച്ച മണ്ഡലം എന്ന പ്രത്യേകയും ചന്ദ്രൂപുരിനുണ്ട്. 3000ല്‍പരം വോട്ടിന്റെ ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇവിടെ നേടിയത്. ബാരാമതി, റായ്ഗഡ്, സത്താറ, ഷിരൂര്‍ എന്നിവയാണ് യുപിഎ സഖ്യം നേടിയ മറ്റ് സീറ്റുകള്‍. ഇതില്‍ റായ്ഗഡും ഷിരൂരും ശിവസേനയില്‍ നിന്നാണ് യുപിഎ തിരിച്ചുപിടിച്ചത്.
ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലോക്സഭ മണ്ഡലങ്ങളുമായി പാര്‍ലമെന്റില്‍ നിര്‍ണായകമാവുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. 48 ലോക്സഭാ മണ്ഡലങ്ങളിലായി 861 സ്ഥാനാര്‍ഥികളാണ് ഈ തിരഞ്ഞെടുപ്പില്‍ ജനവിധി തേടിയത്.
2014ലെ മാജിക്ക് 2019ലും മഹാസഖ്യം ആവര്‍ത്തിക്കുമെന്നായിരുന്നു പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഒന്നടങ്കം പ്രവചിച്ചത്. എന്‍ഡിഎ സഖ്യം 34 മുതല്‍ 40 സീറ്റുകള്‍ വരെ നേടാമെന്നായിരുന്നു പ്രവചനം. എക്സിറ്റ് പോള്‍ പ്രവചനത്തിലും അപ്പുറത്താണ് ബിജെപി ശിവസേന സഖ്യം നേടിയ വിജയം.
2014ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ 43 സീറ്റുകളാണ് എന്‍ഡിഎ(ബിജെപി-23, ശിവസേന-18) സഖ്യം നേടിയത്. യുപിഎ 4, സ്വാഭിമാന്‍ പക്ഷ 1 എന്നിങ്ങനെയായിരുന്നു ഫലം.
നാഗ്പുര്‍, മുംബൈ നോര്‍ത്ത്, നന്ദേദ്, പൂനെ, ബരാമതി, ബീഡ്, തുടങ്ങിയവയാണ് മഹാരാഷ്ട്രയിലെ പ്രധാനപ്പെട്ട മണ്ഡലങ്ങള്‍.
നാഗ്പുരില്‍ സിറ്റിങ് എംപിയും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരി സീറ്റ് നിലനിര്‍ത്തി. കോണ്‍ഗ്രസിന്റെ നാന പഠോളയെ 11000ല്‍പ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നിതിന്‍ ഗഡ്കരി പരാജയപ്പെടുത്തിയത്. മുംബൈ നോര്‍ത്ത് സെന്‍ട്രലില്‍ ബിജെപിയുടെ സിറ്റിങ് എംപിയായ പൂനം മഹാജന് വിജയിച്ചു. ബോളിവുഡ താരവും മുന്‍ എംപിയുമായ സുനില്‍ ദത്തിന്റെ മകളായ പ്രിയ ദത്തിനെയാണ് പൂനം മഹാജന് പരാജയപ്പെടുത്തിയത്.
കോണ്‍ഗ്രസിന് ഏറെ പ്രതീക്ഷയുള്ള മണ്ഡലമായ മുംബൈ നോര്‍ത്തില്‍ ബോളിവുഡ് താരം ഊര്‍മിള മണ്ഡോത്കര്‍ പരാജയപ്പെട്ടു. ബിജെപിയുടെ ഗോപാല്‍ ഷെട്ടിയോട് നാല് ലക്ഷത്തില്‍പ്പരം വോട്ടിനാണ് ഊര്‍മിള തോറ്റത്. ബിജെപിയുടെ സിറ്റിങ് സീറ്റായ മുംബൈ നോര്‍ത്തില്‍ ഊര്‍മിളയുടെ താരമൂല്യം കോണ്‍ഗ്രസ് പരമാവധി ഉപയോഗപ്പെടുത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഊര്‍മിളയുടെ താരമൂല്യം വിലപോയില്ലെന്ന് മാത്രമല്ല മുംബൈ നോര്‍ത്ത് ഗോപാല്‍ ഷെട്ടിയെ കൈവിട്ടിട്ടില്ലെന്ന് തന്നെ പറയാം. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇതേ മണ്ഡലത്തില്‍ നിന്ന് നാലുലക്ഷത്തില്‍ അധികം വോട്ടുകള്‍ നേടിയാണ് ഗോപാല്‍ ഷെട്ടി വിജയിച്ചത്.
നന്ദേതില്‍ മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് ചവാനും ബിജെപി പ്രതാപ് പാട്ടീലും തമ്മിലായിരുന്നു മത്സരം. എന്നാല്‍ 40000 വോട്ടുകള്‍ക്ക് അശോക് ചവാന് പരാജയപ്പെട്ടു. പൂനെയില്‍ ബിജെപിയുടെ ഗിരീഷ് ബാപതും ബരാമതിയില്‍ എന്‍സിപിയുടെ സുപ്രിയ സുലേയും വിജയിച്ചു.
ഒവൈസിയുടെ നേതൃത്വത്തിലുള്ള മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് പാര്‍ട്ടിക്ക് ഈ തിരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്ന് എതിരാളികള്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. (എഐഎംഐഎം) അപ്രതീക്ഷിതമാണ് ഈ മുന്നേറ്റം. ഔറംഗാബാദിലാണ് എഐഎംഐഎം മുന്നേറ്റമുണ്ടാക്കിയത്.
Content Highlight: Election Results 2019, Lok Sabha Results live, India result,Maharashtra Election Result, Maharashtra BJP-Shivasena