ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കടുത്ത പോരാട്ടം നടക്കുന്ന മഹാരാഷ്ട്രയില്‍ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസും എന്‍സിപിയുമല്ലാതെ മഹാസഖ്യത്തിന് ആരാണ് വെല്ലുവിളി?  ഒരു സീറ്റില്‍ പോലും മത്സരിക്കാതെ, എന്നാല്‍ മഹാരാഷ്ട്ര പിടിക്കാന്‍ കച്ചകെട്ടി ഇറങ്ങിയ ശക്തനായ ആ പോരാളി മറ്റാരുമല്ല, മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ അധ്യക്ഷന്‍ രാജ് താക്കറെയാണത്. മഹാരാഷ്ട്രയിലെ യഥാര്‍ഥ 'ഗറില്ല ഫൈറ്റര്‍'.

ബിജെപി- ശിവസേന വോട്ടുകളില്‍ വിള്ളലുണ്ടാക്കാന്‍ രാജ് താക്കറേയാക്കള്‍ നല്ലൊരു പോരാളി ഇപ്പോള്‍ മഹാരാഷ്ട്രയില്‍ ഇല്ല. കാരണം രാജിന് മഹാരാഷ്ട്രയെ നന്നായി അറിയാം. തിരഞ്ഞെടുപ്പ് അങ്കം മുറുകിയ മഹാരാഷ്ട്രയില്‍ അപ്രതീക്ഷിതമായ മാസ് എന്‍ട്രിയായിരുന്നു രാജ് താക്കറെ നടത്തിയത്. തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും മത്സരിക്കുന്നില്ലെങ്കിലും മോദി സര്‍ക്കാരിനെ വിമര്‍ശനങ്ങളാല്‍ കീറിമുറിച്ചാണ് താക്കറെയുടെ പ്രചാരണം. അതും, മഹാരാഷ്ട്ര ഇതുവരെ കാണാത്ത രീതിയിലും. ശിവസേന-ബിജെപി സഖ്യത്തോടുള്ള എംഎന്‍എസിന്റെ ബദ്ധവൈര്യം ഫലത്തില്‍ ഗുണം ചെയ്യുന്നത് പ്രതിപക്ഷമായ കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിനാണെങ്കിലും എംഎന്‍എസ് ഇതുവരെ ആര്‍ക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. 

ശിവസേനയുടെ സ്ഥാപകനായ ബാല്‍ താക്കറെയുടെ സഹോദരന്റെ മകനാണ് രാജ് താക്കറെ. മികച്ച പ്രാസംഗികനും രാഷ്ട്രീയ ഇടപെടലുകള്‍ നടത്താന്‍ കഴിവുള്ള നേതാവും യുവാക്കളുടെ ഇടയില്‍ വലിയ സ്വാധീനമുള്ളയാളുമായിരുന്നു രാജ് താക്കറെ. ബാല്‍ താക്കറെയ്ക്ക് ശേഷം ശിവസേനയ്ക്കാര് എന്ന ചോദ്യത്തിന് അത് രാജ് താക്കറെ ആയിരിക്കുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ കണക്കുകൂട്ടലുകളെയെല്ലാം തെറ്റിച്ച് ബാല്‍ താക്കറെ തന്റെ പിന്‍ഗാമിയായി നിയോഗിച്ചത് മകനായ ഉദ്ധവ് താക്കറയെയാണ്. സ്വാഭാവികമായും ഇത് രാജ് താക്കറെയില്‍ അതൃപ്തിക്കിടയാക്കി. ഇക്കാരണത്താല്‍ തെറ്റിപ്പിരിഞ്ഞ രാജ് താക്കറെയും സംഘവും ചേര്‍ന്ന് 2005ല്‍ സ്വന്തമായി രൂപീകരിച്ച പാര്‍ട്ടിയാണ് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന. ശിവസേനയുമായുള്ള താക്കറെയുടെ പടലപ്പിണക്കത്തിന് പതിനഞ്ച് വര്‍ഷത്തോളം പഴക്കമുണ്ടെന്ന് ചുരുക്കം. 

raj thackerey
രാജ് താക്ക്റെ, ബാല്‍ താക്ക്റെ,ഉദ്ധവ് താക്ക്റെ

ശിവസേനയുടെ ആശയങ്ങള്‍ കാലഹരണപ്പെട്ടെന്നും തങ്ങളാണ് മഹാരാഷ്ട്ര ജനതയ്ക്കു വേണ്ടി നിലയുറപ്പിക്കുന്ന യഥാര്‍ഥ സേന എന്നും വാദിച്ചാണ് എംഎന്‍എസ് മഹാരാഷ്ട്രയില്‍ കാലുറപ്പിക്കാന്‍ നോക്കിയത്. ഇത് ഫലം കാണാതിരുന്നില്ല. ശിവസേന വിട്ടപ്പോള്‍ കൂടെ ചേര്‍ന്നവരെ മുന്‍നിര്‍ത്തി അടുത്ത മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിലും പിന്നാലെ 2009ലെത്തിയ നിയമസഭാ തിരഞ്ഞെടുപ്പിലും എംഎന്‍എസിന് മികച്ച നേട്ടമുണ്ടാക്കാനായി. 13 സീറ്റുകളാണ് 2009ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എംഎന്‍എസ് നേടിയത്. അങ്ങനെ സംസ്ഥാന പാര്‍ട്ടിയെന്ന പദവിയും എംഎന്‍എസിന് ലഭിച്ചു. എന്നാല്‍ തുടക്കത്തില്‍ വലിയ പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും അത് തുടരാന്‍ സാധിക്കാത്തത് പാര്‍ട്ടിക്ക് തിരിച്ചടിയായി. തിരഞ്ഞെടുപ്പ് വിജയം നിലനിര്‍ത്താനോ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കാനോ എംഎന്‍എസിന് ആയില്ല. പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ എംന്‍എസിന്റെ ശക്തിക്ഷയിക്കുന്ന കാഴ്ചയാണ് മഹാരാഷ്ട്ര കണ്ടത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും കെട്ടിവെച്ച കാശ് പോലും കിട്ടാത്ത തരത്തില്‍ വലിയ പരാജയമാണ് എംഎന്‍എസ് നേരിട്ടത്. ഒരു സീറ്റ് മാത്രമാണ് പാര്‍ട്ടിക്ക് ലഭിച്ചത്. നേതാക്കളുടെ കൂറുമാറ്റത്തോടൊപ്പം പാര്‍ട്ടിയും ക്ഷയിച്ചുതുടങ്ങുകയും എംഎന്‍സിന്‍റെ രാഷ്ട്രീയ ചിത്രത്തിന് മങ്ങലേല്‍ക്കുകയും ചെയ്തു. എംഎന്‍എസിന്റെ പ്രവര്‍ത്തനങ്ങള്‍ വെറും വാഗ്ദാനങ്ങളില്‍ ഒതുങ്ങിയെന്നായിരുന്നു അണികള്‍ക്കിടയില്‍ നിന്നുപോലും ഉയര്‍ന്ന വിമര്‍ശനം. 

എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങവേ എംഎന്‍എസ് വീണ്ടും ചിത്രത്തിലെത്തി. പിണക്കം മറന്ന് എംഎന്‍എസ് മഹാസഖ്യത്തില്‍ ചേരുമെന്നും അതല്ല, പ്രതിപക്ഷത്തില്‍ ചേരുമെന്നും അഭ്യൂഹങ്ങള്‍ ഉയര്‍ന്നെങ്കിലും അതൊന്നും ഉണ്ടായില്ല. രണ്ടിലും ചേരാതെ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതും ഉണ്ടായില്ല. പകരം, പ്രതീക്ഷിക്കാത്ത ട്വിസ്റ്റുമായൊരു മാസ് എന്‍ട്രിയാണ് രാജ് താക്കറെ മഹാരാഷ്ട്രയില്‍ നടത്തിയത്. പിണക്കം മറന്ന് മഹാസഖ്യത്തില്‍ ചേരുമെന്ന് ചിലരെങ്കിലും പ്രതീക്ഷിച്ചിരുന്ന രാജ് താക്കറെ തെരുവുകളില്‍ മോദിക്കെതിരെ പ്രസംഗിക്കാനെത്തി. കേന്ദ്രസര്‍ക്കാരിന്റെ തെറ്റുകുറ്റങ്ങള്‍ എണ്ണിപ്പറഞ്ഞ്, കടുത്ത ചോദ്യങ്ങളുന്നയിച്ച് മോദി മുക്തഭാരതത്തിനുള്ള പ്രചാരണങ്ങള്‍ക്ക് രാജ് തീകൊളുത്തി. 

മോദിയെ തെളിവുസഹിതം പൊളിച്ചടുക്കാന്‍ രാജ്

മോദിക്കെതിരെ ആഞ്ഞടിക്കാന്‍ ബിഗ് സ്‌ക്രീനുകളുമായാണ് രാജ് താക്കറെ തെരുവുകളിലെത്തിയത്. സ്റ്റേജ് ഷോയ്ക്ക് സമാനമായ സജ്ജീകരണങ്ങളോടെ മോദിയുടെ വാഗ്ദാനങ്ങള്‍ അടങ്ങിയ പ്രസംഗവും പത്രവാര്‍ത്തകളും പ്രദര്‍ശിപ്പിച്ച് അതില്‍ എത്രയെണ്ണം നടപ്പിലായെന്ന് ജനക്കൂട്ടത്തിനു മുന്നിലേയ്ക്ക് ചോദ്യങ്ങളെറിയും. കേവലം രാഷ്ട്രീയപ്രസംഗം എന്നതിലുപരി 'ബിജെപിയുടെ പൊളളത്തരത്തെ പൊളിച്ചടുക്കാനുള്ള ശ്രമമാണ് താക്കറെ നടത്തിയത്. മോദിയും സര്‍ക്കാരും ഫോട്ടോഷോപ്പ് രാഷ്ട്രീയമാണ് രാജ്യത്ത് നടത്തുന്നതെന്നും രാജ് ആരോപിക്കുന്നുണ്ട്. ബിജെപി അനുകൂല വാര്‍ത്തകളുടെ യാഥാര്‍ഥ്യം പുറത്തുകൊണ്ടുവരാനുള്ള ശ്രമങ്ങളെല്ലാം രാജ് നടത്തുന്നു. 

ബിജെപി ചെയ്യുന്നതെല്ലാം പൊള്ളത്തരമാണെന്ന് വെറുംവാക്കാല്‍ പറഞ്ഞല്ല രാജിന്റെ പ്രസംഗം. ഓരോന്നും തെളിവുസഹിതം പൊളിച്ചുകൊണ്ടാണ് സദസ്സിനെ രാജ് കൈയിലെടുക്കുന്നത്. മോദിയുടെ ആവാസ് യോജനയുടെ ഗുണഭോക്താക്കളെന്നു പരസ്യത്തില്‍ കാണിക്കുന്ന കുടുംബത്തെ രാജ് വേദിയിലെത്തിച്ചു, എന്താണ് യാഥാര്‍ഥ്യമെന്ന് ജനങ്ങളെ അറിയിക്കാന്‍. മോദിയുടെ പദ്ധതിയല്ലെന്നും മറ്റൊരു കുടുംബാഘോഷത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനും മോദി ആവാസ് യോജനയ്ക്കും ഒരു ബന്ധവുമില്ലെന്നും കുടുംബം തന്നെ പരസ്യമായി തുറന്നുപറയുമ്പോള്‍ ജനങ്ങള്‍ മൂക്കത്ത് വിരല്‍വെയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. 

rak thackerey
രാജ് താക്ക്റെയുടെ പ്രസംഗവേദി

നോട്ട് നിരോധനവും അഴിമതിയും കര്‍ഷക ആത്മഹത്യയും എണ്ണിപ്പറഞ്ഞ് ഇനിയും നിങ്ങള്‍ക്ക് മോദിയെ വേണോ എന്ന് ചോദിക്കും. മികച്ച പ്രാസംഗികനും ക്രൗഡ് പുള്ളറുമായ രാജിന്റെ പ്രസംഗം കേള്‍ക്കാന്‍ ആയിരക്കണക്കിന് ആളുകളാണ് താക്കറെയുടെ പ്രസംഗ വേദികള്‍ക്കരികില്‍ എത്തുന്നത്. വോട്ട് ചെയ്യണമെന്ന് പറയുന്നില്ലെങ്കിലും ആര്‍ക്ക് ചെയ്യരുതെന്ന് പറഞ്ഞുകൊണ്ടാണ് രാജ് ഓരോ പ്രസംഗവും അവസാനിപ്പിക്കുന്നത്.

മികച്ച പ്രാസംഗികനും കാര്‍ട്ടൂണിസ്റ്റും മിമിക്രി ആര്‍ട്ടിസ്റ്റുമായ രാജ് തന്റെ ഈ കഴിവുകളും പ്രസംഗവേദികളില്‍ പുറത്തെടുത്തിട്ടുണ്ട്. മോദിയുടേയും അമിത് ഷായുടേയും ശബ്ദം അനുകരിച്ചുകൊണ്ടുള്ള രാജിന്റെ പ്രസംഗങ്ങള്‍ രസകരമായ രീതിയില്‍ അവതരിപ്പിച്ചപ്പോള്‍ അത് വലിയ കയ്യടിയോടെയാണ് ജനാവലി ഏറ്റെടുത്തത്. 

എവിടേക്കാണ് രാജ് താക്കറെയുടെ ഈ പോരാട്ടത്തിന്റെ ദിശ? അത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് തന്നെയെന്ന് നിശ്ചയം. നിലവില്‍ സ്വന്തം ടീം ഏതാണെന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഭാവിയില്‍ പ്രതിപക്ഷവുമായി രാഷ്ട്രീയ നീക്കുപോക്കുണ്ടാക്കിയാല്‍ നഷ്ടപ്രതാപം വീണ്ടെടുത്ത് ശരദ് പവാറിനു ശേഷം ഒരു സര്‍വസമ്മതനായ നേതാവായി മാറാന്‍ തനിക്ക് കഴിയുമെന്ന ആത്മവിശ്വാസം രാജ് താക്കറെയ്ക്കുണ്ട്. ആ വിശ്വാസം തന്നെയാണ് അദ്ദേഹത്തെ നയിക്കുന്നതും. 

Content Highlight: Raj Thackeray, Maharashtra Navanirman Sena, MNS, Maharashtra Election, Shivasena-BJP