ന്യൂഡല്‍ഹി: വിവാദ പ്രസ്താവനകള്‍ക്കൊടുവില്‍ മൗനവ്രതവുമായി ബിജെപിയുടെ ഭോപ്പാല്‍ സ്ഥാനാര്‍ഥി പ്രജ്ഞാസിങ് ഠാക്കൂര്‍. മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെയെ രാജ്യസ്‌നേഹിയായി വിശേഷിപ്പിച്ചുകൊണ്ടുള്ള പ്രസ്താവന വിവാദമായ സാഹചര്യത്തില്‍ രണ്ടാം വട്ടവും ക്ഷമാപണം നടത്തിക്കൊണ്ട് ചെയ്ത ട്വീറ്റിലാണ് പ്രജ്ഞാ സിങ് ഠാക്കൂര്‍ താന്‍ മൗനവ്രതം അനുഷ്ഠിക്കുമെന്ന് പ്രഖ്യാപിച്ചത്.

തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷം ഇനിയുള്ളത് പുനരാലോചനയ്ക്കുള്ള സമയമാണ്. തന്റെ വാക്കുകള്‍ വികാരങ്ങളെ മുറിപ്പെടുത്തിയെങ്കില്‍ ക്ഷമാപണം നടത്തുന്നു. പരിഹാരമായി മൂന്നു ദിവസതത്തെ മൗനവ്രതം അനുഷ്ഠിക്കും- പ്രജ്ഞാ സിങ് ട്വീറ്റ് ചെയ്തു. തിഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന മേയ് 23 വരെയാണ് മൗനവ്രതം.

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് പ്രജ്ഞാസിങ് ഠാക്കൂര്‍ ഗോഡ്‌സെയെക്കുറിച്ച് വിവാദ പ്രസ്താവന നടത്തിയത്. നാഥുറാം ഗോഡ്‌സെ ഒരു ദേശസ്‌നേഹിയായിരുന്നു, ദേശസ്‌നേഹിയാണ്, ഇനിമേലും അങ്ങനെയായിരിക്കും എന്നായിരുന്നു അവരുടെ പരാമര്‍ശം. ഗോഡ്‌സെയെ തീവ്രവാദി എന്നു വിളിക്കുന്നവര്‍ക്ക് തിരഞ്ഞെടുപ്പില്‍ ഉചിതമായ മറുപടി ഈ തിരഞ്ഞെടുപ്പില്‍ ലഭിക്കുമെന്നും അവര്‍ പറഞ്ഞു.

പ്രജ്ഞാ സിങ്ങിന്റെ പ്രസ്താവനയെ ബിജെപി തള്ളിപ്പറഞ്ഞിരുന്നു. മഹാത്മാ ഗാന്ധിയെ അവഹേളിച്ചവരോട് താന്‍ ഒരിക്കലും ക്ഷമിക്കില്ലെന്ന് പ്രധാനമന്ത്രി മോദി പ്രതികരിച്ചിരുന്നു. 2008ലെ മാലെഗാവ് സ്‌ഫോടന കേസിലെ പ്രതിയായ പ്രജ്ഞാ സിങ് ഠാക്കൂര്‍ മധ്യപ്രദേശിലെ ഭോപ്പാല്‍ മണ്ഡലത്തില്‍നിന്ന് കോണ്‍ഗ്രസിന്റെ ദിഗ്വിജയ് സിങ്ങിനെതിരെയാണ് മത്സരിക്കുന്നത്.

Content Highlights: Pragya Thakur Takes Vow Of Silence, Madhya Pradesh Election, lok sabha election 2019