ന്യൂഡല്‍ഹി: വിവാദ പ്രസ്താവനയുടെ പേരില്‍ ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥി പ്രജ്ഞാ സിങ് ഠാക്കൂറിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട പരാമര്ശത്തിയതിന്റെ പേരിലാണ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തി നോട്ടീസ് നല്‍കിയിരിക്കുന്നത്.
ചാനലിന് നല്കിയ അഭിമുഖത്തിലാണ് പ്രജ്ഞാസിങ് ഠാക്കൂര്‍ വിവാദ പരാമര്‍ശം നടത്തിയത്. ബാബറി മസ്ജിദ് തകര്‍ത്തവരില്‍ താനും ഉള്‍പ്പെടുന്നെന്നും അതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും ആയിരുന്നു അവരുടെ പ്രസ്താവന. പരാമര്‍ശം വിവാദമായതിനെത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചത്.
'ഞങ്ങള്‍ ബാബറി മസ്ജിദ് തകര്‍ത്തു. അങ്ങനെയൊരു അവസരം എനിക്ക് ലഭിച്ചതില്‍ അഭിമാനമുണ്ട്. അവിടെ രാമക്ഷേത്രം നിര്‍മിക്കുമെന്നും ഞങ്ങള്‍ ഉറപ്പുനല്‍കുന്നു' എന്നിങ്ങനെയായിരുന്നു പ്രജ്ഞാ സിങ് ഠാക്കൂറിന്റെ പരാമര്‍ശം.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് കൈപ്പറ്റിയതായി പ്രജ്ഞാസിങ് ഠാക്കൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ബാബറി മസ്ജിദ് തകര്‍ക്കുന്നതില്‍ പങ്കെടുത്തിരുന്നതായും തന്റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായും അവര്‍ പറഞ്ഞു. രാമക്ഷേത്ര നിര്‍മാണത്തില്‍ പങ്കാളിയാകുമെന്നും അതില്‍നിന്ന് തന്നെ ആര്‍ക്കും തടയാനാവില്ലെന്നും അവര്‍ പറഞ്ഞു.
ഭോപ്പാലില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കപ്പെട്ടതിനു പിന്നാലെ വിവാദ പ്രസ്താവനകളിലൂടെ പ്രജ്ഞാ സിങ് ഠാക്കൂര്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മുന്‍ മുംബൈ എടിഎസ് തലവന്‍ ഹേമന്ദ് കര്‍ക്കറെ കൊല്ലപ്പെടാന്‍ കാരണം തന്റെ ശാപമാണെന്ന് അവര്‍ പറഞ്ഞിരുന്നു. കൂടാതെ കര്‍ക്കറെ ദേശവിരുദ്ധനും മതവിരുദ്ധനുമാണെന്നും അവര്‍ ആരോപിച്ചിരുന്നു. പ്രജ്ഞാ സിങ് ഠാക്കൂര്‍ പ്രതിയായ മലേഗാവ് സ്ഫോടന കേസ് അന്വേഷിച്ചിരുന്നത് കര്‍ക്കറെയായിരുന്നു.
പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് പ്രജ്ഞാ ഠാക്കൂറിന്റെ പരാമര്‍ശം വ്യക്തിപരമാണെന്നും കസ്റ്റഡിയിലായിരുന്ന സമയത്ത് അവര്‍ക്ക് ഏല്‍ക്കേണ്ടിവന്ന മാനസികവും ശാരീരികവുമായ പീഡനങ്ങളാവാം അത്തരത്തിലുള്ള പ്രസ്താവന നടത്താനിടയാക്കിയതെന്നും ബിജെപി പ്രസ്താവനയിറക്കിയിരുന്നു. ഈ പരാമര്‍ശത്തില്‍ പ്രജ്ഞാ സിങ് ഠാക്കൂറിന് തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് നല്‍കിയിരുന്നു.
Content Highlights: Pragya Thakur, Election Commission Notice, Babri Masjid Demolition