ഭോപ്പാല്‍: സമ്മതിദാന അവകാശം വിനിയോഗിക്കാതിരുന്ന ഭോപ്പാല്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ദിഗ്‌വിജയ് സിങ്ങിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ട് രേഖപ്പെടുത്താതിരുന്ന ദിഗ്‌വിജയ് സിങ്ങിന്റെ നടപടി കോണ്‍ഗ്രസിന്റെ ധാര്‍ഷ്ട്യത്തെയാണ് സൂചിപ്പിക്കുന്നതെന്ന് മോദി പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മധ്യപ്രദേശിലെ രത്‌ലാമില്‍ തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. 

രാജ്ഗഢ് ലോക്‌സഭാ മണ്ഡലത്തിലെ രഘോഗഡിലായിരുന്നു മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി കൂടിയായ ദിഗ്‌വിജയ് സിങ്ങിന്റെ വോട്ട്. രാജ്ഗഢിലും ഭോപ്പാലിലും ഒരേദിവസം തന്നെയായിരുന്നു വോട്ടെടുപ്പ്. എന്നാല്‍ അദ്ദേഹം വോട്ട് ചെയ്യാന്‍ പോയിരുന്നില്ല. പകരം ഭോപ്പാലിലെ പോളിങ് സ്‌റ്റേഷനുകളില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു. 

"ഞാന്‍ വോട്ട് ചെയ്യാന്‍ അഹമ്മദാബാദില്‍ പോയി. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും വോട്ട് ചെയ്യാന്‍ വരിനിന്നു. എന്നാല്‍ ഡിഗ്ഗി രാജ(ദിഗ്‌വിജയ് സിങ്) ജനാധിപത്യത്തെ മാനിക്കുന്നില്ല. അദ്ദേഹം അദ്ദേഹത്തെ കുറിച്ചുമാത്രമാണ് ചിന്തിക്കുന്നത്. ഭോപ്പാല്‍ സീറ്റിനെ കുറിച്ചാണ് അദ്ദേഹം ചിന്തിക്കുന്നത്"- മോദി വിമര്‍ശിച്ചു. 

രാജ്ഗഢില്‍ വോട്ട് ചെയ്യാന്‍ പോകുന്നതിനെ എന്തിനാണ് ദിഗ്‌വിജയ് സിങ് ഭയക്കുന്നതെന്നും മോദി ചോദിച്ചു. വോട്ട് രേഖപ്പെടുത്താതിരിക്കുന്നത് പാപമാണെന്നും കന്നിവോട്ടര്‍മാര്‍ക്ക് തെറ്റായ മാതൃക കാണിച്ചു കൊടുക്കുകയാണ് ദിഗ്‌വിജയ് സിങ് ചെയ്തതെന്നും പ്രധാനമന്ത്രി പറഞ്ഞു. ബി ജെ പി സ്ഥാനാര്‍ഥിയായ പ്രജ്ഞാ സിങ് ഠാക്കൂറിനെയാണ് ഭോപ്പാലില്‍ ദിഗ്‌വിജയ് സിങ് നേരിടുന്നത്.  

content highlights: narendra modi criticises digvijay singh for not casting vote