ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിഎസ്പി സ്ഥാനാര്‍ഥി രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി ബി.എസ്.പി അദ്ധ്യക്ഷ മായാവതി. ചെറിയ ഭൂരിപക്ഷത്തില്‍ സംസ്ഥാനത്ത്‌ അധികാരത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്ന കാര്യം ബിഎസ്പിക്ക്‌ ചിന്തിക്കേണ്ടി വരുമെന്ന് മായാവതി ട്വീറ്റ് ചെയ്തു. മധ്യപ്രദേശിലെ ഗുണയില്‍ എസ്.പി-ബി.എസ്.പി സ്ഥാനാര്‍ഥിയായ ലോകേന്ദ്ര സിങ് രാജ്പുത്താണ് കഴിഞ്ഞ ദിവസം രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ ഇയാള്‍ ഗുണയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ബി.എസ്.പി പിന്തുണ പിന്‍വലിച്ചാല്‍ കമല്‍നാഥ് സര്‍ക്കാര്‍ പ്രതിസന്ധിയിലാകും. നേരത്തെ ലോകേന്ദ്ര സിങ് രാജപുത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കുന്നതിന്റെ ചിത്രങ്ങള്‍ സിന്ധ്യ ട്വീറ്റ് ചെയ്തിരുന്നു. കോണ്‍ഗ്രസ് കുടുംബത്തിലേക്ക് സ്വാഗതം എന്ന കുറിപ്പോട് കൂടിയാണ് സിന്ധ്യ ഈ ചിത്രം ട്വീറ്റ് ചെയ്തത്. 

ഔദ്യോഗിക പദവികള്‍ ദുരുപയോഗം ചെയ്യുന്നതില്‍ കോണ്‍ഗ്രസ് ബി.ജെ.പിയേക്കാള്‍ ഒട്ടും പുറകിലല്ല എന്നായിരുന്നു മായാവതി ട്വീറ്റ് ചെയ്തത്. തങ്ങളുടെ സ്ഥാനാര്‍ഥി കോണ്‍ഗ്രസില്‍ ചേരാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയുമാണ് ലോകേന്ദ്ര സിങിനെ കോണ്‍ഗ്രസില്‍ ചേര്‍ത്തത്. ഗുണയില്‍ സ്വന്തം ചിഹ്നത്തില്‍ തന്നെ മത്സരിച്ച് പാര്‍ട്ടി ഇതിന് മറുപടി നല്‍കും. സംസ്ഥാന സര്‍ക്കാരിന് നല്‍കി വരുന്ന പിന്തുണ തുടരണോ എന്ന കാര്യവും പരിശോധിക്കുമെന്നും മായാവതി വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശില്‍ മായാവതി മനസ്സില്ലാമനസ്സോടെയാണ് കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പിന്തുണ നല്‍കിയത്. 114 സീറ്റാണ് കോണ്‍ഗ്രസ് നേടിയത്. 116 സീറ്റാണ് കേവല ഭൂരിപക്ഷം തെളിയിക്കാന്‍ സംസ്ഥാനത്ത് ആവശ്യം. മുഖ്യമന്ത്രി കമല്‍നാഥിന് മത്സരിക്കാനായി ചിന്‍ദ്വാര എം.എല്‍.എ രാജി വെച്ചതോടെ കോണ്‍ഗ്രസ് 113 സീറ്റിലേക്ക് ഒതുങ്ങി.

എസ്.പി, ബി.എസ്.പി, സ്വതന്ത്രര്‍ എന്നിവരുള്‍പ്പടെ 120 പേരുടെ പിന്തുണയാണ് കോണ്‍ഗ്രസിനുള്ളത്. ബിഎസ്പിയുടെ രണ്ട് എംഎല്‍എമാരും എസ്പിയുടെ ഒരാളും ഉള്‍പ്പടെ മൂന്ന് എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചാല്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലാകും. 15 വര്‍ഷം തുടര്‍ച്ചയായി സംസ്ഥാനം ഭരിച്ച ബി.ജെ.പി 109 സീറ്റുമായി പ്രതിപക്ഷത്താണ്.

content highlights: Mayawati's Warning After Madhya Pradesh BSP Candidate Joins Congress