കൻ നകുൽനാഥ് മത്സരിക്കുന്ന ചിന്ദ്‌വാഡയിലെ പോളിങ് ബൂത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥ് വോട്ടുചെയ്തത് മാധ്യമപ്രവർത്തകരുടെ ക്യാമറാ ഫ്ളാഷിന്റെ വെളിച്ചത്തിലാണ്. രാവിലെ മുഖ്യമന്ത്രിയും കുടുംബവും എത്തുന്നതിന് തൊട്ടുമുമ്പ് കറന്റു പോയി. അദ്ദേഹം വോട്ടുചെയ്ത് പുറത്തിറങ്ങിയിട്ടാണ് ബൂത്തിലെ വിളക്കുകൾ തെളിഞ്ഞത്.

ചിന്ദ്‌വാഡയിൽ മാത്രമല്ല, തിരഞ്ഞെടുപ്പു കാലത്ത് മധ്യപ്രദേശിലുടനീളം വൈദ്യുതി മുടക്കം പതിവായിരിക്കുന്നു. അപ്രതീക്ഷിത തടസ്സങ്ങളുടെ പേരിലും അപ്രഖ്യാപിത പവർകട്ടിന്റെ രൂപത്തിലും ഏതു നിമിഷവും കറന്റു പോകാമെന്നതാണ് സ്ഥിതി. ‘‘കോൺഗ്രസ് വന്നു, പവർകട്ടും വന്നൂ’’ എന്ന് കൊടുംചൂടിൽ വിയർത്തൊലിച്ചിരിക്കുന്ന ജനം പിറുപിറുക്കുന്നു. ‘‘വൈദ്യുതി നിരക്ക് കുറയ്ക്കുമെന്നു പറഞ്ഞ് അധികാരത്തിലേറിയ മുഖ്യമന്ത്രി കമൽനാഥ് വൈദ്യുതി വിതരണമാണ് കുറച്ചത്’’ -എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ പരിഹസിക്കുകയും ചെയ്തു.

വൈദ്യുതി മിച്ചസംസ്ഥാനമാണ് മധ്യപ്രദേശ്. ഏത് കൊടുംവേനലിലും പവർകട്ട് ആവശ്യമില്ലാത്ത നാട്. ഇവിടെ തിരഞ്ഞെടുപ്പുകാലത്ത് വൈദ്യുതി മുടങ്ങുന്നതിനുപിന്നിൽ ബി.ജെ.പി.യുടെ ഗൂഢാലോചനയുണ്ടെന്നാണ് കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ് പറയുന്നത്. 15 വർഷത്തെ ഇടവേളയ്ക്കുശേഷം അഞ്ചുമാസം മുമ്പുമാത്രം അധികാരത്തിൽ വന്ന കോൺഗ്രസ് സർക്കാരിന് ഇനിയും ഭരണസംവിധാനം പൂർണമായി കൈപ്പിടിയിലൊതുക്കാൻ കഴിഞ്ഞിട്ടില്ല. കോൺഗ്രസ് സർക്കാരിനെതിരേ ജനരോഷമുയർത്തുന്നതിനായി ബി.ജെ.പി.ക്കുവേണ്ടി ചില ഉദ്യോഗസ്ഥർ സർക്കാർ തീരുമാനങ്ങൾ അട്ടിമറിക്കുന്നു എന്നാണ് കോൺഗ്രസിന്റെ ആരോപണം.

ലക്ഷ്യം സംസ്ഥാനസർക്കാർ
തിരഞ്ഞെടുപ്പ് നടക്കുന്നത് ലോക്‌സഭയിലേക്കാണെങ്കിലും മധ്യപ്രദേശിൽ സംസ്ഥാനസർക്കാരിനെയാണ് ബി.ജെ.പി. പ്രാദേശികനേതൃത്വം ലക്ഷ്യംവെക്കുന്നത്. കേന്ദ്രത്തിൽ ബി.ജെ.പി. വീണ്ടുംവന്നാൽ കമൽനാഥ് സർക്കാർ നിലംപതിക്കുമെന്ന് നേതാക്കൾ പരസ്യമായിത്തന്നെ ഭീഷണിപ്പെടുത്തുന്നു. കോൺഗ്രസിലെ 15 എം.എൽ.എ.മാർ ബി.ജെ.പി. നേതൃത്വവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മേയ് 23 കഴിഞ്ഞാൽ സംസ്ഥാനത്ത് ഭരണമാറ്റമുണ്ടാകുമെന്നും മുൻ മുഖ്യമന്ത്രി ഉമാഭാരതി തിരഞ്ഞെടുപ്പു റാലിയിൽ അവകാശപ്പെട്ടു. അതൊരു വ്യാമോഹം മാത്രമാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി കമൽനാഥ് തള്ളിക്കളഞ്ഞിട്ടുണ്ടെങ്കിലും പാർട്ടിനേതൃത്വത്തിന് ആശങ്കയൊഴിഞ്ഞിട്ടില്ല.

230 അംഗ സഭയിൽ കോൺഗ്രസിന് 114 എം.എൽ.എ.മാരാണുള്ളത്. നാലു സ്വതന്ത്രരുടെയും രണ്ടു ബി.എസ്.പി. എം.എൽ.എ.മാരുടെയും ഒരു എസ്.പി. എം.എൽ.എ.യുടെയും പിന്തുണയോടെയാണ് കമൽനാഥ് മുഖ്യമന്ത്രിയായത്. ബി.എസ്.പി.യുടെയും എസ്.പി.യുടെയും എം.എൽ.എ.മാരെ കോൺഗ്രസിൽ ചേർത്ത് മേയ് 23-ന് മുമ്പ് അംഗബലം 118 ആയി ഉയർത്താനാണ് കോൺഗ്രസിന്റെ പദ്ധതി. ഗുണയിലെ ബി.എസ്.പി. സ്ഥാനാർഥി കോൺഗ്രസിൽ ചേർന്നുകഴിഞ്ഞു. നിയമസഭയിൽനിന്ന് ഒരാളെപ്പോലും പിൻവലിക്കാൻ പറ്റില്ലെന്നതുകൊണ്ട് കോൺഗ്രസോ ബി.ജെ.പി.യോ എം.എൽ.എ.മാരെയാരെയും ഇക്കുറി പാർലമെന്റിലേക്ക് മത്സരിപ്പിക്കുന്നില്ല. 

 ഹിന്ദി ഹൃദയഭൂമിയിലെ നേർയുദ്ധം
ബി.ജെ.പി.യും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന ചുരുക്കം സംസ്ഥാനങ്ങളിലൊന്നാണ്  മധ്യപ്രദേശ്. പതിറ്റാണ്ടുകളോളം കോൺഗ്രസിന്റെ കുത്തകയായിരുന്നെങ്കിലും സംഘപരിവാറിനും അതിന്റെ നിഴൽ സംഘടനകൾക്കും ഏറ്റവുമധികം വേരോട്ടമുള്ള സംസ്ഥാനം. മോദിതരംഗം ആഞ്ഞുവീശിയ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശിലെ 29 സീറ്റിൽ ഇരുപത്തിയേഴും ബി.ജെ.പി.ക്കാണ് കിട്ടിയത്.

ഗ്വാളിയർ രാജകുടുംബത്തിലെ ഇളമുറത്തമ്പുരാൻ ജ്യോതിരാദിത്യസിന്ധ്യയുടെ ഗുണയും കമൽനാഥിന്റെ ചിന്ദ്‌വാഡയും മാത്രമാണ് അന്ന് കോൺഗ്രസിനൊപ്പം നിന്നത്. ചിന്ദ്‌വാഡ മകന് വിട്ടുകൊടുത്ത് ഉപതിരഞ്ഞെടുപ്പിൽ നിയമസഭയിലേക്ക് മത്സരിക്കുകയാണ് മുഖ്യമന്ത്രി കമൽനാഥ്. സ്വന്തം തട്ടകമായ ഗുണയിൽ മത്സരിക്കുന്ന ജ്യോതിരാദിത്യസിന്ധ്യയും ബി.ജെ.പി.യുടെ കോട്ടയായ ഭോപാലിൽ പോരിനിറങ്ങിയ ദിഗ്വിജയ്‌ സിങ്ങുമാണ് കോൺഗ്രസിലെ താരങ്ങൾ. വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് മാറിനിൽക്കുകയും ലോക്‌സഭാ സ്പീക്കർ സുമിത്രാ മഹാജന് ടിക്കറ്റ് നിഷേധിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ബി.ജെ.പി.യിൽ നിന്ന് ഉന്നത ദേശീയ നേതാക്കളാരും മത്സര രംഗത്തില്ലെന്നു പറയാം. 

വൈകാരികനേതൃത്വം
പതിവുപോലെ ദേശീയതയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വൈകാരികനേതൃത്വവുമാണ് ബി.ജെ.പി.യുടെ പ്രചാരണായുധം. ‘‘കോൺഗ്രസ് എന്റെ മരണം ആഗ്രഹിക്കുന്നു. നിങ്ങൾക്കെന്താണെന്നോട് ഇത്ര ദേഷ്യം?’’ -ഹോഷംഗാബാദിൽ കഴിഞ്ഞദിവസം നടന്ന റാലിയിൽ വികാരഭരിതനായി മോദി ചോദിച്ചു. ‘‘താങ്കൾ സുരക്ഷിതനായി രാഷ്ട്രീയത്തിൽനിന്ന് വിരമിക്കണമെന്നു മാത്രമാണ് ഞങ്ങളുടെ പ്രാർഥന’’ -എന്ന് കമൽനാഥ് തിരിച്ചടിക്കുകയും ചെയ്തു. ജനകീയപ്രശ്നങ്ങൾ ചർച്ചാ വിഷയമായ നിയമസഭാ തിരഞ്ഞെടുപ്പിൽ മോദിക്ക് വലിയ സ്വാധീനം ചെലുത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, ദേശീയതയും മതവും കേന്ദ്രബിന്ദുവാകുമ്പോൾ സ്ഥിതി മാറുമെന്ന് പാർട്ടിനേതൃത്വം കരുതുന്നു. മാലേഗാവ് സ്ഫോടനക്കേസ് പ്രതി സാധ്വി പ്രജ്ഞാസിങ് ഠാക്കൂറിനെ ഭോപാലിൽ സ്ഥാനാർഥിയുമാക്കി.
 

സ്വപ്നം പദ്ധതികളിൽ
കാർഷിക മേഖല തന്നെയാണ് കോൺഗ്രസിന്റെ പ്രചാരണവിഷയം. കമൽനാഥ് സർക്കാർ കാർഷികവായ്പ എഴുതിത്തള്ളുമെന്ന വാഗ്ദാനം പെട്ടെന്നുതന്നെ നടപ്പാക്കി. 21 ലക്ഷം കർഷകർക്ക് അതിന്റെ പ്രയോജനം കിട്ടിക്കഴിഞ്ഞെന്നാണ് മുഖ്യമന്ത്രി പറയുന്നത്. വൈദ്യുതി നിരക്ക് കുറയ്ക്കും വയോജനങ്ങൾക്ക് പെൻഷൻ ഏർപ്പെടുത്തും തുടങ്ങി തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളുടെ 85 ശതമാനവും നിറവേറ്റിക്കഴിഞ്ഞെന്ന് അദ്ദേഹം അവകാശപ്പെട്ടു. കടാശ്വാസ പദ്ധതി നടപ്പാക്കിയത് തിരഞ്ഞെടുപ്പിൽ വോട്ടായി മാറുമെന്ന് പാർട്ടി കണക്കുകൂട്ടുന്നു. എന്നാൽ, കടാശ്വാസ പദ്ധതിയുടെ ഗുണം കർഷകർക്കു കിട്ടിയിട്ടില്ലെന്നാണ്  ബി.ജെ.പി. വക്താവ് ഗോവിന്ദ് മാലൂ പറയുന്നത്.

ആനുകൂല്യം ലഭിച്ചിട്ടില്ലാത്ത കർഷകർ ക്ഷുഭിതരാണ്. കടക്കെണിയിലായ കർഷകർ ആത്മഹത്യ ചെയ്യുന്നതിന്റെ വാർത്തകൾ ഇപ്പോഴും പത്രങ്ങളുടെ ഉൾത്താളുകളിൽ കാണാം. കുടിവെള്ളമില്ലാത്തതുകാരണം ദമോയിലെ ഗ്രാമങ്ങൾ വോട്ടെടുപ്പു ബഹിഷ്കരിക്കുകയാണ്. സംസ്ഥാനത്തെ 4000 ഗ്രാമങ്ങൾ വരൾച്ചയുടെ പിടിയിലാണെന്നാണ് കണക്ക്.

കേന്ദ്രസർക്കാരിന്റെ ‘ഉജ്ജ്വല’ പദ്ധതി പ്രകാരം വൈദ്യുതിയെത്തിയ ഗ്രാമങ്ങൾ തങ്ങളോടൊപ്പം നിൽക്കുമെന്നാണ് ബി.ജെ.പി. പ്രതീക്ഷിക്കുന്നത്. മഹാ കൗശലിലെയും വിധ്യപ്രദേശിലെയും ആദിവാസികൾ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്കാണ് വോട്ടുചെയ്തത്. വനാവകാശ നിയമത്തിന്റെ ആനുകൂല്യം നിഷേധിക്കപ്പെടുമെന്നു വന്നതോടെ അവർ കുപിതരാണ്. ഒരു കാലത്ത് ജനസംഘത്തിന്റെ ശക്തികേന്ദ്രമായിരുന്ന മാൾവയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ശക്തമായ തിരിച്ചുവരവ് നടത്തിയിട്ടുണ്ട്. നിലവിലുള്ള എം.പി.മാരോടുള്ള ജനരോഷം തണുപ്പിക്കാൻ മിക്കയിടത്തും പുതുമുഖങ്ങളെയാണ് ബി.ജെ.പി. നിർത്തിയിരിക്കുന്നത്. സീറ്റുപോയ എം.പി.മാർ പലയിടത്തും വിമതരായി മാറിയിട്ടുണ്ട്. അതേസമയം, പ്രശ്നങ്ങൾ പറഞ്ഞൊതുക്കുന്നതിൽ കോൺഗ്രസ് വലിയൊരളവോളം വിജയിച്ചിട്ടുണ്ട്. 

ഭരണം കിട്ടിയതിന്റെ ഉണർവുണ്ട്. എന്നാലും നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടനം ആവർത്തിക്കാമെന്ന പ്രതീക്ഷയൊന്നും കോൺഗ്രസ് നേതൃത്വത്തിനില്ല. 15 വർഷം സംസ്ഥാനം ഭരിച്ച ബി.ജെ.പി. സർക്കാരിനെതിരായ ജനവികാരത്തിന്റെ ആനുകൂല്യം ഇത്തവണ ലഭിക്കില്ല എന്നതാണ് പ്രധാന കാരണം. സംഘപരിവാർ ശൃംഖലയെ നേരിടാനുള്ള സംഘടനാ ശക്തിയാർജിക്കാൻ കോൺഗ്രസിന് ഇനിയും കഴിഞ്ഞിട്ടുമില്ല. ദിഗ്വിജയ് സിങ്, കമൽനാഥ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ നേതൃത്വത്തിൽ പല തട്ടുകളിലാണ്  കോൺഗ്രസ്. രാജപാരമ്പര്യം അവകാശപ്പെടുന്ന രജപുത്രരും ബ്രാഹ്മണരുമാണ് കോൺഗ്രസിന്റെ തലപ്പത്ത്. ബാബുലാൽ ഗൗറിനെയും ഉമാഭാരതിയെയും ശിവരാജ് സിങ് ചൗഹാനെയും പോലുള്ള പിന്നാക്ക വിഭാഗനേതാക്കളാണ് ബി.ജെ.പി.യുടെ കരുത്ത്. ഹിന്ദുവിരുദ്ധരും മുസ്‌ലിം പക്ഷപാതികളുമാണ് കോൺഗ്രസ് എന്നതാണ് ബി.ജെ.പി. യുടെ പ്രചാരണം. മൃദുഹിന്ദുത്വ നിലപാടുകളിലൂടെ അതിനെ മറികടക്കാനാണ് കോൺഗ്രസിന്റെ ശ്രമം.

ബി.ജെ.പി.-17  കോൺഗ്രസ്-12
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വോട്ട് 40.9 ശതമാനം ആയി ഉയർന്നപ്പോൾ ബി.ജെ.പി.ക്ക്‌ കിട്ടിയത് 41.0 ശതമാനം. നിയമസഭാതിരഞ്ഞെടുപ്പിന്റെവോട്ടു നില അതേപോലെ ആവർത്തിച്ചാൽ സംസ്ഥാനത്ത് ബി.ജെ.പി.ക്ക് 17 സീറ്റും കോൺഗ്രസിന് 12 സീറ്റും കിട്ടുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ, 22 സീറ്റിൽ ജയിക്കുമെന്ന് മുഖ്യമന്ത്രി കമൽനാഥ് പറയുന്നു. കഴിഞ്ഞതവണ കിട്ടിയ 27 സീറ്റും നിലനിർത്തുമെന്നാണ് ബി.ജെ.പി.യുടെ അവകാശവാദം.
 സംസ്ഥാനത്തെ 13 സീറ്റിലെ വോട്ടെടുപ്പ് രണ്ടുഘട്ടങ്ങളിലായി പൂർത്തിയായി. ബാക്കിയുള്ള 16 സീറ്റിൽ  12, 19 തീയതികളിലാണ് വോട്ടെടുപ്പ്.

Content Highlights: Madhyapradesh-loksabha election-bjp-congress