ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഏറ്റവും നിര്‍ണായകം എന്ന് വിശേഷിപ്പിക്കപ്പെട്ട സംസ്ഥാനമാണ് മധ്യപ്രദേശ്. ബി.ജെ.പിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്നു എന്നതിനപ്പുറം ലോക്‌സഭ തിരഞ്ഞെടുപ്പിന് അല്‍പം മുന്‍പ് മാത്രം നടന്ന നിയമസഭ തിരഞ്ഞെടുപ്പും അതില്‍ കോണ്‍ഗ്രസ് നേടിയ അട്ടിമറി വിജയവും മധ്യപ്രദേശിനെ ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ നിര്‍ണായക കേന്ദ്രമാക്കി മാറ്റി. എന്നാല്‍ കോണ്‍ഗ്രസിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് അതി ശക്തമായ തിരിച്ചുവരവാണ് ബി.ജെ.പി നടത്തിയിരിക്കുന്നത്. കമല്‍നാഥിന്റെ സ്വന്തം ചിന്ദ്വാരയില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്.

അമിത ആത്മവിശ്വാസമാണ് കോണ്‍ഗ്രസിന് മധ്യപ്രദേശില്‍ വിനയായത്. നിയമസഭ തിരഞ്ഞെടുപ്പില്‍ കമല്‍നാഥിന്റെ നേതൃത്വത്തില്‍ നേടിയ വിജയം ആവര്‍ത്തിക്കാമെന്ന് അവര്‍ വ്യാമോഹിച്ചു. പക്ഷെ രാജ്യത്താകമാനം വീശിയടിച്ച മോദി തരംഗവും സംസ്ഥാനത്ത് ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും ബി.ജെ.പി വിജയം പൂര്‍ണമാക്കി. ബി.ജെ.പിയെ അതിന്റെ കോട്ടയില്‍ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഭോപ്പാലില്‍ മത്സരത്തിനിറങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് പരാജയപ്പെട്ടത് 3 ലക്ഷത്തോളം വോട്ടുകള്‍ക്കാണ്.

ഒന്നര ലക്ഷത്തോളം വോട്ടുകള്‍ക്കാണ് രാഹുല്‍ ഗാന്ധിയുടെ സ്വന്തം ജ്യോതിരാധിത്യ സിന്ധ്യ ഗുണയില്‍ പരാജയം ഏറ്റുവാങ്ങിയത്. 2014ല്‍ സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തില്‍ ഉള്ളപ്പോള്‍ നേടിയതിലും സീറ്റുകള്‍ ബി.ജെ.പിക്ക് ഇത്തവണ നേടാനായി. കോണ്‍ഗ്രസിനൊപ്പം മധ്യപ്രദേശില്‍ പരാജയം ഏറ്റുവാങ്ങിയത് രാഹുല്‍ ഗാന്ധിയുടെ തന്ത്രങ്ങള്‍ കൂടിയാണ്. കടമെഴുതി തള്ളലും കമല്‍നാഥിന്റെ ഭരണമികവും ഒന്നും കോണ്‍ഗ്രസിനെ തുണച്ചില്ല. ഹിന്ദി ഹൃദയ ഭൂമികയിലെ നിര്‍ണായക സംസ്ഥാനത്ത് കാലിടറുകതന്നെ ചെയ്തു.

മധ്യപ്രദേശിലെ ബി.ജെ.പി വിജയങ്ങള്‍ക്ക് പിന്നില്‍ മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ്. തിരഞ്ഞെടുപ്പില്‍ നേരിട്ട് ഭാഗമായില്ലെങ്കിലും നയിച്ചത് ചൗഹാന്‍ തന്നെയായിരുന്നു. തന്ത്രങ്ങള്‍ ലക്ഷ്യം കണ്ടു കഴിഞ്ഞു. ഇനി ചൗഹാന്റെ ലക്ഷ്യം സംസ്ഥാന സര്‍ക്കാരാണ്. കഴിഞ്ഞ വര്‍ഷം കൈവിട്ട മുഖ്യമന്ത്രി കസേരയും..

content highlights: Madhya Pradesh, Election Results 2019, BJP, Congress